ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ചീഫ് സെലക്ടറും വിക്കറ്റ് കീപ്പറുമായ എംഎസ്‌കെ പ്രസാദ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയിലായിരുന്നു ലോകകപ്പിനുള്ള തന്റെ 15 അംഗ സ്‌ക്വാഡില്‍ ആരൊക്കെ വേണമെന്നു അദ്ദേഹം നിര്‍ദേശിച്ചത്. 2019ലെ അവസാനത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തത് പ്രസാദായിരുന്നു.
അന്നു പരിചയസമ്പന്നനായ അമ്പാട്ടി റായുഡുവിനെ തഴഞ്ഞ് യുവ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ടീമിലെടുത്തതിന്റെ പേരില്‍ അദ്ദേഹം ഏറെ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. ബാറ്റിങിനൊപ്പം ബൗളിങിലും വിജയ് മുതല്‍ക്കൂട്ടാവുമെന്നു ചൂണ്ടിക്കാട്ടിയ പ്രസാദ് ത്രീഡി പ്ലെയറെന്നു താരത്തെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ വിജയ്‌യെ ടീമിലെടുത്ത നീക്കം വന്‍ പരാജയമായി മാറുകയായിരുന്നു.

ഇത്തവണത്തെ ലോകകപ്പിനായി പ്രസാദ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിലും ഒരു സര്‍പ്രൈസുണ്ടെന്നു കാണാം. വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് അദ്ദേഹത്തിന്റെ ലോകകപ്പ് സ്‌ക്വാഡിലെ സര്‍പ്രൈസ് താരം. നിലവില്‍ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിന്റെ ഭാഗമല്ല അശ്വിന്‍. മാത്രമല്ല കഴിഞ്ഞ വര്‍ഷമാദ്യം നടന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിനു ശേഷം ഏകദിനത്തില്‍ അദ്ദേഹം കളിച്ചിട്ടുമില്ല.
യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ പ്രസാദിന്റെ 15 അംഗ സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടില്ല എന്നതാണ് മറ്റൊരു കൗതുകം. ബാക്കപ്പ് താരമായിട്ടാണ് ഇഷാനെ അദ്ദേഹം ടീമിലെടുത്തിരിക്കുന്നത്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ടീമില്‍ നിന്നും പൂര്‍ണമായി തഴയപ്പെട്ടു. ഏകദിനത്തില്‍ വളരെ മോശം റെക്കോര്‍ഡായിരുന്നിട്ടും ടി20 സ്‌പെഷ്യലിസ്റ്റായ സൂര്യകുമാര്‍ യാദവിനെ പ്രസാദ് തന്റെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. മറ്റു കാര്യമായ സര്‍പ്രൈസുകളൊന്നും ടീമില്‍ ഇല്ല.

നായകന്‍ രോഹിത് ശര്‍മയും യുവ താരം ശുഭ്മന്‍ ഗില്ലുമാണ് പ്രസാദിന്റെ ടീമിലെ ഓപ്പണര്‍മാര്‍. മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിക്കൊപ്പം ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ എന്നിവരാണ് ടീമിലെ മറ്റു സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍. റിഷഭ് പന്തിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പിങിന്റെ ചുമതല കൂടി രാഹുലിനാണ്.
ഓള്‍റൗണ്ടര്‍മാരായി പ്രസാദ് ടീമിലെടുത്തിരിക്കുന്നത് വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരെയാണ്. ബൗളിങ് നിരയിലേക്കു വന്നാല്‍ രണ്ടു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരാണ് സ്‌ക്വാഡിലുള്ളത്. ഇതില്‍ അശ്വിനു ടീമില്‍ സ്ഥാനമുറപ്പാണ്.
രണ്ടാമത്തെ സ്പിന്നറായി കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരിലൊരാളെ ടീമിലെടുക്കാമെന്നു പ്രസാദ് അഭിപ്രായപ്പെട്ടു. മൂന്നു സ്‌പെഷ്യലിസ്റ്റ് പേസര്‍മാരാണ് ലോകകപ്പ് സ്‌ക്വാഡിലെ ശേഷിച്ചവര്‍. ജസ്പ്രീത് ബുംറ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുമ്പോള്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാണ് മറ്റു പേസര്‍മാര്‍.
എംഎസ്‌കെ പ്രസാദ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ലോകകപ്പ് ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് / യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ബാക്കപ്പ്- ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).