ഇന്ത്യക്കുവേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇനി കളിക്കില്ലെന്നു എല്ലാവരും ഉറപ്പിച്ചു കഴിഞ്ഞ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനു വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ സര്‍പ്രൈസ് കോള്‍ ലഭിച്ചേക്കും നിലവില്‍ ടെസ്റ്റില്‍ മാത്രമേ അദ്ദേഹത്തിനു ഇന്ത്യന്‍ ടീമില്‍ ഇടമുള്ളൂ. ഐസിസിയുടെ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കില്‍ നമ്പര്‍ വണ്‍ സ്ഥാനത്തും അശ്വിനാണ്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അദ്ദേഹം അവസാനമായി കളിച്ചത്.
പക്ഷെ ടൂര്‍ണമെന്റില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ താരത്തിനായില്ല. ലോകകപ്പിനു ശേഷം ടീമില്‍ സ്ഥാനം നഷ്ടമായ അശ്വിന്‍ പിന്നീടൊരിക്കലും തിരിച്ചുവിളിക്കപ്പെട്ടതുമില്ല. 2022 ജനുവരിയില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടിലായിരുന്നു അശ്വിന്‍റെ അവസാന ഏകദിനം. അതിനു ശേഷം ഒരിക്കല്‍പ്പോലും ഏകദിന ഫോര്‍മാറ്റിലേക്കു 36കാരനായ താരം പരിഗണിക്കപ്പെട്ടിട്ടുമില്ല.

എന്നാല്‍ വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ ആലോചിക്കുകയാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാര്‍മാന്‍ അജിത് അഗാര്‍ക്കര്‍. 2011ല്‍ എംഎസ് ധോണിക്കു കീഴില്‍ അവസാനമായി നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ അശ്വിന്‍ ടീമിന്റെ ഭാഗമായിരുന്നു. ഇതിനകം 113 ഏകദിനങ്ങളില്‍ കളിച്ചു കഴിഞ്ഞ അദ്ദേഹം 151 വിക്കറ്റുകളുമെടുത്തിട്ടുണ്ട്.
ധോണി നായകനായിരിക്കെ മൂന്നു ഫോര്‍മാറ്റുകളിലും ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു അശ്വിന്‍. ഇന്നിങ്‌സിലെ ആദ്യ ഓവറുകള്‍ പോലും പലപ്പോഴും അശ്വിനു നല്‍കി ധോണി പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. എന്നാല്‍ ധോണിക്കു ശേഷം വിരാട് കോലി ക്യാപ്റ്റനായി വന്നതോടെ അശ്വിന്റെ കരിയറിനും തിരിച്ചടികള്‍ നേരിട്ടു. പിന്നീട് അദ്ദേഹത്തിനു ടെസ്റ്റില്‍ മാത്രമായി ഒതുങ്ങേണ്ടി വരികയുമായിരുന്നു.
വരാനിരിക്കുന്ന ലോകകപ്പില്‍ അശ്വിനെ എന്തുകൊണ്ടാണ് പുതിയ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുന്നത് എന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കാം. ലോകകപ്പിനു ഇന്ത്യക്കു മികച്ചൊരു ഓഫ് സപിന്നര്‍ ഇല്ലെന്നതാണ് ആദ്യത്തെ കാരണം. 100ലേറെ മല്‍സരങ്ങളില്‍ കളിച്ച് പരിചയമുള്ള ഒരു ഓഫ് സ്പിന്നറുടെ സാന്നിധ്യം ലോകകപ്പ് പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ ഇംപാക്ട് സൃഷ്ടിക്കും.
ഇന്ത്യന്‍ പിച്ചുകളില്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അശ്വിനെ ലോകകപ്പില്‍ അതു ഏറെ സഹായിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അശ്വിനെക്കൂടാതെ പരിഗണിക്കാവുന്ന മറ്റൊരു ഓഫ് സ്പന്നര്‍ വാഷിങ്ടണ്‍ സുന്ദറാണ്. പക്ഷെ അദ്ദേഹം ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ ഉള്‍പ്പെട്ടതിനാല്‍ ലോകകപ്പില്‍ കളിക്കാന്‍ സാധിക്കില്ല.
അശ്വിനെ പരിഗണിക്കാനുള്ള രണ്ടാമത്തെ കാരണം ഏതു വിധേനയും ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കുകയെന്ന ലക്ഷ്യമാണ്. കോച്ച് രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയക്കും ലോകകപ്പ് അവസാനത്തെ പിടിവള്ളിയാണ്. കിരീടം നേടാനായില്ലെങ്കില്‍ രണ്ടു പേരുടെയും സ്ഥാനം തെറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റ് സ്വന്തം നാട്ടിലായതിനാല്‍ കിരീടം നേടാന്‍ ഇതിലും നല്ലൊരു അവസരം ഇനി ലഭിക്കില്ലെന്നും ബിസിസിഐ കരുതുന്നു.

ലോകകപ്പോടെയാണ് ദ്രാവിഡുമായുള്ള കരാര്‍ അവസാനിക്കുന്നത്. കോച്ച് സ്ഥാനത്തു അദ്ദേഹത്തിന്റെ കരാര്‍ പുതുക്കണമോയെന്നതിനെക്കുറിച്ച് ലോകകപ്പിനു ശേഷമായിരിക്കും ബിസിസിഐ തീരുമാനിക്കുക. അശ്വിനു അധികം വിക്കറ്റുകളെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും റണ്‍സ് വിടുകൊടുക്കാതെ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയും. ഇതു മറ്റു ബൗളര്‍മാരെ വിക്കറ്റെടുക്കാന്‍ സഹായിക്കുകയും ചെയ്യും.
ഏകദിനത്തില്‍ 4.94 എന്ന മികച്ച ഇക്കോണമി റേറ്റാണ് അശ്വിന്റേത്. ഓള്‍റൗണ്ടര്‍മാരായി ഇന്ത്യക്കു അധികം ഓപ്ഷനുകളില്ലെന്നതാണ് ലോകകപ്പില്‍ അശ്വിനെ പരിഗണിക്കാനുള്ള അടുത്ത കാരണം. 2011ലെ ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ബാറ്റിങിനൊപ്പം ബൗളിങ് കൂടി ചെയ്യാന്‍ ശേഷിയുള്ള വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ്, യൂസുഫ് പഠാന്‍, സുരേഷ് റെയ്‌ന തുടങ്ങിവരെല്ലാം ടീമിന്റെ ഭാഗമായിരുന്നു.
പക്ഷെ നിലവിലെ ഇന്ത്യന്‍ ടീമില്‍ ടോപ്പ് ഫൈവിലെ ആരും അതിനു സാധിക്കുന്നവരല്ല. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ മാത്രമേ ഓള്‍റൗണ്ടര്‍മാരായുള്ളൂ.
ലോകകപ്പിന്റെ വേദികളിലും പലതും സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നതാണ് എന്നതാണ് അശ്വിനെ പരിഗണിക്കാനുള്ള അടുത്ത കാരണം. ഒമ്പതു വേദികളില്‍ ചെന്നൈ, കൊല്‍ക്കത്ത, മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ എന്നിവയെല്ലാം സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചുകളാണ്. അതുകൊണ്ടു തന്നെ അശ്വിന്‍ ടീമിലുണ്ടെങ്കില്‍ അതു ഏറെ സഹായമാവുകയും ചെയ്യും.