ലോകകപ്പിലെ നാലാം റൗണ്ട് മല്‍സരങ്ങള്‍ ക്ലൈമാക്‌സിലേക്കു കടന്നിരിക്കുകയാണ്. ആവേശകരമായ ചില പോരാട്ടങ്ങള്‍ക്കാണ് ടൂര്‍ണമെന്റ് ഇതിനകം സാക്ഷിയായത്. അതിനിടെ ടൂര്‍ണമെന്റിലെ ചില രസകരമായ ഒരു സ്റ്റാറ്റസ് പുറത്തു വന്നിരിക്കുകയാണ്. ഒരു ബാറ്ററെ സംബന്ധിച്ച് തീര്‍ച്ചയായും അത്ര അഭിമാനിക്കാന്‍ വക നല്‍കുന്നതല്ല ഈ സ്റ്റാറ്റസെന്നു ഉറപ്പിച്ച പറയാം. ലോകകപ്പില്‍ ഇത്തവണ ഏറ്റവുമധികം ഡോട്ട് ബോളുകള്‍ കളിച്ചിട്ടുള്ള ബാറ്റര്‍മാരുടെ ലിസ്റ്റാണ് പുറത്തു വന്നിരിക്കുന്നത്.
മോശം റെക്കോര്‍ഡിന്റെ ലിസ്റ്റിലെ ഒന്നാമന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനാണ്. നാലു മല്‍സരങ്ങളിലായി അദ്ദേഹം കളിച്ചത് 130 ഡോട്ട് ബോളുകളാണ്. എന്നാല്‍ റിസ്വാന്റെ ഒന്നാംസ്ഥാനം എപ്പോള്‍ വേണമെങ്കിലും തെറിച്ചേക്കാം. കാരണം ഇന്ത്യയുടെ ഇതിഹാസ ബാറ്ററും റണ്‍മെഷീനുമായ വിരാട് കോലി തൊട്ടു താഴെ തന്നെയുണ്ട്. 126 ഡോട്ട് ബോളുകളാണ് അദ്ദേഹം ഇതിനകം കളിച്ചിട്ടുള്ളത്. അഫ്ഗാനിസ്താന്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. 114 ഡോട്ട് ബോളുകള്‍ അദ്ദേഹം കളിച്ചുകഴിഞ്ഞു.

ഷാഹിദിക്കു തൊട്ടരികിലായി നാലാംസ്ഥാനത്തു ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഡെവന്‍ കോണ്‍വേയുണ്ട്. 113 ഡോട്ട് ബോളുകളാണ് അദ്ദേഹം കളിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണിങ് ജോടികളായ മിച്ചെല്‍ മാര്‍ഷും ഡേവിഡ് വാര്‍ണറുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. മാര്‍ഷ് 107 ഡോട്ട് ബോളുകള്‍ കളിച്ചപ്പോള്‍ വാര്‍ണര്‍ക്കു 106 ബോളുകളില്‍ റണ്ണൊന്നും നേടാനായില്ല.
അതേസമയം, ലോകകപ്പില്‍ ഇത്തവണ ഏറ്റവുമധികം ഡോട്ട് ബോളുകളെറിഞ്ഞ ബൗളര്‍മാരിലെ കിങ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. മറ്റു ബൗളര്‍മാരേക്കാള്‍ ഈ ലിസ്റ്റില്‍ അദ്ദേഹം ബഹുദൂരം മുന്നിലാണ്. 154 ഡോട്ട് ബോളുകളാണ് ബുംറ ഇതിനകം എറിഞ്ഞിട്ടുള്ളത്. 150ന് മുകളില്‍ ഡോട്ട് ബോളുകളെറിഞ്ഞ ഏക താരവും ബുംറ തന്നെയാണ്.
ലിസ്റ്റിലെ രണ്ടാമന്‍ ന്യൂസിലാന്‍ഡിന്റെ ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ്. 132 ഡോട്ട് ബോളുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. മൂന്നാംസ്ഥാനം രണ്ടു പേര്‍ ചേര്‍ന്നു പങ്കിടുകയാണ്. 131 ഡോട്ട് ബോളുകള്‍ വീതമെറിഞ്ഞ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡുമാണ് ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്.

ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് 129 ഡോട്ട് ബോളുകളുമായി നാലാമതുണ്ട്. അഞ്ചാംസ്ഥാനത്തിനു രണ്ടു അവകാശികളുണ്ട്. ഓസ്‌ട്രേലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്കും ന്യൂസിലാന്‍ഡ് സ്പിന്നര്‍ മിച്ചെല്‍ സാന്റ്‌നറുമാണിത്. ഇരുവരും റണ്‍ വഴങ്ങാതെ 116 ബോളുകളെറിഞ്ഞിട്ടുണ്ട്.
കൂടുതല്‍ ഡോട്ട് ബോളുകള്‍ കളിച്ചവരില്‍ തലപ്പത്തു നില്‍ക്കുന്ന റിസ്വാന്‍ തന്നെയാണ് റണ്‍വേട്ടയിലും ഒന്നാംസ്ഥാനത്ത് എന്നതാണ് കൗതുകകരമായ കാര്യം. നാലു ഇന്നിങ്‌സുകളില്‍ നിന്നും 98 ശരാശരിയില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 294 റണ്‍സാണ്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമാണിത്. ശ്രീലങ്കയ്‌ക്കെതിരേ പാകിസ്താന്‍ റെക്കോര്‍ഡ് റണ്‍ചേസ് നടത്തിയ കളിയില്‍ പുറത്താവാതെ നേടിയ 131 റണ്‍സാണ് റിസ്വാന്റെ ഉയര്‍ന്ന സ്‌കോര്‍.
ഈ ലിസ്റ്റിലെ മൂന്നാമന്‍ കോലിയാണ്. നാല് ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം അടിച്ചടുത്തത് 259 റണ്‍സാണ്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്. ബംഗ്ലാദേശുമായുള്ള അവസാന മാച്ചിലായിരുന്നു കോലി തന്റെ 48ാമത്തെ ഏകദിന സെഞ്ച്വറി കുറിച്ചത്. അന്നു അദ്ദേഹം പുറത്താവാതെ 103 റണ്‍സെടുക്കുകയായിരുന്നു.