ടി20 ലോകകപ്പ് തൊട്ടരികെ എത്തിനില്‍ക്കവെ ടീം ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക നായകന്‍ സൂര്യകുമാര്‍ യാദവിന്റെ കാര്യത്തിലാണ്. ബാറ്ററെന്ന നിലയില്‍ അത്ര മാത്രം മോശം ഫോമിലൂടെയാണ് അദ്ദേഹം ഇപ്പോള്‍ കടന്നുപോവുന്നത്. അവസാനാമായി കളിച്ച 22 ടി20 ഇന്നിങ്‌സുകളെടുത്താല്‍ ഒരു ഫിഫ്റ്റി പോലും സൂര്യ നേടിയില്ലെന്ന് ഏറെ ഗൗരവമുള്ള കാര്യം തന്നെയാണ്.
ക്യാപ്റ്റന്‍സി ഇല്ലായിരുന്നെങ്കില്‍ ഇതിനകം തന്നെ അദ്ദേഹം ടീമിനു പുറത്താവേണ്ടതാണ്. പക്ഷെ നായകസ്ഥാനം ഒന്നു കൊണ്ടു മാത്രം സൂര്യ ഇപ്പോഴും ടീമില്‍ കടിച്ചുതൂങ്ങുന്നു. എന്നാല്‍ ലോകകപ്പില്‍ ബാറ്ററെന്ന നിലയില്‍ അദ്ദേഹത്തിന്റെ കൂടി സംഭാവനകള്‍ കൂടി ടീമിനു കൂടിയേ തീരൂ. വെറുമൊരു പേപ്പര്‍ ക്യാപ്റ്റനെയല്ല ടീമിനു ആവശ്യം.

ഒരു സമയത്തു ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ പദവിയില്‍ വരെയെത്തിയ സൂര്യ ഇപ്പോള്‍ എന്തുകൊണ്ടാണ് ഈ തരത്തില്‍ പതറുന്നത്? യഥാര്‍ഥത്തില്‍ സ്‌കൈയുടെ പ്രശ്‌നം എന്താണെന്നു നമുക്കു പരിശോധിക്കാം.
സൂര്യയുടെ പ്രശ്‌നമെന്ത് ?
ഈ വര്‍ഷം ഇതിനകം കളിച്ചിട്ടുള്ള ടി20കളില്‍ ഒരു ഫിഫ്റ്റി പോലും സൂര്യകുമാര്‍ യാദവിനു എടുത്തു കാണിക്കാനില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബംഗ്ലാദേശുമായി ഹൈദരാബാദില്‍ നടന്ന ടി20യിലായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ഫിഫ്റ്റി. അതിനു ശേഷം സ്‌കൈയുടെ ബാറ്റിങ് ഗ്രാഫ് നേരെ താഴേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.
പക്ഷെ തന്റ ദയനീയ ഫോമില്‍ സൂര്യക്കു യാതൊരു നിരാശയുമില്ലെന്നതാണ് അദ്ുഭുതപ്പെടുത്തുന്ന കാര്യം. താന്‍ മോശം ഫോമിലല്ലെന്നും റണ്‍സ് വരാത്തത് മാത്രമാണ് പ്രശ്‌നമെന്നുള്ള വളരെ വിചിത്രമായ ന്യായീകരണവും അദ്ദേഹം നിരത്തുകയാണ്. നെറ്റ്‌സിലൊക്കെ താന്‍ നന്നായി ബാറ്റ് ചെയ്യാറുണ്ടെന്നും സൂര്യ അവകാശപ്പെടുന്നു.
അതേസമയം, അദ്ദേഹത്തിന്റെ കഴിഞ്ഞ കുറച്ചു പുറത്താവലുകളെടുത്താല്‍ അതില്‍ ചില പാറ്റേണുകള്‍ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. സൗത്താഫ്രിക്കയുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയിലാണ് സ്‌കൈ അവസാനമായി കളിച്ചത്. നാലിന്നിങ്‌സുകളില്‍ വെറും 34 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
പേസര്‍മാര്‍ക്കതെിരേ ഷോട്ടുകള്‍ കളിക്കുന്നതിനു തൊട്ടുമുമ്പുള്ള ചില അനാവശ്യ മൂവ്‌മെന്റുകള്‍ സൂര്യയുടെ പുറത്താവലുകള്‍ക്കു വഴിയൊരുക്കിയിട്ടുണ്ട്. സൂര്യ വെറും 12 റണ്‍സ് മാത്രമെടുത്ത് പുറത്തായ മൂന്നാം ടി20യിലെ റീപ്ലേകള്‍ പരിശോധിച്ചാല്‍ അദ്ദേഹം കാണിച്ചിട്ടുള്ള അബദ്ധം നമുക്കു കൃത്യമായി മനസ്സിലാവും. പേസര്‍ ലുംഗി എന്‍ഗിഡിയെ നേരിടവെ രണ്ടു തരത്തിലാണ് സൂര്യയുടെ ശരീരത്തിന്റെയും കാലുകളുടെയും മൂവ്‌മെന്റ്.

Photocredit/ Jiohotstar
ബോള്‍ റിലീസ് ചെയ്യും മുമ്പ് ബാക്ക്ഫൂട്ടില്‍ മിഡില്‍ സ്റ്റംപ് കവര്‍ ചെയ്താണ് അദ്ദേഹം നില്‍ക്കുന്നത്. എന്നാല്‍ എന്‍ഗിഡി ബോള്‍ റിലീസ് ചെയ്തപ്പോള്‍ സൂര്യയുടെ പൊസിഷന്‍ മാറ്റം വന്നു. അദ്ദേഹത്തിന്റെ ബാക്ക്ഫൂട്ട് സ്റ്റംപുകളില്‍ നിന്നും വീണ്ടും അകന്നു പോയതായി മനസ്സിലാവും.
ഈതരത്തിലുള്ള അഡ്ജസ്റ്റുമെന്റുകള്‍ നടത്തുമ്പോള്‍ സൂര്യയുടെ തലയും അതോടൊപ്പം മൂവ് ചെയ്യുന്നു. പക്ഷെ ഇതാവട്ടെ അദ്ദേഹം ആഗ്രഹിക്കുന്നതിന്റെ നേരെ എതിര്‍ ദിശയിലേക്കുമാണ്. ടി20യില്‍ ഒരു ബാറ്റന്നെ നിലയില്‍ സൂര്യ നേരത്തേ വിജയിക്കാനുള്ള കാരണം വിക്കറ്റുകള്‍ക്കു കുറുകെയുള്ളമ മൂവ്‌മെന്റായിരുന്നു.
എന്നാല്‍ അന്നു അദ്ദേഹത്തിന്റെ ശരീരത്തിനു ശരിയായ ബാലന്‍സുണ്ടായിരുന്നു. കൂടാതെ ബോള്‍ റിലീസ് ചെയ്യുന്ന സമയങ്ങളില്‍ കൂടുതല്‍ സ്ഥിരതയും പുലര്‍ത്തിയിരുന്നു. പക്ഷെ ഇപ്പോള്‍ സൂര്യക്കു ഇതു നഷ്ടമായിട്ടുണ്ട്. ചെറിയ സ്‌കോറുകള്‍ക്കു അദ്ദേഹം പുറത്തായി കൊണ്ടിരിക്കാനുള്ള പ്രധാന കാരണവും ഇതാണ്.