ബൗണ്‍സര്‍ കൊണ്ട് റസ്സല്‍ വീണു, പരിക്കേറ്റത് തലയ്ക്ക്... സ്‌കാനിങ് റിപ്പോര്‍ട്ട് പുറത്തുവന്നു
കിങ്‌സ്റ്റണ്‍: ഐപിഎല്ലിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രിയങ്കരനായ താരമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും ഓള്‍റൗണ്ടറുമായ ആന്ദ്രെ റസ്സല്‍. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നിരവധി മല്‍സരങ്ങളിലാണ് റസ്സല്‍ ഒറ്റയ്ക്കു ജയിപ്പിച്ചിട്ടുള്ളത്.
ഐപിഎല്‍ മാതൃകയില്‍ വിന്‍ഡീസില്‍ നടന്നു കൊണ്ടിരിക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (സിപിഎല്‍) കളിച്ചു കൊണ്ടിരിക്കുകയാണ് താരം. കഴിഞ്ഞ മല്‍സരത്തില്‍ ജമൈക്ക തലാവാസിനു വേണ്ടി ബാറ്റ് ചെയ്യുന്നതിനിടെ റസ്സലിന്റെ തലയ്ക്കു സാരമായി പരിക്കേറ്റതിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം.

വില്ലനായത് ദക്ഷിണാഫ്രിക്കന്‍ താരം
ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഹാര്‍ഡസ് വില്‍ജ്യോണിന്റെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ ഇടിച്ചാണ് റസ്സലിന്റെ തലയ്ക്കു പരിക്കുപറ്റിയത്. കളിയുടെ 14ാം ഓവറിലായിരുന്നു ഇരുടീമിലെയും കളിക്കാരെയും കാണികളെയും പരിഭ്രാന്തിയിലാഴ്ത്തിയ നിമിഷങ്ങള്‍. ക്രീസിലെത്തിയ റസ്സലിന് ആദ്യത്തെ രണ്ടു പന്തിലും റണ്‍സെടുക്കാനായില്ല. മൂന്നാമത്തെ പന്താണ് താരത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഹെല്‍മറ്റില്‍ വന്ന് ഇടിച്ചത്. വലതു ചെവിയുടെ തൊട്ടരികിലായിരുന്നു പന്ത് പതിച്ചത്. തുടര്‍ന്ന് വേദന കാരണം താരം ഗ്രൗണ്ടില്‍ വീഴുകയും ചെയ്തു. പിന്നാലെ മെഡിക്കല്‍ സംഘമെത്തി റസ്സലിനെ ആശുപത്രിയിലേക്കു കൊണ്ടു പോവുകയായിരുന്നു.

സ്‌കാനിങിനു വിധേയനാക്കി
പരിക്ക് സാരമുള്ളതാണോയെന്ന ആശങ്കയ്ക്കു വിരാമമിടടാണ് റസ്സലിന്റെ സ്‌കാനിങ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. സ്‌കാനിങില്‍ പരിക്ക് ഗുരുതരമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ താരത്തിനു വിശ്രമം നിര്‍ദേശിച്ചതായും ആശുപത്രിയില്‍ നിന്നും ടീം ഹോട്ടലിലേക്കു റസ്സല്‍ മടങ്ങിപ്പോയെന്നും ജമൈക്ക തലാവാസ് ടീം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

റസ്സലിന്റെ ടീം തോറ്റു
റസ്സലിന്റെ പരിക്ക് നിറം കെടുത്തിയ മല്‍സരത്തില്‍ താരത്തിന്റെ ടീം തോല്‍ക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ജമൈക്ക തലാവാസ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 170 റണ്‍സാണ് നേടിയത്. അവസാന ആറോവറില്‍ വെറും 38 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. മറുപടിയില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഡാരന്‍ സമി നയിച്ച സെന്റ് ലൂസിയ സോക്‌സ് ലക്ഷ്യം കാണുകയും ചെയ്തു. ക്രിസ് ഗെയ്ല്‍ ക്യാപ്റ്റനായ ജമൈക്ക തലാവാസിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications