ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍ തങ്ങള്‍ തന്നെയാണെന്നു അടിവരയിട്ട് ടീം ഇന്ത്യയുടെ സ്വപ്‌നതുല്യമായ പടയോട്ടം തുടരുകയാണ്. കളിച്ച എട്ടു മല്‍സരങ്ങളിലും ജയിച്ച് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഇന്ത്യ നേരത്തേ തന്നെ സെമി ഫൈനല്‍ ബെര്‍ത്തും ഉറപ്പിച്ചിരുന്നു. ഇന്ത്യക്കും മൂന്നാമത്തെ ഏകദിന ലോക കിരീടത്തിനുമിടയില്‍ ഇനി വെറും മൂന്നു മല്‍സരങ്ങളുടെ ദൂരം മാത്രമേയുള്ളൂ.
അപരാജിത റെക്കോര്‍ഡ് കാത്തൂസൂക്ഷിച്ച് ഇന്ത്യ ഇനി ലോക കിരീടമുയര്‍ത്തുമോയെന്നാണ് അറിയാനുള്ളത്. ലോകകപ്പില്‍ ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണായക പങ്കു വഹിക്കുകയും പക്ഷെ മതിയായ ക്രെഡിറ്റ് ലഭിക്കാതിരിക്കുകയും ചെയ്യുന്ന രണ്ടു താരങ്ങളുണ്ട്. ഈ തരത്തില്‍ ടീമിലെ വാഴ്ത്തപ്പെടാത്ത രണ്ടു ഹീറോസ് ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഒരാള്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയാണ്. എല്ലാ തരത്തിലും ടീമിനെ മുന്നില്‍ നിന്നും നയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ഓപ്പണിങ് ബാറ്ററെന്ന നിലയില്‍ രോഹിത്തിന്റെ നിര്‍ഭയമായ സമീപനം തുടക്കത്തില്‍ തന്നെ എതിരാളികളെ ബാക്ക്ഫൂട്ടിലാക്കാന്‍ ഇന്ത്യയെ സഹായിക്കുന്നു.
വ്യക്തിഗത നേട്ടങ്ങള്‍ നോക്കാതെ എല്ലായ്‌പ്പോഴും ടീമിനു വേണ്ടി കളിക്കുന്ന നിര്‍ഭയനായ രോഹിത്തിനെയാണ് ഇതുവരെയുള്ള മല്‍സരങ്ങളില്‍ കണ്ടത്. എത്ര മികച്ച ബൗളിങ് ആക്രമണത്തെയും കൂസലില്ലാതെ നേരിടുന്ന അദ്ദേഹം ആദ്യ പവര്‍പ്ലേയുടെ ആനുകൂല്യം ശരിക്കും മുതലെടുത്ത് ടീമിനു സ്വപ്‌നതുല്യമായ തുടക്കമാണ് നല്‍കുന്നത്. ഇതു പിന്നീട് ക്രീസിലേക്കു വരുന്ന ബാറ്റര്‍മാരെ സമയമെടുത്ത് നിലയുറപ്പിക്കാന്‍ സഹായിക്കുകയും ചെയ്തിരുന്നു.
വ്യക്തിഗത നേട്ടം നോക്കിയാല്‍ വലിയ സ്‌കോറുകള്‍ രോഹിത്തില്‍ നിന്നും ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല. പക്ഷെ അദ്ദേഹമെടുത്തുന്ന 40-60 റണ്‍സ് പോലും കളിയിലുണ്ടാക്കുന്ന ഇംപാക്ട് വളരെ വലുതാണ്. ആദ്യ ബോൾ മുതല്‍ ആഞ്ഞടിക്കാന്‍ മടിയില്ലാത്ത അദ്ദേഹം വളരെ അനായാസമാണ് ഫോറുകളും സിക്‌സറുകളുമെല്ലാം വാരിക്കൂട്ടുന്നത്. അതുകൊണ്ടു തന്നെ ടീമിലെ പകരം വയ്ക്കാനില്ലാത്ത ഹീറോയെന്നു തന്നെ ഹിറ്റ്മാനെ നമുക്കു വിശേഷിപ്പിക്കാം.

രോഹിത്തിനെക്കൂടാതെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുന്ന ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വാഴ്ത്തപ്പെടാത്ത മറ്റൊരു ഹീറോ. ബാറ്റിങില്‍ രോഹിത് ഓരോ കളിയിലും എത്ര മാത്രം ഇംപാക്ടുണ്ടാക്കുന്നോ, ബൗളിങില്‍ അത്ര തന്നെ ഇംപാക്ടുണ്ടാക്കാന്‍ ബുംറയ്ക്കും ഇതിനകം സാധിച്ചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ബൗളിങിന്റെ നട്ടെല്ലെന്നു തന്നെ ബുംറയെ വിശേഷിപ്പിക്കാം.
ഏതു തരത്തിലുള്ള പിച്ചായാലും അവിടെ മാജിക്കല്‍ പ്രകടനം നടത്തി എതിര്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കാന്‍ ബുംറയ്ക്കു കഴിയുന്നു. മറ്റു ബൗളര്‍മാരില്‍ നിന്നും അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നതും ഇതു തന്നെയാണ്. മികച്ച സ്വിങ്, സീം എന്നിവയ്‌ക്കൊപ്പം പിച്ചുകളില്‍ നിന്നും വേഗതയും എക്‌സ്ട്രാ ബൗണ്‍സുമെല്ലാം സൃഷ്ടിക്കാന്‍ ബുംറയ്ക്കു കഴിയുന്നു.
ആദ്യ ഓവറില്‍ തന്നെ ബുംറ എതിര്‍ ടീം ഓപ്പണര്‍മാരെ പ്രതിരോധത്തിലാക്കുന്നത് പിന്നീട് പന്തെറിയുന്ന മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരെ വിക്കറ്റുകളെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ബുംറയുടെ കണിശതയാര്‍ന്ന ഓവറുകള്‍ കാരണം മറ്റു ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ ബാറ്റര്‍മാര്‍ നിര്‍ബന്ധിതരാവുകയാണ്. ഈ കാരണത്താല്‍ തന്നെയാണ് ബൗളിങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി അദ്ദേഹം മാറുന്നത്. ന്യൂബോള്‍ കൊണ്ടു മാത്രമല്ല മധ്യ ഓവറുകളിലും പവര്‍പ്ലേയിലുമെല്ലം ഒരുപോലെ മികച്ച പ്രകടനമാണ് ബുംറ കാഴ്ചവയ്ക്കുന്നത്.