മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്ക ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ ഗുരുതര ആരോപണവുമായി ലങ്കന്‍ എംപി രംഗത്ത് വന്നിരിക്കുകയാണ്. വിമല്‍ വീരവന്‍ശയെന്ന എംപിയാണ് ഐസിസിക്കും ബിസിസിഐയ്ക്കുമെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. മുംബൈയിലെ വാംഖഡെയില്‍ ഈ മാസം രണ്ടിനു നടന്ന ഇന്ത്യ- ലങ്ക മല്‍സരം സംശയാസ്ദമാണെന്നും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പടുന്നു. 302 റണ്‍സിന്റെ റെക്കോര്‍ഡ് വിജയമായിരുന്നു മല്‍സരത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്.
ഈ കളിയില്‍ ലങ്കന്‍ നായകന്‍ കുശല്‍ മെന്‍ഡിസ് ടോസ് ലഭിച്ചിട്ടും ബൗളിങ് തിരഞ്ഞെടുത്തതിലും എംപി സംശയം പ്രകടിപ്പിച്ചു. മെന്‍ഡിസ് ബൗളിങ് തിരഞ്ഞെടുക്കാനുള്ള കാരണത്തിനു പിന്നില്‍ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കൂടിയായ മഹേല ജയവര്‍ധനെയാണെന്നും ഇതേക്കുറിച്ചും അന്വേഷിക്കേണ്ടത് ആവശ്യമാണെന്നും വീരവന്‍ശ വ്യക്തമാക്കി.ഐസിസിയെ ഇപ്പോള്‍ ഭരിച്ചു കൊണ്ടിരിക്കുന്നത് ബിസിസിഐയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

മുംബൈയിലെ വാംഖഡെയില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യക്കെതിരേ ടോസ് ലഭിക്കുകയാണെങ്കില്‍ ബൗളിങ് തിരഞ്ഞെടുക്കാന്‍ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസിനെ ഉപദേശിച്ചത് ജയവര്‍ധനെയാണ്. ടോസ് ലഭിച്ചിട്ടും മെന്‍ഡിസ് ബൗളിങ് തിരഞ്ഞെടുത്തതില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പോലും ഞെട്ടിയിരുന്നു.
വാംഖഡെയിലെ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തന്നെയായിരുന്നു ഇന്ത്യയും അതിയായി ആഗ്രഹിച്ചിരുന്നത്. ഐസിസിയെ ഇപ്പോൾ ഭരിക്കുന്നത് ഇന്ത്യയാണ്. ശ്രീലങ്കന്‍ സെലക്ഷന്‍ കമ്മിറ്റിയെപ്പോലും നിയമിക്കുന്നത് ഇന്ത്യയാണെന്നും വീരവന്‍ശ തുറന്നടിച്ചു.
ഈ ലോകകപ്പില്‍ ഉദ്ഘാടനച്ചടങ്ങുകളൊന്നുമില്ലായിരുന്നു. പക്ഷെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരത്തിനിടെ ബിസിസിഐ വര്‍ണാഭമായ ചടങ്ങുകൾ സംഘടിപ്പിക്കുകയും ചെയ്തു. ക്രിക്കറ്റില്‍ വലിയ എന്തൊക്കെയോ കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യക്കെതിരേ എന്തുകൊണ്ടാണ് ബൗളിങ് തിരഞ്ഞെടുക്കാന്‍ കുശല്‍ മെന്‍ഡിസിനോടു ജയവര്‍ധനനെ നിര്‍ദേശിച്ചതെന്നു നമ്മള്‍ കണ്ടുപിടിക്കേണ്ടതെന്നും ശ്രീലങ്കന്‍ എംപി പറഞ്ഞു.
ലോകകപ്പില്‍ ശ്രീലങ്കന്‍ ടീമിന്റെ പരിതാപകരമായ പ്രകടനത്തിനു പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അടുത്തിടെ പിരിച്ചുവിടുകയും പകരം ഒരു താല്‍ക്കാലിക കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ടീമിന്റെ ദയനീയ പ്രകടനത്തില്‍ ക്രിക്കറ്റ് ബോര്‍ഡ് നിരാശയും ആശങ്കയും പ്രകടിപ്പിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നു മുഴുവന്‍ കോച്ചിങ് സ്റ്റാഫുമാരില്‍ നിന്നും സെലക്ടര്‍മാരില്‍ നിന്നും അടിയന്തിരവും സമഗ്രവുമായ വിശദീകണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതസമയം, ഇന്ത്യക്കെതിരായ മല്‍സരത്തില്‍ പൊരുതാന്‍ പോലുമാവാതയാണ് ലങ്ക വന്‍ പരാജയത്തിലേക്കു കൂപ്പുകുത്തിയത്. ടോസിനു ശേഷം ലങ്കന്‍ നായകന്‍ മെന്‍ഡിസ് ഇന്ത്യയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്നിങ്‌സിലെ ആദ്യ ബോളില്‍ ബൗണ്ടറിയോടെ തുടങ്ങിയ രോഹിത് തൊട്ടടുത്ത ബോളില്‍ ക്ലീന്‍ ബൗള്‍ഡായിരുന്നു.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ശുഭ്മന്‍ ഗില്‍- വിരാട് കോലി സഖ്യം ചേര്‍ന്നെടുത്ത 189 റണ്‍സ് ഇന്ത്യക്കു ശക്തമായ അടിത്തറയിടുകയായിരുന്നു. ഗില്ലിനെയും കോലിയെയും പുറത്താക്കാന്‍ തുടക്കത്തില്‍ രണ്ട് അവസരങ്ങള്‍ ലങ്കയ്ക്കു ലഭിച്ചെങ്കിലും അവര്‍ ക്യാച്ച് താഴെയിടുകയായിരുന്നു. ഇതു മുതലെടുത്ത ഗില്‍ 92 റണ്‍സും കോലി 88 റണ്‍സുമെടുത്തു. 88 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് മറ്റൊരു പ്രധാന സ്‌കോറര്‍.
റണ്‍ചേസില്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തില്‍ ലങ്ക ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. 19.4 ഓവറില്‍ വെറും 55 റണ്‍സിനു അവര്‍ ഓള്‍ ഔട്ടാവുകയായിരുന്നു. ലങ്കന്‍ നിരയില്‍ അഞ്ചു പേരാണ് അക്കൗണ്ട് തുറക്കാന്‍ പോലുമാവാതെ പുറത്തായത്.
വാലറ്റത്ത് 14 റണ്‍സെടുത്ത പേസര്‍ കസുന്‍ രജിതയായിരുന്നു അവരുടെ ടോപ്‌സ്‌കോറര്‍. അഞ്ചു വിക്കറ്റുകളെടുത്ത മുഹമ്മദ് ഷമിയും മൂന്നു പേരെ പുറത്താക്കിയ മുഹമ്മദ് സിറാജും ചേര്‍ന്നാണ് ലങ്കയുടെ അന്തകരായത്.