ലോകകപ്പില്‍ ടീം ഇന്ത്യ തങ്ങളുടെ ഏറ്റവും വലിയ അഗ്നിപരീക്ഷയ്ക്കു ഇറങ്ങാന്‍ തയ്യാറെടുക്കകുയാണ്. ഇതുവരെ കളിച്ച ഒമ്പതു മല്‍സരങ്ങളിലും ജയിച്ച് പോയിന്റ് പട്ടികയില്‍ ഇന്ത്യ തലപ്പത്ത് ഫിനിഷ് ചെയ്തുവെന്നതില്‍ ഇനി പ്രസക്തിയില്ല. യഥാര്‍ഥ പോരാട്ടം തുടങ്ങുന്നത് ഇനിയാണ്. മൂന്നാം ലോക കിരീടത്തിനും ഇന്ത്യക്കുമിടയില്‍ ഇനി വെറും രണ്ടു ജയങ്ങളുടെ ദൂരം മാത്രമേയുള്ളൂ. പക്ഷെ പറയുന്നതു പോലെ ഇതു സിംപിളുമല്ല. കഴിഞ്ഞ രണ്ടു തവണയും ഇന്ത്യയുടെ കണ്ണീര്‍ വീണത് സെമിയിലായിരുന്നു.
ഇത്തവണ ഇതു സംഭവിക്കില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ബുധനാഴ്ച മുംബൈയിലെ ആദ്യ സെമിയില്‍ ന്യൂസിലാന്‍ഡുമായി ഇന്ത്യ കൊമ്പുകോര്‍ക്കുക. 2019ലെ കഴിഞ്ഞ ലോകകപ്പിന്റെ ആദ്യ സെമിയുടെ റീപ്ലേ കൂടിയാണിത്. അന്നേറ്റ പരാജയത്തിനു കണക്കുതീര്‍ക്കാനുറച്ചു തന്നെയായിരിക്കും ഇന്ത്യ ഇത്തവണയിറങ്ങുക. ലീഗ് ഘട്ടത്തിലെ കഴിഞ്ഞ മല്‍സരങ്ങളെടുത്താല്‍ ടീമില്‍ ഇന്ത്യ വലിയ അഴിച്ചുപണികളൊന്നും നടത്തിയിട്ടില്ല. ഇനി സെമിയില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവുമോയെന്നതാണ് ചോദ്യം.

ന്യൂസിലാന്‍ഡിനെതിരേ കാര്യമായ മാറ്റങ്ങള്‍ക്കൊന്നും ഇന്ത്യ മുതിരില്ല. പക്ഷെ പ്ലെയിങ് ഇലവനില്‍ ഒരു മാറ്റത്തിനു ടീം മാനേജമെന്റ് ആലോചിക്കുന്നതായാണ് വിവരം. ന്യൂസിലാന്‍ഡ് ബാറ്റിങ് ലൈനപ്പിന്റെ ആഴവും ടീമിലെ ഇടംകൈയന്‍ ബാറ്റര്‍മാരുടെ സാന്നിധ്യവും പരിഗണിക്കുമ്പോള്‍ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ സെമിയില്‍ ഇറക്കാന്‍ ഇന്ത്യക്കു പ്ലാനുണ്ട്. അശ്വിനെ കളിപ്പിച്ചാല്‍ ആരെ ഒഴിവാക്കുമെന്നതാണ് അടുത്ത ചോദ്യം.
ബാറ്റിങ് ലൈനപ്പില്‍ ടോപ്പ് ഫൈവിലെ ആരെയും മാറ്റാന്‍ ഇന്ത്യ തയ്യാറാവില്ല. പകരം ആറാം നമ്പറില്‍ ഫിനിഷറുടെ റോളില്‍ കളിക്കുന്ന സൂര്യകുമാര്‍ യാദവിനെ സെമി ഫൈനലില്‍ ഇന്ത്യ പുറത്ത് ഇരുത്തിയേക്കും. പകരമായിക്കും അശ്വിന്‍ പ്ലെയിങ് ഇലവനിലേക്കു വരുന്നത്.
സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പിന്‍മാറിയതു മുതല്‍ സൂര്യ പ്ലെയിങ് ഇലവന്റെ ഭാഗമാണ്. മോശമല്ലാത്ത പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയു ചെയ്തു. പക്ഷെ അശ്വിന്റെ വരവ് ഇന്ത്യക്കു ആറാമത്തെ ബൗളിങ് ഓപ്ഷന്‍ നല്‍കും. ബാറ്റിങില്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കാനും അദ്ദേഹത്തിനു സാധിക്കും.

സെമി ഫൈനല്‍ പോലെയൊരു നിര്‍ണായക മല്‍സരത്തില്‍ പരിചയസമ്പന്നനായ അശ്വിന്റെ സാന്നിധ്യം ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുമെന്നുറപ്പാണ്. ഹാര്‍ദിക് പിന്‍മാറിയ ശേഷം അഞ്ചു ബൗളിങ് ഓപ്ഷനുകളുമായിട്ടാണ് ഇന്ത്യ കളിച്ചത്. ടീമിനു അതു വലിയ ക്ഷീണമായതുമില്ല. പക്ഷെ ന്യൂസിലാന്‍ഡിനെതിരേയും അതേ കോമ്പിനേഷന്‍ ക്ലിക്കാവുമോയെന്നത് സംശയമാണ്.
കഴിഞ്ഞ മാസം എട്ടിനു ചെന്നൈയിലെ ചെപ്പോക്കില്‍ ഓസ്‌ട്രേലിയക്കെതിരേ ഒരു മല്‍സരം മാത്രമേ അശ്വിന്‍ കളിച്ചിട്ടുള്ളൂ. ഒരു വിക്കറ്റും നേടി. അതിനു ശേഷമുള്ള എട്ടു കളിയിലും അദ്ദേഹത്തെ പുറത്ത് ഇരുത്തുകയായിരുന്നു. അശ്വിനു പകരം ശര്‍ദ്ദുല്‍ ടാക്കൂറിനായിരുന്നു ഇന്ത്യ ആദ്യം പരിഗണന നല്‍കിയത്. എന്നാല്‍ ഹാര്‍ദിക്കിനു പരിക്കേറ്റതോടെ മുഹമ്മദ് ഷമിയെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു.
സൂര്യക്കു ബാറ്റിങില്‍ ഇത്തവണ കാര്യമായ അവസരം ലഭിച്ചിട്ടില്ല. ടോപ്പ് ഫൈവിലുള്ളവര്‍ ഉജ്ജ്വല ഫോമിലായതിനാല്‍ ബാറ്റിങില്‍ അദ്ദേഹത്തിന്റെ സേവനം ടീമിനു അധികം ആവശ്യം വന്നില്ല. അഞ്ചു ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത സൂര്യക്കു 116 സ്‌ട്രൈക്ക് റേറ്റില്‍ 87 റണ്‍സാണ് നേടാനായത്. ഉയര്‍ന്ന സ്‌കോര്‍ 49 റണ്‍സായിരുന്നു. സൂര്യക്കു പകരം അശ്വിന്‍ വരുന്നതൊഴിച്ചാല്‍ സെമിയില്‍ ഇന്ത്യന്‍ ഇലവനില്‍ മറ്റു മാറ്റങ്ങളുണ്ടാവില്ല.
സാധ്യതാ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ / സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.