അന്താരാഷ്ട്ര ടി20യിലും കഴിഞ്ഞ ഐപിഎല്ലിലുമെല്ലാം ഒരുപോലെ നിരാശപ്പെടുത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു പിന്തുണയുമായി മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര രംഗത്ത്. ഇന്ത്യന്‍ ടി20 ടീമില്‍ റിഷഭിന്റെ അഭാവത്തെ കുറിച്ച് ആരും പരാമര്‍ശിക്കാത്തത് എന്തു കൊണ്ടാണെന്നും എല്ലാവരും അദ്ദേഹത്തെ മറന്നോയെന്നും ചോപ്ര ചോദിക്കുന്നു.
അടുത്ത വര്‍ഷത്ത ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കുറച്ചു കാലമായി ടി20യില്‍ ഇന്ത്യന്‍ പ്ലാനുകളുടെ ഭാഗമല്ല റിഷഭ്. മലയാളി താരം സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ധ്രുവ് ജുറേല്‍ എന്നിവരാണ് ഇപ്പോള്‍ മുന്‍നിരയിലുള്ളത്. ഇവരിലാവട്ടെ അവസാന മൂന്നു പരമ്പരകളിലും വിക്കറ്റ് കാത്തത് സഞ്ജുവാണ്.

റിഷഭിനു തിരിച്ചുവരാം
ടി20യില്‍ നിലവില്‍ ഇന്ത്യന്‍ ടീമിനു പുറത്താണെങ്കിലും റിഷഭ് പന്തിനു ഇനിയും മടങ്ങിവരാനുള്ള അവസരമുണ്ടെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. ഒരു വര്‍ഷത്തിലേറെയായി ടി20യില്‍ ഇന്ത്യക്കായി റിഷഭ് കളിച്ചിട്ടില്ല. കഴിഞ്ഞ ജുലൈയില്‍ ശ്രീലങ്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ടി20 പരമ്പരയിലാണ് അദ്ദേഹത്തെ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്.
ടി20യില്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തപ്പോള്‍ റിഷഭ് പന്തിന്റെ സ്‌ട്രൈക്ക് റേറ്റ് 156ഉം ശരാശരി 34ഉം ആയിരുന്നു. ഇതു വളരെ മികച്ച കണക്കുകളാണ്. പക്ഷെ നമ്മള്‍ ഇപ്പോള്‍ ടോപ്പ് ത്രീയെക്കുറിച്ചല്ല സംസാരിക്കുന്നത്. നാലു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ റിഷഭിന്റെ പ്രകടനം നോക്കിയാല്‍ 140 സ്‌ട്രൈക്ക് റേറ്റും 30 ശരാശരിയുമുണ്ട്. അതു കുഴപ്പമില്ലാത്ത റെക്കോര്‍ഡാണെന്നും ചോപ്ര വിലയിരുത്തി.
ആരും സംസാരിക്കാത്തതെന്ത്?
അന്താരാഷ്ട്ര ടി20ടില്‍ ഇന്ത്യന്‍ ടീമിനെക്കുറിച്ച് വിശകലനം ചെയ്യുമ്പോള്‍ റിഷഭ് പന്തിനെക്കുറിച്ച് ആരും സംസാരിക്കാത്തതില്‍ ആശ്ചര്യമാണ് തോന്നാറുള്ളതെന്നു ആകാശ് ചോപ്ര വ്യക്തമാക്കി. ടി20 ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ റിഷഭിനു ലഭിച്ച നല്ലൊരു അവസരമായിരുന്നു കഴിഞ്ഞ ഐപിഎല്‍. പക്ഷെ പുതിയ തട്ടകമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ അദ്ദേഹം വന്‍ ഫ്‌ളോപ്പായി തീര്‍ന്നു.
14 മല്‍സരങ്ങളില്‍ നിന്നും 24.25 ശരാശരിയില്‍ 133.17 സ്‌ട്രൈക്ക് റേറ്റില്‍ 269 റണ്‍സ് മാത്രമാണ് റിഷഭ് സ്‌കോര്‍ ചെയ്തത്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. അപ്രസക്തമായ സീസണിലെ അവസാന കളിയില്‍ സെഞ്ച്വറി നേടിയില്ലായിരുന്നെങ്കില്‍ കണക്കുകള്‍ കൂടുതല്‍ പരിതാപതകമായി മാറുമായിരുന്നു.
ടി20യില്‍ ഇന്ത്യയുടെ മുന്‍നിര സെറ്റാണെങ്കിലും മധ്യനിരയില്‍ ഇപ്പോഴും പ്രശ്‌നങ്ങളുണ്ടെന്നാണ് ചോപ്രയുടെ നിരീക്ഷണം. ശിവം ദുബെ, റിങ്കു സിങ് എന്നിവരുടെ മോശം ഫോമാണ് കാരണമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ മധ്യനിര സെറ്റായിട്ടില്ലെന്നതു റിഷഭ് പന്തിനു അനുകൂലമായി മാറുന്ന ഘടകമാണ്. അദ്ദേഹത്തെപ്പറ്റി ഇപ്പോള്‍ ആരും സംസാരിക്കുന്നില്ലെന്നതു എന്നെ ശരിക്കും ആശ്ചര്യപ്പെടിത്തുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ നമ്മള്‍ കിരീടം ചൂടിയപ്പോള്‍ ടീമിനായി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത മൂന്നാമത്തെ താരമായിരുന്നു റിഷഭ്. പാലില്‍ വീണ ഈച്ചയെപ്പോലെയാണ് അദ്ദേഹത്തെ ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും എടുത്ത് പുറത്തു കളഞ്ഞത്. ആരും റിഷഭിനെക്കുറിച്ച് മിണ്ടുന്നില്ല.
കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി അത്ര നല്ലൊരു പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്നതു കൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്. എങ്കിലും വിക്കറ്റ് കീപ്പിങ് ഓപ്ഷനുകളെ കുറിച്ച് ആലോചിക്കുമ്പോള്‍ റിഷഭിന്റെ പേര് പോലും ആരും പറയുന്നില്ലെന്നതു വിചിത്രമായി തോന്നുന്നതായും ചോപ്ര കൂട്ടിച്ചേര്‍ത്തു.
റിഷഭിന്റെ അന്താരാഷ്ട്ര ടി20 കരിയറെടുത്താല്‍ 76 മല്‍സരങ്ങളില്‍ ഇതിനകം കളിച്ചുകഴിഞ്ഞു. പക്ഷെ 24.25 ശരാശരിയില്‍ 127.26 എന്ന വളരെ മോശം ശരാശരിയില്‍ 1209 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. വെറും മൂന്നു ഫിഫ്റ്റികള്‍ മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 65 റണ്‍സുമാണ്.