ലോകകപ്പില്‍ വിജയത്തോടെ അക്കൗണ്ട് തുറന്ന ടീം ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയം തേടി ഡല്‍ഹിയിലെത്തി. അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ അപകടകാരികളായ അഫ്ഗാനിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍. അഞ്ചു തവണ ലോക ചാംപ്യന്മാരായ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിനു തകര്‍ത്തതിന്റെ ആവേശത്തിലാണ് രോഹിത് ശര്‍മയും സംഘവും. മറുഭാഗത്തു ആദ്യ റൗണ്ടിലെ ഏഷ്യന്‍ പോരില്‍ ബംഗ്ലാദേശിനോടു പരാജയമേറ്റു വാങ്ങിയ അഫ്ഗാന്‍ ഇന്ത്യക്കെതിരേ അട്ടിമറി വിജയമാണ് സ്വപ്‌നം കാണുന്നത്.
യുവ ഓപ്പണറും ഈ വര്‍ഷം ടീമിന്റെ റണ്‍ മെഷീനുമായ ശുഭ്മന്‍ ഗില്ലിന്റേ സേവനം അഫ്ഗാനെതിരേയും ഇന്ത്യക്കു ലഭിക്കില്ല. നേരത്തേ ഓസ്‌ട്രേലിയയുമായുള്ള ആദ്യ പോരാട്ടവും ഗില്ലിനു നഷ്ടമായിരുന്നു. ഡെങ്കിപ്പനി കാരണം ചെന്നൈയില്‍ തന്നെ ചികില്‍സയില്‍ കഴിയുകയാണ് താരം. ഡല്‍ഹിയിലെത്തിയ ഇന്ത്യന്‍ സംഘത്തിനൊപ്പം ഗില്‍ ഇല്ലായിരുന്നു. അഫ്ഗാനെതിരേ മാത്രമല്ല ശനിയാഴ്ച പാകിസ്താനെതിരേയുള്ള ക്ലാസിക്ക് പോരാട്ടവും താരത്തിനു നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗില്ലിന്റെ അഭാവത്തില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ഇടംകൈയന്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ തന്നെയായിരിക്കു അഫ്ഗാനെതിരേയും പ്ലെയിങ് ഇലവനിലുണ്ടാവുക. ചെപ്പോക്കില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തില്‍ ഇഷാന്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ലോകകപ്പില്‍ കന്നി മല്‍സരം കളിച്ച താരം ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുകയായിരുന്നു. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ബോളില്‍ ആഞ്ചു വീശിയ ഇഷാന്‍ എഡ്ജായ ശേഷം സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീനിനു ക്യാച്ച് സമ്മാനിക്കുകയായിരുന്നു.
ഓസീസുമായുള്ള മല്‍സരത്തിലെ ടീമിലെ ഒരു മാറ്റം വരുത്തിയാവും അഫ്ഗാനെതിരേ ഇന്ത്യ ഇറങ്ങിയേക്കുകയെന്നാണ് സൂചനകള്‍. ചെപ്പോക്കിലെ കഴിഞ്ഞ മല്‍സരത്തിലെ പിച്ച് സ്പിന്നര്‍മാരുടെ ഈറ്റില്ലമായിരുന്നു. പക്ഷെ ഡല്‍ഹിയിലെ പിച്ച് അല്‍പ്പം വ്യത്യസ്തമാണ്. വളരെ ബാലന്‍സായ ട്രാക്കുകളാണ് ഇവിടെ നേരത്തേ കണ്ടിട്ടുള്ളത്. ആദ്യത്തെ കുറച്ച് ഓവറുകളില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കു പിച്ചില്‍ നിന്നും സഹായം ലഭിക്കും. കൂടാതെ ന്യൂബോളില്‍ സ്വിങും ലഭിക്കുന്നതാണ് ഇവിടുത്തെ പിച്ച്. സ്പിന്നര്‍മാരെയും ഈ പിച്ച് നിരാശപ്പെടുത്തില്ല.

ചെന്നൈയിലെ പിച്ചിന്റെ സ്വഭാവം പരിഗണിച്ച് മൂന്നു സ്പിന്നര്‍മാരെ ഇന്ത്യ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയിരുന്നു. രണ്ടു ഫാസ്റ്റ് ബൗളര്‍മാരാണ് പേസ് ബൗളിങ് കൈകാര്യം ചെയ്തത്. എന്നാല്‍ അഫ്ഗാനെതിരേ ഈ കോമ്പിനേഷന്‍ നിലനിര്‍ത്തുമോയെന്ന കാര്യം സംശയമാണ്. അങ്ങനെ വന്നാല്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനായിരിക്കും സ്ഥാനം നഷ്ടമായേക്കുക.
അശ്വിനു പകരം മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരിലൊരാള്‍ക്കു ടീമിലേക്കു വിളിയെത്തും. പരിചയസമ്പത്ത് പരിഗണിക്കുമ്പോള്‍ ഷമിക്കാണ് മുന്‍തൂക്കമെങ്കില്‍ ശര്‍ദ്ദുലിന്റെ സാന്നിധ്യം ബാറ്റിങ് ലൈനപ്പിനു കൂടുതല്‍ ആഴവും നല്‍കും. ഓസീസിനെതിരായ കളിയില്‍ ബൗളിങിനിടെ സ്വന്തം ബോളില്‍ ഷോട്ട് തടയാന്‍ ശ്രമിക്കവെ ഹാര്‍ദിക് പാണ്ഡ്യയുടെ കൈവിരലിനു പരിക്കേറ്റിരുന്നു. പക്ഷെ അതു അത്ര സാരമുള്ളതല്ലെന്നാണ് വിവരം.
എന്നാല്‍ ബൗളിങ് തുടര്‍ന്നാല്‍ പരിക്ക് ഗുരുതരമാവാന്‍ ഇടയുള്ളതിനാല്‍ അഫ്ഗാനെതിരേ അദ്ദേഹം ബൗളിങില്‍ നിന്നും വിട്ടുനിന്നേക്കും. അങ്ങനെ വന്നാല്‍ മൂന്നാമതൊരു പേസറെ ടീമിലേക്കു കൊണ്ടുവരാന്‍ ഇന്ത്യ നിര്‍ബന്ധിതരായി മാറുകയും ചെയ്യും. സ്പിന്നര്‍മാരില്‍ ഒരാളെ മാറ്റി പേസറെ കൊണ്ടു വരുന്നതൊഴിച്ചാല്‍ ഇന്ത്യന്‍ ഇലവനില്‍ മറ്റു മാറ്റങ്ങള്‍ക്കു സാധ്യതയില്ല.
സാധ്യതാ പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ / മുഹമ്മദ് ഷമി/ ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.