Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉമ്രാന് വേഗതയുണ്ട്, പക്ഷെ... വീക്ക്‌നെസുകള്‍ അക്കമിട്ട് നിരത്തി മുരളി! കരിയര്‍ തീര്‍ന്നോ?

ഇന്ത്യന്‍ ക്രിക്കറ്റിനു വാനോളം പ്രതീക്ഷകള്‍ നല്‍കിയതിനു ശേഷം ഇപ്പോള്‍ ചിത്രത്തില്‍ നിന്നും തന്നെ അപ്രത്യക്ഷനായ താരങ്ങളിലൊരാളാണ് ജമ്മു കാശ്മീരില്‍ നിന്നുള്ള യുവ പേസര്‍ ഉമ്രാന്‍ മാലിക്ക്. ഇന്ത്യയുടെ ഷുഐബ് അക്തറെന്നു പോലും അദ്ദേഹത്തെ ആരാധകര്‍ വിശേഷിപ്പിച്ചിരുന്നു. 150 കിമിക്കു മുകളില്‍ ബൗള്‍ ചെയ്യാനുള്ള മിടുക്കായിരുന്നു ഉമ്രാനെ സ്‌പെഷ്യലാക്കി മാറ്റിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം വരവറിയിച്ച താരം പിന്നാലെ ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ അരങ്ങേറുകയും ചെയ്തു.

പക്ഷെ ഇപ്പോള്‍ ഉമ്രാനെ എല്ലാവരും മറന്ന മട്ടാണ്. ഒരു ഫോര്‍മാറ്റിലും യുവ പേസര്‍ക്കു ദേശീയ ടീമില്‍ സ്ഥാനമില്ല. കൂടാതെ ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ എസ്ആര്‍എച്ചിന്റെ പല മല്‍സരങ്ങളിലും തഴയപ്പെടുകയും ചെയ്തു. ഉമ്രാന്റെ പ്രധാനപ്പെട്ട വീക്ക്‌നെസുകള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് എസ്ആര്‍എച്ചിന്റെ മുന്‍ ബൗളിങ് കോച്ചും ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസവുമായ മുത്തയ്യ മുരളീധരന്‍.

UMRAN MALIK

150 കിമി വേഗതയില്‍ ബൗള്‍ ചെയ്യുകയെന്നതല്ല ക്രിക്കറ്റെന്നു ഉമ്രാന്‍ മാലിക്കിനെ വിമര്‍ശിച്ചുകൊണ്ട് മുരളീധരന്‍ ചൂണ്ടിക്കാട്ടി. ക്രിക്കറ്റെന്നത് 150 കിമി വേഗതയില്‍ ബൗള്‍ ചെയ്യുകയെന്നതല്ല, അതിനും മുകളിലാണ് ക്രിക്കറ്റ്. എങ്ങനെ സ്ലോ ബോളുകള്‍ എറിയാമെന്നു നിങ്ങള്‍ പഠിക്കണം, എങ്ങനെ കട്ടറുകളും നക്ക്ള്‍ ബോളും ബൗള്‍ ചെയ്യാമെന്നറിയണം, എങ്ങനെ യോര്‍ക്കര്‍ എറിയാമെന്നുമറിയണം. കൂടാതെ സ്ലോ യോര്‍ക്കറുകളെറിയാനും പഠിക്കേണ്ടതുണ്ട്. ബൗളിങില്‍ വൈവിധ്യം ആവശ്യമാണെന്നും ഉമ്രാന്‍ മാലിക്കിനെക്കുറിച്ച് മുരളീധരന്‍ അഭിപ്രായപ്പെട്ടു.

ഉമ്രാന്‍ മാലിക്കിന്റെ കാര്യമെടുത്താല്‍ ഒരേയൊരു കാര്യം മാത്രമേ ശരിയായി വന്നിട്ടുള്ളൂ. വേഗത മാത്രമാണിത്. അപ്പോള്‍ മറ്റുള്ള ആയുധങ്ങള്‍ എവിടെയാണ്? അവ കൂടിയുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ ഒരു സമ്പൂര്‍ണ ബൗളറായി മാറുകയുള്ളൂ. ജസ്പ്രീത് ബുംറ ഒരു കംപ്ലീറ്റ് ബൗളറാണ്. 145 കിമി വേഗതയില്‍ അനായാസം ബൗള്‍ ചെയ്യാന്‍ ബുംറയ്ക്കു കഴിയും. അദ്ദേഹം യോര്‍ക്കറുകളുമെറിയുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

2021ലെ ഐപിഎല്ലിലൂടെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടപ്പം ഉമ്രാന്‍ മാലിക്ക് അരങ്ങേറിയത്. പ്രധാന ബൗളര്‍മാര്‍ക്കു പരിക്കേറ്റതോടെ റിസര്‍വ് നിരയിലുണ്ടായിരുന്ന അദ്ദേഹം പ്രധാന ടീമിലേക്കു വരികയായിരുന്നു. വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ സീസണില്‍ ഉമ്രാന്‍ ബൗള്‍ ചെയ്തുള്ളൂ. രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു.

പക്ഷെ അതിശയിപ്പിക്കുന്ന വേഗത കൊണ്ട് അദ്ദേഹം വളരെ പെട്ടെന്നു ശ്രദ്ധിക്കപ്പെടുകയായിരുന്നു. 2022ലെ ഐപിഎല്ലാണ് 24 കാരനായ ഉമ്രാന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറിയത്. സീസണിലെ 14 മല്‍സരങ്ങളിലും പേസര്‍ക്കു കളിക്കാന്‍ അവസരം ലഭിച്ചിരുന്നു.

22 വിക്കറ്റുകളോടെ ഹൈദരാബാദ് പേസാക്രമണത്തിന്റെ കുന്തമുനയായി ഉമ്രാന്‍ മാറുകയായിരുന്നു. 25 റണ്‍സിനു അഞ്ചു വിക്കറ്റുകളെടുത്തതായിരുന്നു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ഇതോടെ ഇന്ത്യന്‍ ടീമിലേക്കും ഉമ്രാനു വിളിയെത്തുകയയിരുന്നു.

UMRAN MALIK

ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ ഉമ്രാന്‍ ഇന്ത്യന്‍ കുപ്പായമണിയുകയും ചെയ്തു. പക്ഷെ ബൗളിങില്‍ വേഗത കൊണ്ടു മാത്രം കാര്യമില്ലെന്നും ഉമ്രാന്‍ ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നും അധികം വൈകാതെ തെളിയുകയും ചെയ്തു. ഇതോടെ ദേശീയ ടീമില്‍ താരത്തിനു സ്ഥാനവും നഷ്ടമായി.

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഹൈദരാബാദിനായി വെറും എട്ടു മല്‍സരങ്ങളില്‍ മാത്രമേ ഉമ്രാന് കളിക്കാന്‍ അവസരം കിട്ടിയുള്ളൂ. 10.85 എന്ന മോശം ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകളാണ് പേസര്‍ പിഴുതത്. വരാനിരിക്കുന്ന സീസണിലും ഉമ്രാന് കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ അവസരം ലഭിക്കാനിടയുള്ളൂ.

ബൗളിങിലെ വൈവിധ്യമില്ലായ്മയാണ് താരം നേരിടുന്ന പ്രധാന പ്രശ്‌നം. കൂടാതെ റണ്‍സ് വാരിക്കോരി നല്‍കുന്നതും പേസറുടെ പ്രധാന പോരായ്മയാണ്. ഇന്ത്യക്കു വേണ്ടി 10 ഏകദിനങ്ങളില്‍ നിന്നും 6.54 ഇക്കോണമി റേറ്റില്‍ 13ഉം എട്ടു ടി20കളില്‍ നിന്നും 10.49 ഇക്കോണമി റേറ്റില്‍ 11ഉം വിക്കറ്റുകളാണ് ഉമ്രാന്റെ സമ്പാദ്യം.

Story first published: Monday, January 1, 2024, 16:45 [IST]
Other articles published on Jan 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+