ഈ മാസം മുതല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുകയാണ് ഐസിസി. 2022ലെ അവസാന എഡിഷനില്‍ നിന്നും ഇത്തവണത്തേതിലേക്കു വരുമ്പോള്‍ സമ്മാനത്തുകയുടെ കാര്യത്തില്‍ അവിശ്വസനീയ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.
അഞ്ചും പത്തുമല്ല, കഴിഞ്ഞ എഡിഷനിലെ സമ്മാനത്തുകയേക്കാള്‍ 300 ശതമാനത്തോളം വര്‍ധനയാണ് ഐസിസി വരുത്തിയത്. എട്ടു ടീമുകള്‍ മാറ്റുരയ്ക്കുന്ന ഇത്തവണത്തെ വനിതാ ലോകകപ്പിലെ സമ്മാനത്തുക ഏകദേശം 118 കോടിയോളം രൂപയാണ്.

2022ലെ കഴിഞ്ഞ ടൂര്‍ണമെന്റിലെ സമ്മാനത്തുക വെറും 30 കോടി രൂപ മാത്രമായിരുന്നു. അതാണ് ഇപ്പോള്‍ 100 കോടിക്കു മുകളില്‍ എത്തിയിരിക്കുന്നത്. അതിനേക്കാള്‍ ആശ്ചര്യപ്പെടുത്തുന്ന കാര്യം 2023ല്‍ ഇന്ത്യയില്‍ നടന്ന പുരുഷ ഏകദിന ലോകകപ്പിലെ സമ്മാനത്തുകയെ പോലും ഇതു ഓവര്‍ടേക്ക് ചെയ്തുവെന്നതാണ്. 88 കോടിയായിരുന്നു കഴിഞ്ഞ പുരുഷ ലോകകപ്പില്‍ ആകെ സമ്മാനത്തുകയായി പ്രഖ്യാപിച്ചത്.
പുരുഷ ക്രിക്കറ്റിനെ പോലെ വനിതാ ക്രിക്കറ്റിനെയും കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന നീക്കത്തിന്റെ ഭാഗമായിട്ടാണ് ഐസിസയുടെ ഇപ്പോഴത്തെ സര്‍പ്രൈസ് നീക്കം. വനിതാ ലോകകപ്പില്‍ ഇത്തവണ ചാംപ്യന്‍മാരാവുന്ന ടീമിനെ കാത്തിരിക്കുന്നത് 39 കോടിയോളം രൂപയാണ്. കഴിഞ്ഞ പുരുഷ ഏകദിന ലോകകപ്പില്‍ ജേതാക്കളായ ഓസ്‌ട്രേലിയന്‍ ടീമിനു ലഭിച്ചത് 11 കോടി മാത്രമായിരുന്നു.
വനിതാ ലോകകപ്പില്‍ ഇത്തവണ റണ്ണറപ്പാവുന്ന ടീമിനു കിട്ടുക 20 കോടിയോളം രൂപയാണ്. കഴിഞ്ഞ തവണ റണ്ണറപ്പായ ഇംഗ്ലീഷ് വനിതാ ടീമിനു ലഭിച്ചത് കേവലം അഞ്ചു കോടിയായിരുന്നു. ഇതു ഇപ്പോള്‍ 273 ശതമാനത്തോളമാണ് വര്‍ധിച്ചിരിക്കുന്നത്. ഇത്തവണത്തെ സെമി ഫൈനലിസ്റ്റുകളാവുന്ന നാലു ടീമുകളുടെയും പോക്കറ്റിലെത്തുക 10 കോടിയോളം രൂപ വീതമായിരിക്കും.
നാഴികക്കല്ലെന്നു ജയ് ഷാ
വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഒരു നിര്‍ണായക നാഴികക്കല്ലായിരിക്കും ഈ പ്രഖ്യാപമെന്നാണ് വനിതാ ലോകകപ്പിലെ സമ്മാനത്തുകയിലെ വര്‍ധനയെക്കുറിച്ച് ഐസിസി ചെയര്‍മാന്‍ ജയ് ഷാ പറഞ്ഞത്. ടൂര്‍ണമെന്റിലെ സമ്മാനത്തുകയിലെ ഈ നാലിരട്ടിയോളം വര്‍ധനവ് വനിതാ ക്രിക്കറ്റിലെ നാഴികക്കല്ലാവുന്ന നിമിഷമായിരിക്കും.

അതോടൊപ്പം ദീര്‍ഘകാലത്തേക്കുള്ള വളര്‍ച്ചയോടു ഞങ്ങളുടെ പ്രതിബദ്ധതയെ കൂടിയാണ് ഇതു പ്രതിഫലിപ്പിക്കുന്നത്. ഞങ്ങളുടെ സന്ദേശം വളരെ ലളിതമാണ്, ക്രിക്കറ്റെന്ന ഗെയിമിനെ പ്രൊഫഷണലായി തിരഞ്ഞെടുത്താല്‍ പുരുഷന്‍മാര്‍ക്കു തുല്യമായി തന്നെ ഇനി വനിതകളും പരിഗണിക്കപ്പമെടുന്നു നിങ്ങള്‍ തീര്‍ച്ചയായും അറിയുക തന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക നിലവാരത്തോടു കൂടിയ ഒരു ഐസിസി വനിതാ ലോകകപ്പ് സംഘടിപ്പിക്കാനും അടുത്ത തലമുറയിലെ താരങ്ങളെയും ആരാധകരെയുമെല്ലാം പ്രചോദിപ്പിക്കാനുമുള്ള ഞങ്ങളുടെ അഭിലാഷത്തെ കൂടിയാണ് ഇപ്പോഴത്തെ വളര്‍ച്ച അടിവരയിടുന്നത്. വനിതാ ക്രിക്കറ്റ് വലിയൊരു മുന്നേറ്റത്തിന്റെ പാതയില്‍ തന്നെയാണ്. ഇപ്പോഴത്തെ ചുവടുവയ്‌പ്പോടെ ഈ വേഗത കൂടുതല്‍ ത്വരിതപ്പെടുമെന്നും ഞങ്ങള്‍ക്കു ഉറപ്പാണ്.
വനിതാ ക്രിക്കറ്റിനെ വിജയിപ്പിക്കാനും അര്‍ഹിച്ച അംഗീകാരവും ബഹുമാനവുമെല്ലാം ലഭിക്കുമെന്നു ഉറപ്പാക്കാനും ഞങ്ങള്‍ക്കൊപ്പം ചേരൂയെന്നു എല്ലാ ആരാധകരോടും മീഡിയകളോടും പാര്‍ട്‌നര്‍മാരോടും ബോര്‍ഡ് മെമ്പര്‍മാരോടുമെല്ലാം അഭ്യര്‍ഥിക്കുകയാണെന്നും ജയ് ഷാ കൂട്ടിച്ചേര്‍ത്തു.