ഷാര്‍ജ: വനിതകളുടെ ഐപിഎല്ലായ ടി20 ചാലഞ്ച് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്മാരായ സൂപ്പര്‍നോവാസിനു തോല്‍വിയോടെ തുടക്കം. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേയില്‍ മിതാലി രാജ് ക്യാപ്റ്റനായ വെലോസിറ്റി അഞ്ചു വിക്കറ്റിനാണ് ഹര്‍മന്‍പ്രീത് കൗറിന്റെ സൂപ്പര്‍നോവാസിനെ വീഴ്ത്തിയത്. ഒരു ഘട്ടത്തില്‍ മല്‍സരം ടൈയാവുമോയെന്ന സംശയം പോലുമുയര്‍ന്നിരുന്നെങ്കിലും ഒരു പന്ത് ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനു വെലോസിറ്റി ലക്ഷ്യത്തിലെത്തുകയായിരുന്നു.

ടോസ് ലഭിച്ച വെലോസിറ്റി ക്യാപ്റ്റന്‍ മിതാലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എട്ടു വിക്കറ്റിന് 126 റണ്‍സില്‍ സൂപ്പര്‍നോവാസിനെ ഒതുക്കാന്‍ അവര്‍ക്കു സാധിച്ചു. മറുപടിയില്‍ വെലോസിറ്റിയുടെ തുടക്കം മോശമായിരുന്നു. 65 റണ്‍സെടുക്കുമ്പോഴേക്കും അവര്‍ക്കു നാലു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ സുഷ്മ വര്‍മ- സ്യൂന്‍ ല്യൂസ് ജോടി മികച്ച കൂട്ടുകെട്ടിലൂടെ വെലോസിറ്റിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 51 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. സുഷ്മ പുറത്താവുമ്പോഴേക്കും വെലോസിറ്റി വിജയത്തിന് അരികിലെത്തിയിരുന്നു.
37 റണ്‍സോടെ പുറത്താവാതെ നിന്ന ല്യൂസാണ് വെലോസിറ്റിയുടെ ടോപ്്‌സ്‌കോറര്‍. 21 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സുഷ്മ 33 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 34 റണ്‍സെടുത്ത. വേദ കൃഷ്ണമൂര്‍ത്തിയാണ് (29) മറ്റൊരു പ്രധാന സ്‌കോറര്‍.
റണ്‍ചേസില്‍ വെലോസിറ്റിയുടെ തുടക്കം മോശമായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ അഞ്ചാമത്തെ പന്തില്‍ വെടിക്കെട്ട് താരം ഡാനിയേലെ വ്യാറ്റിനെ സൂപ്പര്‍നോവാസ് പുറത്താക്കി. അയബോംഗ ഖാക്കകയുടെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ താനിയ ഭാട്ടിയ ക്യാച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്കായി മിന്നുന്ന പ്രകടനം നടത്തിയ ഷെഫാലി വര്‍മയ്ക്കും തിളങ്ങാനായില്ല. 11 പന്തില്‍ നാലു ബൗണ്ടറികളോടെ 17 റണ്‍സെടുത്ത ഷെഫാലിയെ ഖാക്കയുടെ ബൗളിങില്‍ സെല്‍മന്‍ ക്യാച്ച് ചെയ്തു.
നേരത്തേ ഓപ്പണര്‍ ചമാരി അത്തപ്പത്തു (44), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് (31) എന്നിവരുടെ ഇന്നിങ്‌സുകളാണ് സൂപ്പര്‍നോവാസിനെ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. മറ്റുള്ളവരൊന്നും 20 റണ്‍സ് പോലും കടന്നില്ല. 39 പന്തില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ശ്രീലങ്കന്‍ താരം കൂടിയായ ചമാരിയുടെ ഇന്നിങ്‌സ്. ഹര്‍മന്‍പ്രീത് 27 പന്തില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും നേടി. മൂന്നു വിക്കറ്റെടുത്ത ഏക്ത ബിഷ്ത്തും രണ്ടു വിക്കറ്റ് വീതം നേടിയ ജഹനാറ ആലവും കാസ്പറെക്കും ചേര്‍ന്നാണ് സൂപ്പര്‍നോവാസിനെ എറിഞ്ഞൊതുക്കിയത്.