ഭാര്യ മെസ്സിയുടെ കട്ട ഫാന്‍, പക്ഷെ ഞങ്ങളുടെ മെസ്സി സാക്ഷാല്‍ ധോണി- റെയ്‌ന
മുംബൈ: ഇതിഹാസ താരം യുവരാജ് സിങിനു ശേഷം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യക്കു ലഭിച്ച ഏറ്റവും മികച്ച ഓള്‍ഫൗണ്ടറും ഫീല്‍ഡറുമാണ് സുരേഷ് റെയ്‌ന. നിലവില്‍ ദേശീയ ടീമിനു പുറത്താണെങ്കിലും മടങ്ങിയെത്തല്‍ പ്രതീക്ഷ താരം ഇപ്പോഴും കൈവിട്ടിട്ടില്ല. ഐപിഎല്ലില്‍ എംഎസ് ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കുകയാണ് റെയ്‌ന. പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ അദ്ദേഹമുണ്ട്. ടീമിനൊപ്പം മൂന്നു കിരീട വിജയങ്ങളില്‍ പങ്കാളിയാവാനും ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ക്കു സാധിച്ചു.
ഐപിഎല്ലിന്റെ 13ാം സീസണില്‍ സിഎസ്‌കെയ്ക്കു വേണ്ടി മിന്നുന്ന പ്രകടനം നടത്തി സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ തയ്യാറെടുക്കുകയാണ് റെയ്‌ന. ഇതിനിടെയാണ് കൊവിഡ്-19നെ തുടര്‍ന്ന് ഐപിഎല്‍ അനിശ്ചിതമായി മാറ്റി വച്ചത്. തന്റെ ഭാര്യ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ കട്ട ഫാനാണെന്നും തന്നെ സംബന്ധിച്ച് ധോണിയാണ് ഇന്ത്യയുടെ മെസ്സിയെന്നും റെയ്‌ന വ്യക്തമാക്കി. സിഎസ്‌കെയുടെ ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു താരം.

ഫുട്‌ബോളിന്റെ കടുത്ത ആരാധികയാണ് ഭാര്യ. അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാവട്ടെ അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും ഇതിഹാസ താരമായ മെസ്സിയാണ്. എന്നാല്‍ തന്നെയും കൂട്ടുകാരെയും സംബന്ധിച്ച് മെസ്സിക്കൊപ്പം നിര്‍ത്താവുന്ന താരം സിഎസ്‌കെയുടെ ക്യാപ്റ്റന്‍ കൂടിയായ ധോണിയാണെന്നു റെയ്‌ന പറയുന്നു.
കളി കാണാന്‍ എത്തുമ്പോഴെല്ലാം ഭാര്യ രണ്ടു കാര്യങ്ങളാണ് ചോദിക്കാറുള്ളത്. എന്തു കൊണ്ടാണ് മഹി ഭായി വിക്കറ്റ് കീപ്പ് ചെയ്യുമ്പോള്‍ ഹെല്‍മറ്റ് തന്റെ പിന്നില്‍ വയ്ക്കുന്നത്, എന്തുകൊണ്ടാണ് ഒരോവര്‍ കഴിയുമ്പോള്‍ ബാറ്റ് ചെയ്യുന്ന ടീം ഒരു സൈഡില്‍ നിന്നും മറ്റൊരു സൈഡിലേക്കു മാറുന്നത്? ഒരേ സൈഡില്‍ തന്നെ കളിച്ചാല്‍ പോരെയെന്നും അവള്‍ ചോദിക്കാറുണ്ടെന്നു റെയ്‌ന വെളിപ്പെടുത്തി.

അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ധോണിയുടെ മടങ്ങിവരവിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ തുടരവെ അദ്ദേഹം ഇപ്പോഴും മികച്ച ഫോമില്‍ തന്നെയാണെന്നു റെയ്‌ന വ്യക്തമാക്കി. അമ്പാട്ടി റായുഡു, മുരളി വിജയ് എന്നിവര്‍ക്കൊപ്പമാണ് താന്‍ സിഎസ്‌കെയുടെ ഫിറ്റ്‌നസ് ക്യാംപില്‍ ജോയിന്റ് ചെയ്തത്. അതിനു ശേഷമാണ് മഹി ഭായി ക്യാംപിലെത്തിയത്. നെറ്റ്‌സില്‍ അദ്ദേഹം മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. നല്ല ടൈമിങില്‍ ധോണി പന്ത് സ്‌ട്രൈക്ക് ചെയ്തിരുന്നു. ഇതിനേക്കാള്‍ മികച്ച ഫോമില്‍ അദ്ദേഹത്തെ മുമ്പ് കണ്ടിട്ടില്ലെന്നും റെയ്‌ന പറഞ്ഞു.
ഐപിഎല്ലിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നടന്ന പരിശീലന മല്‍സരത്തില്‍ ധോണി 91 പന്തില്‍ 123 റണ്‍സ് അടിച്ചെടുത്ത് കസറിയിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണി ഇനി ഇന്ത്യക്കായി കളിക്കുമെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിനു ക്രിക്കറ്റ് ഇനിയും അദ്ദേഹത്തില്‍ ശേഷിക്കുന്നുണ്ടെന്നായിരുന്നു റെയ്‌നയുടെ മറുപടി. ഇന്ത്യക്കു വേണ്ടി തുടര്‍ന്നും കളിക്കാനുള്ള മികവ് ധോണിക്കുണ്ട്. ഈ ചോദ്യത്തിന് ധോണി തന്റെ ബാറ്റ് കൊണ്ടു തന്നെ മറുപടി നല്‍കുന്നതാണ് ഏറ്റവും ഉചിതമെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ പത്തു മാസത്തിലേറെയായി ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ധോണി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന്റെ സെമിയില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് അദ്ദേഹം അവസാനമായി കളിച്ചത്. ഇന്ത്യ സെമി ഫൈനലില്‍ തോറ്റ് പുറത്തായ ശേഷം ക്രിക്കറ്റില്‍ നിന്നും ദീര്‍ഘകാലത്തേക്കു ബ്രേക്കെടുക്കുകയായിരുന്നു ധോണി. ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ സീസണിലെ ഐപിഎല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications