ഐസിസിയുടെ ഏകദിന ലോകകപ്പിനു ആരവമുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രങ്ങള്‍ ശേഷിക്കെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളറും മലയാളിയുമായ ശ്രീശാന്ത്. ചില സര്‍പ്രൈസുകളുമായിട്ടാണ് അദ്ദേഹം ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. ചില വമ്പന്‍ താരങ്ങള്‍ ശ്രീയുടെ ഇലവനില്‍ നിന്നും തഴയപ്പെടുകയും ചെയ്തിട്ടുണ്ട്.
മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്, ഇന്ത്യ ജേതാക്കളായ രണ്ടു ലോകകപ്പുകളിലും (ടി20, ഏകദിനം) ഫൈനലില്‍ ടോപ്‌സ്‌കോററായിരുന്ന ഗൗതം ഗംഭീര്‍ എന്നിവര്‍ക്കൊന്നും ഇലവനില്‍ ഇടം ലഭിച്ചില്ല. കൂടാതെ നിലവില്‍ പേസ് ബൗളിങില്‍ ടീമിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയെയും ശ്രീശാന്ത് തന്റെ ഇലവനില്‍ നിന്നുമൊഴിവാക്കി. ബുംറയ്ക്കു പകരം ഇലവനിലെ രണ്ടാമത്തെ ഫാസ്റ്റ് ബൗളറായി സ്വന്തം പേര് തന്നെ ശ്രീ ഉള്‍പ്പെടുത്തി എന്നതാണ് ഏറ്റവും വലിയ കൗതുകം.

സെവാഗ്, ഗംഭീര്‍, ബുംറ എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ള ഒട്ടുമിക്ക മികച്ച കളിക്കാരും അദ്ദേഹത്തിന്റെ ഇലവന്റെ ഭാഗമാണ്. നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ വെറും രണ്ടു പേരെ മാത്രമേ ശ്രീശാന്ത് ഇലവനിലെടുത്തുള്ളൂ. ബാക്കിയുള്ളവരെല്ലാം മല്‍സരരംഗത്തു നിന്നും വിരമിച്ചവരാണ്.
മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും നിലവിലെ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ രോഹിത് ശര്‍മയുമാണ് ശ്രീയുടെ ഇലവനിലെ ഓപ്പണര്‍മാര്‍. ഇന്ത്യക്കു വേണ്ടി പല സ്‌ഫോടനാത്മക ഇന്നിങ്‌സുകളും നേരത്തേ കളിച്ചിട്ടുള്ള സെവാഗിനെ തഴഞ്ഞാണ് സച്ചിന്റെ ബാറ്റിങ് പങ്കാളിയായി ഹിറ്റ്മാനെ അദ്ദേഹം കൊണ്ടു വന്നത്.
മൂന്നാം നമ്പറില്‍ ആരു വേണമെന്ന കാര്യത്തില്‍ ശ്രീക്കു സംശയമില്ലായിരുന്നു. ആധുനിക ക്രിക്കറ്റിലെ ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയാണ് മൂന്നാം നമ്പറിലുള്ളത്. നാലാമനായി ശ്രീ ഇലനിലേക്കു തിരഞ്ഞെടുത്തത് മുന്‍ ക്യാപ്റ്റനും ഇടംകൈയന്‍ ബാറ്ററുമായ സൗരവ് ഗാംഗുലിയെയാണ്.
അഞ്ചാം നമ്പറില്‍ ശ്രീ തിരഞ്ഞെടുത്തത് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനെയാണ്. 2011ല്‍ ഇന്ത്യ അവസാനമായി ചാംപ്യന്‍മാരായ ഏകദിന ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കൂടിയായിരുന്നു യുവി. ആറാം നമ്പറില്‍ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണുള്ളത്.

പക്ഷെ ഇലവന്റെ ക്യാപ്റ്റന്‍ ധോണിയല്ല എന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്. രണ്ടു ലോകകപ്പടക്കം ഇന്ത്യയെ മൂന്നു ഐസിസി ടൂര്‍ണമെന്റുകളില്‍ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനാണ് ധോണി. പക്ഷെ 1983ല്‍ ഇന്ത്യയെ ആദ്യമായി ലോക കിരീടത്തിലേക്കു നയിച്ച മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവിനെയാണ് ഓള്‍ടൈം ഇലവന്റെ ക്യാപ്റ്റനായി ശ്രീ തിരഞ്ഞെടുത്തത്.
രണ്ടു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരാണ് ശ്രീയുടെ ഇലവനില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മുന്‍ ഇതിഹാസ സ്പിന്‍ ജോടികളായ അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങുമാണ് ഇലവനു വേണ്ടി സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക.
ഇലവനില്‍ തുടര്‍ന്നുള്ളത് രണ്ടു സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാരാണ്. ഒരാള്‍ മുന്‍ ഇതിഹാസ പേസര്‍ സഹീര്‍ ഖാനാണെങ്കില്‍ അടുത്തയാളായി സ്വന്തം പേര് തന്നെ ശ്രീശാന്ത് ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ടീമിലെ 12ാമനായി തിരഞ്ഞെടുത്തത് മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയെയായിരുന്നു.
ശ്രീശാന്തിന്റെ ഓള്‍ടൈം ലോകകപ്പ് ഇലവന്‍
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോലി, സൗരവ് ഗാംഗുലി, യുവരാജ് സിങ്, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), കപില്‍ ദേവ് (ക്യാപ്റ്റന്‍), ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ, സഹീര്‍ ഖാന്‍, ശ്രീശാന്ത്.
12ാമന്‍- പ്രഗ്യാന്‍ ഓജ.