കിരീട ഫേവറിറ്റുകളും ആതിഥേയരുമായ ഇന്ത്യ ഉജ്ജ്വല ജയത്തോടെ ലോകകപ്പില്‍ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. മുന്‍ ചാംപ്യന്മാരായ ഓസ്‌ട്രേലിയയെ ചെപ്പോക്കില്‍ നടന്ന ആദ്യ കളിയില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യ കെട്ടുകെട്ടിച്ചത്. 200 റണ്‍സ് ചേസ് ചെയ്യവെ തുടക്കത്തില്‍ അഗ്നിപരീക്ഷ നേരിട്ടതൊഴിച്ചാല്‍ ഇന്ത്യയുടെ പ്രകടനം ആധികാരികമായിരുന്നു. മൂന്നു വിക്കറ്റിനു രണ്ടിലേക്കു വീണ ഇന്ത്യയെ രക്ഷിച്ചത് വിരാട് കോലി- കെഎല്‍ രാഹുല്‍ ജോടിയായിരുന്നു.
സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ സഖ്യം ഇന്ത്യയുടെ വിജയമുറപ്പിച്ച ശേഷമാണ് വേര്‍പിരിഞ്ഞത്. കോലി 85 റണ്‍സെടുത്ത് പുറത്തായപ്പോള്‍ രാഹുല്‍ പുറത്താവാതെ 97 റണ്‍സോടെ ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു. ഇന്ത്യയുടെ മൂന്നാമങ്കം നാളെ (ബുധന്‍) അഫ്ഗാനിസ്താനെതിരേയാണ്. ഈ മല്‍സരത്തില്‍ ഇന്ത്യക്കു ജയിക്കാനാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ ഇന്ത്യയുടെ യഥാര്‍ഥ അഗ്നിപരീക്ഷ ശനിയാഴ്ചയാണ്. ചിരവൈരികളായ പാകിസ്താനുമായാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച ഇന്ത്യ ഏറ്റുമുട്ടുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ പാകിസ്താനോടു തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഓസീസിനെതിരേ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന ചിലരെ പാകിസ്താനുമായുള്ള മല്‍സരത്തില്‍ കണ്ടേക്കില്ല. ഇവര്‍ ആരൊക്കെയാവുമെന്നു നമുക്കു നോക്കാം.
യുവതാരം ഇഷാന്‍ കിഷനാണ് പാകിസ്താനുമായുള്ള കളിയില്‍ പുറത്തിരിക്കാന്‍ സാധ്യതയുള്ള ഒരാള്‍. സ്ഥിരം ഓപ്പണറും ബാറ്റിങ് സെന്‍സേഷനുമയ ശുഭ്മന്‍ ഗില്ലിനു ഡെങ്കിപ്പനി കാരണം ഓസീസുമായുള്ള കളിയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ഇതോടെയാണ് ഇഷാനു ഇലവനില്‍ ഇടം ലഭിച്ചത്.
പക്ഷെ തനിക്കു ലഭിച്ച അവസരം താരം പാഴാക്കുകയായിരുന്നു. മിച്ചെല്‍ സ്റ്റാര്‍ക്കിനെതിരേ ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ ബോളില്‍ ലൂസ് ഷോട്ടിനു ശ്രമിച്ച് എഡ്ജായ ഇഷാന്‍ സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീനിനു സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു.
അഫ്ഗാനുമായുള്ള അടുത്ത മല്‍സരത്തിലും ഗില്‍ കളിക്കുന്നില്ല. അതുകൊണ്ടു തന്നെ ഇഷാന് ഒരു അവസരം കൂടി ലഭിക്കും. എന്നാല്‍ പാകിസ്താനുമായുള്ള കളിയില്‍ ഗില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെ വന്നാല്‍ ഇഷാന് സ്ഥാനം നഷ്ടമാവുകയും ചെയ്യും. മല്‍സരവേദിയായ അഹമ്മദാബാദില്‍ ഗംഭീര റെക്കോര്‍ഡുള്ള ബാറ്റര്‍ കൂടിയാണ് ഗില്‍.
വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് പാകിസ്താനെതിരേ പുറത്തിരിക്കാന്‍ ഇടയുള്ള രണ്ടാമത്തെ താരം. ചെപ്പോക്കില്‍ ഓസ്‌ട്രേലിയക്കെതിരേ അദ്ദേഹം നന്നായി ബൗള്‍ ചെയ്തിരുന്നു. 10 ഓവറില്‍ ഒരു മെയ്ഡനടക്കം 34 റണ്‍സിനു ഒരു വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ചെന്നൈയിലെ പിച്ച് സ്പിന്‍ ബൗളിങിനു ഏറെ അനുകൂലമായതിനാലാണ് മൂന്നാമത്തെ സ്പിന്നറായി അദ്ദേഹത്തെ കളിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

പക്ഷെ പാകിസ്താനുമായുള്ള കളി നടക്കുന്ന അഹമ്മദാബാദിലേതു മികച്ച ബാറ്റിങ് പിച്ചാണ്. അതുകൊണ്ടു തന്നെ പാകിസ്താനെതിരേ അദ്ദേഹത്തിനു കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞേക്കില്ല. അതിനാല്‍ അശ്വിനെ ഇന്ത്യ കളിപ്പിക്കാനും സാധ്യത തീരെ കുറവാണ്. പാകിസ്താനെതിരേ അശ്വിനു പകരം മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരിലൊരാളെ ഇന്ത്യ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വന്നേക്കും.
ശ്രേയസ് അയ്യരാണ് പാകിസ്താനെതിരേ സ്ഥാനം നഷ്ടമായേക്കാവുന്ന മൂന്നാമത്തെ താരം. ഓസ്‌ട്രേലിയക്കെതിരായ കളിയില്‍ അദ്ദേഹം വന്‍ ഫ്‌ളോപ്പായിരുന്നു. ജോഷ് ഹേസല്‍വുഡിനെതിരേ അശ്രദ്ധമായ ഷോട്ട് കളിച്ച ശ്രേയസ് കവര്‍ ഏരിയയില്‍ ഡേവിഡ് വാര്‍ണര്‍ക്കു സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു. അഫ്ഗാനുമായുള്ള അടുത്ത മല്‍സരം ശ്രേയസിനു നിര്‍ണായകമാണ്.
ഇതിലും ബാറ്റിങില്‍ ഫ്‌ളോപ്പായാല്‍ പാകിസ്താനെതിരേ അദ്ദേഹത്തെ ഇന്ത്യ ഒഴിവാക്കിയേക്കും. പകരം വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെയാണ് ടീമിലേക്കു കൊണ്ടുവന്നേക്കുക. അഹമ്മദാബാദില്‍ വളരെ മികച്ച റെക്കോര്‍ഡാണാണ് സ്‌കൈയുടേത്. ഏകദിനത്തില്‍ ഇവിടെ രണ്ടിന്നിങ്‌സുകളില്‍ നിന്നും 104 റണ്‍സെടുത്ത സൂര്യ അരങ്ങേറ്റ ടി20 കളിച്ചതും ഇവിടെയാണ്. കന്നി മല്‍സരത്തില്‍ 31 ബോളില്‍ 57 റണ്‍സും താരം സ്‌കോര്‍ ചെയ്തിരുന്നു.