ചെന്നൈ: ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം ചെപ്പോക്കില്‍ ആവേശകരമായി പുരോഗമിക്കുകയാണ്. 26 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ഓസീസ് രണ്ടു വിക്കറ്റിനു 104 റണ്‍സെന്ന നിലയിലാണ്. 44 റണ്‍സുമായി സ്റ്റീവ് സ്മിത്തും 18 റണ്‍സോടെ മാര്‍നസ് ലബ്യുഷെയ്‌നുമാണ് ക്രീസില്‍. കളിയില്‍ ഓസീസിനായി ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ താരങ്ങളിലൊരാള്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറായിരുന്നു.
മികച്ച ഷോട്ടുകള്‍ കളിച്ച് വലിയ സ്‌കോറിലേക്കു മുന്നേറിയ വാര്‍ണറെ വീഴ്ത്തിയത് റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവായിരുന്നു. ഫിഫ്റ്റിയിലേക്കു കുതിച്ച അദ്ദേഹം 41 റണ്‍സില്‍ നില്‍ക്കെയാണ് പുറത്തായത്. 52 ബോളില്‍ ആറു ഫോറുകള്‍ വാര്‍ണറുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. സ്വന്തം ബൗളിങിലായിരുന്നു വാര്‍ണറെ കുല്‍ദീപ് പിടികൂടിയത്.

പക്ഷെ ഈ വിക്കറ്റിന്റെ ക്രെഡിറ്റ് കുല്‍ദീപിനു മാത്രം അവകാശപ്പെട്ടതല്ല. വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനു കൂടി ക്രെഡിറ്റ് നല്‍കിയേ തീരൂ. കാരണം അശ്വിന്‍ ഒരുക്കിയ കെണിയില്‍ ഫലം ലഭിച്ചത് കുല്‍ദീപിനായിരുന്നു. വാര്‍ണറെ സമ്മര്‍ദ്ദത്തിലാക്കി കുല്‍ദീപിനെതിരേ അത്തരമൊരു ഷോട്ടിനു പ്രേരിപ്പിച്ചത് അശ്വിന്റെ മാജിക്കല്‍ സ്‌പെല്ലായിരുന്നു.
വിക്കറ്റ് ലഭിച്ചില്ലെങ്കിലും (ആറോവറുകള്‍ എറിഞ്ഞ ശേഷം) തന്റെ ഹോം പിച്ചായ ചെപ്പോക്കില്‍ വളരെ മികച്ച ബൗളിങായിരുന്നു അശ്വിന്‍ കാഴ്ചവച്ചത്. ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹം ഓസീസ് ബാറ്റര്‍മാര്‍ക്കു കാര്യമായ പഴുതുകളൊന്നും നല്‍കിയില്ല. അശ്വിനെറിഞ്ഞ ഓസീസ് ഇന്നിങ്‌സിലെ 16ാം ഓവറായിരുന്നു വാര്‍ണറുടെ പുറത്താവലിനു കാരണമായത്. ഈ ഓവറില്‍ രണ്ടു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുനല്‍കിയുള്ളൂ.
ആദ്യത്തെ രണ്ടു ബോളുകളില്‍ വാര്‍ണറും സ്റ്റീവ് സ്മിത്തും ഓരോ സിംഗിളുകള്‍ വീതം നേടി. പക്ഷെ ശേഷിച്ച നാലു ബോളിലും വാര്‍ണറെ റണ്ണെടുക്കാന്‍ അശ്വിന്‍ അനുവദിച്ചില്ല. മൂന്നാമത്തെ ബോളില്‍ വാര്‍ണര്‍ ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു ശ്രമിച്ചെങ്കിലും മിഡ് വിക്കറ്റില്‍ നേരെ ഫീല്‍ഡറുടെ പക്കലേക്കായിരുന്നു വന്നത്. അടുത്ത ബോളില്‍ ലോങ് ഓഫിലേക്കു ഡ്രൈവിനായിരുന്നു വാര്‍ണര്‍ ശ്രമിച്ചത്. പക്ഷെ മിഡ് വിക്കറ്റില്‍ അതും ഫീല്‍ഡ് ചെയ്യപ്പെടുന്നു.
അഞ്ചാമത്തെ ബോള്‍ ലോങ് ഓഫിലേക്കു ഡ്രൈവ് ചെയ്യാന്‍ വാര്‍ണര്‍ തുനിഞ്ഞെങ്കിലും ബാറ്റില്‍ എഡ്ജായ ശേഷം പാഡിലേക്കു വന്നു. വീണ്ടും റണ്ണൊന്നുമല്ല. ഓവറിലെ അവസാനത്തേത് ലെഗ് സ്റ്റംപിലേക്കു വന്ന ഗുഡ് ലെങ്ത് ബോളായിരുന്നു. ബാക്കഫൂട്ടില്‍ അദ്ദേഹം അതു മിഡ് വിക്കറ്റിലേക്കു കളിച്ചെങ്കിലും റണ്ണില്ല.

അടുത്ത ഓവറില്‍ കുല്‍ദീപാണ് ബൗള്‍ ചെയ്യാനെത്തിയത്. ആദ്യ ബോളില്‍ സ്മിത്ത് സിംഗിളെടുത്തു. രണ്ടാമത്തെ ബോളില്‍ വാര്‍ണര്‍ക്കു റണ്ണൊന്നുമെടുക്കാന്‍ കഴിഞ്ഞില്ല. ഷോര്‍ട്ട് ഫൈന്‍ ലെഗിലേക്കു സ്വീപ്പ് ഷോട്ടിനായിരുന്നു അദ്ദേഹം ശ്രമിച്ചത്. പക്ഷെ റണ്ണൊന്നുമില്ല. അശ്വിന്റെ ഓവറിലെ നാലു ബോളുകളടക്കം തുടരെ അഞ്ചു ബോളില്‍ റണ്ണെടുക്കാന്‍ സാധിക്കാതെ പോയതോടെ വാര്‍ണര്‍ കടുത്ത സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു. ഇതാണ് അടുത്ത ബോളില്‍ വാര്‍ണറുടെ പുറത്താവലിനു വഴിയൊരുക്കിയത്.
സ്റ്റംപുകളിലേക്കു വന്ന കുല്‍ദീപിന്റെ ബോളില്‍ വാര്‍ണര്‍ ബാക്ക് ഫൂട്ടില്‍ ഡ്രൈവിനു ശ്രമിക്കുകയായിരുന്നു. പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ട് ചെയ്യാന്‍ അദ്ദേഹത്തിനായില്ല. ദുര്‍ബലമായ ഷോട്ട് കുല്‍ദീപിന്റെ നെഞ്ചിന്റെ ഉയരത്തിലായിരുന്നു വന്നത്. അദ്ദേഹം അതു പിടികൂടുകയും ചെയ്തു. ഇതോടെ നിരാശനായ വാര്‍ണര്‍ ക്രീസ് വിടുകയുമായിരുന്നു.