ലോകകപ്പ് പോരാട്ടങ്ങള്‍ നാലാം റൗണ്ടിലേക്കു പ്രവേശിക്കവെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള താരങ്ങളെ പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വഖാര്‍ യൂനിസ്. മൂന്നു കളിക്കാരെയാണ് പുരസ്‌കാരത്തിനു ഫേവറിറ്റുകളായി അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ സ്വന്തം ടീമായ പാകിസ്താനില്‍ നിന്നും ആരെയും വഖാര്‍ ഉള്‍പ്പെടുത്തിയില്ലെന്നതു ശ്രദ്ധേയമാണ്. പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള മൂന്നു പേരില്‍ രണ്ടും ഇന്ത്യന്‍ താരങ്ങളാണ്. ശേഷിച്ച ഒരാളാവട്ടെ ന്യൂസിലാന്‍ഡിന്റെ താരവുമാണ്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നര്‍ എന്നിവരെയാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ഫേവറിറ്റുകളായി വഖാര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മൂന്നു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ സ്വന്തം ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങള്‍ കൂടിയാണ് മൂവരും. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിമല്‍ കുമാറിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിനെ വഖാര്‍ തിരഞ്ഞെടുത്തത്.

ബാറ്റര്‍, പേസര്‍, സ്പിന്നര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവാന്‍ സാധ്യതയുള്ള ഓരോ താരങ്ങളെയാണ് ഷോയില്‍ മുന്‍ പാക് ഇതിഹാസം പ്രവചിച്ചത്. പേസര്‍മാരില്‍ ഒരാള്‍ മികച്ച താരമാവുകയാണെങ്കില്‍ അതു ബുംറയായിരിക്കുമെന്നാണ് വഖാറിന്റെ പ്രവചനം. ബുംറ വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഷഹീന്‍ അഫ്രീഡിയും നല്ല ബൗളറാണ്. പക്ഷെ കുറേക്കൂടി മികച്ച പ്രകടനം നടത്തുന്നത് ബുംറയാണെന്നും വഖാര്‍ പറയുന്നു.
നിലവില്‍ ഇന്ത്യക്കു വേണ്ടി ടൂര്‍ണമന്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയിരിക്കുന്നത് ബുംറയാണ്. മാത്രമല്ല കൂടുതല്‍ വിക്കറ്റെടുത്തവരില്‍ മൂന്നാംസ്ഥാനത്തും അദ്ദേഹമുണ്ട്. മൂന്നു മല്‍സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റുകളാണ് ബുംറ പിഴുതത്. ഒരു നാലു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടും.
സ്പിന്നര്‍മാരില്‍ ന്യൂസിലാന്‍ഡിന്റെ സാന്റ്‌നറാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം സാധ്യതയുള്ള താരമെന്നു അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് സാന്റ്‌നര്‍. നാലു ഇന്നിങ്‌സുകളില്‍ നിന്നും 15.09 ശരാശരിയില്‍ 11 വിക്കറ്റുകളാണ് കിവി താരത്തിന്റെ സമ്പാദ്യം. ഒരു ഫൈഫറുള്‍പ്പെടെയാണ് സാന്റ്‌നര്‍ ഇത്രയും വിക്കറ്റുകള്‍ പിഴുതത്.

ബാറ്റര്‍മാരില്‍ പലരും മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പാകിസ്താനു വേണ്ടി മുഹമ്മദ് റിസ്വാനും നല്ല ബാറ്റിങാണ് കാഴ്ചവയ്ക്കുന്നത്. ബാറ്റിങ് വിക്കറ്റുകളായതിനാല്‍ തന്നെ ഒരുപാട് റണ്‍സ് ടൂര്‍ണമെന്റില്‍ പ്രതീക്ഷിക്കാം. ബാറ്റര്‍മാരില്‍ ആരാവും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റെന്നു പ്രവചിക്കുക അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്.
എങ്കിലും ഒരു ഓപ്പണറായിരിക്കും മികച്ച താരത്തിനുള്ള പുരസ്‌കാരം നേടുകയെന്നു ഞാന്‍ കരുതുന്നു. ഓപ്പണര്‍മാരില്‍ രോഹിത് ശര്‍മ തന്നെയാവും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവുകയെന്നു തനിക്കു തോന്നുന്നതായും വഖാര്‍ കൂട്ടിച്ചേര്‍ത്തു. 2019ലെ അവസാനത്തെ ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികളടക്കം നേടി റണ്‍സ് വാരിക്കൂട്ടിയ താരമാണ് രോഹിത്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും ഹിറ്റ്മാനായിരുന്നു.
ഇത്തവണയും അദ്ദേഹം മിന്നുന്ന ഫോമിലാണ്. ഓസ്‌ട്രേലിയയുമായുള്ള ആദ്യ മല്‍സരത്തില്‍ ഡെക്കായെങ്കിലും അടുത്ത രണ്ടു മല്‍സരങ്ങളിലും രോഹിത് കസറി. അഫ്ഗാനിസ്താനെതിരേ 131 റണ്‍സുമായാണ് അദ്ദേഹം ടീമിന്റെ വിജയശില്‍പ്പിയായി മാറിയത്. ചിരവൈരികളായ പാകിസ്താനെതിരായ മൂന്നാം റൗണ്ട് മല്‍സരത്തില്‍ 63 ബോളില്‍ 86 റണ്‍സും രോഹിത് വാരിക്കൂട്ടിയിരുന്നു.