ലോകകപ്പില്‍ ഇന്ത്യയോടു പാകിസ്താന്‍ എന്തുകൊണ്ട് തോല്‍ക്കുന്നു? വെളിപ്പെടുത്തി പാക് ഓപ്പണര്‍

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടങ്ങള്‍ എന്നും ക്രിക്കറ്റ് പ്രേമികള്‍ക്കു ഹരമാണ്. അതു ലോകകപ്പിലാണെങ്കില്‍ ആവേശം നൂറിരട്ടിയാവുകയും ചെയ്യും. അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ വീണ്ടുമൊരു ഇന്ത്യ- പാക് ത്രില്ലര്‍ നടക്കാനിരിക്കുകയാണ്. ഇത്തവണ ഇരുടീമുകളും ഒരേ ഗ്രൂപ്പില്‍ തന്നെയാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ടൂര്‍ണമെന്റില്‍ തങ്ങളുടെ ആദ്യ കളിയില്‍ തന്നെ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുകയും ചെയ്യുന്നുണ്ട്.
ലോകകപ്പ് ചരിത്രമെടുത്താല്‍ പാകിസ്താനെതിരേ മികച്ച റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. 1975ല്‍ ഏകദിന ലോകകപ്പ് ഐസിസി ആരംഭിച്ചതു മുതല്‍ ഒരിക്കല്‍പ്പോലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനു കഴിഞ്ഞിട്ടില്ല. ഏകദിന ലോകകപ്പില്‍ മാത്രമല്ല ടി20 ലോകകപ്പിലും പാക് പടയ്‌ക്കെതിരേ 100 ശതമാനം വിജയറെക്കോര്‍ഡാണ് ഇന്ത്യയുടേത്. എന്തുകൊണ്ടാണ് ലോകകപ്പെന്ന മഹാ വേദിയില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനു കഴിയാത്തതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് യുവ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഇമാമുള്‍ ഹഖ്.

സമ്മര്‍ദ്ദം കീഴടക്കുന്നു
ഇന്ത്യക്കെതിരേ കളിക്കുമ്പോഴുള്ള അമിത സമ്മര്‍ദ്ദമാണ് ലോകകപ്പില്‍ പാകിസ്താന് വിനയാവുന്നതെന്നാണ് ഇമാമിന്റെ അഭിപ്രായം. ഇരുരാജ്യങ്ങളും തമ്മില്‍ പരമ്പരകള്‍ കുറവായതിനാല്‍ തന്നെ ലോകകപ്പില്‍ കളിക്കുമ്പോള്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ പാകിസ്താനു കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാകിസ്താനെ അപേക്ഷിച്ച് ഇന്ത്യയുടെ നിലവിലെ ടീം കൂടുതല്‍ ആത്മവിശ്വാസമുള്ളവരാണ്. വലിയ ടൂര്‍ണമെന്റുകളില്‍ ഞങ്ങള്‍ക്കെതിരേ സമ്മര്‍ദ്ദമില്ലാതെ കളിക്കാനും അവര്‍ക്കു കഴിയുന്നു. ഇതാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും ഇമാം വിശദീകരിച്ചു. ഒരു പാകിസ്താന്‍ ചാനലില്‍ സംസാരിക്കുകയായിരുന്നു താരം.ടി20 ലോകകപ്പ് ടീമില്‍ ഇമാമിന് ഇടം ലഭിച്ചിട്ടില്ല.

ഇത്തവണയും കടുപ്പമാവും
ടി20 ലോകകപ്പില്‍ ഇനി ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന മല്‍സരം പാകിസ്താനെ സംബന്ധിച്ച് വളരെ കടുപ്പമേറിയതായിരിക്കും. അനുഭവസമ്പത്ത് ഒഴിച്ചുനിര്‍ത്തിയാല്‍ ഇരുടീമുകളും തമ്മില്‍ മറ്റു കാര്യമായ വ്യത്യാസങ്ങളൊന്നും തന്നെയില്ലെന്നും ഇമാം അഭിപ്രായപ്പെട്ടു. ഏകദിന ലോകകകപ്പില്‍ ഇതുവരെ ഏഴു തവണയാണ് ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തത്. ഇവയിലെല്ലാം ഇന്ത്യ വിജയം കൊയ്തു. ടി20 ലോകകപ്പില്‍ അഞ്ചു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കായിരുന്നു. ഇവയിലൊരു മല്‍സരം ടൈയില്‍ കലാശിച്ചിരുന്നു. തുടര്‍ന്നു നടന്ന സൂപ്പര്‍ ഓവറിലാണ് പാക് പടയെ ഇന്ത്യ മലര്‍ത്തിയടിച്ചത്.

ഇന്ത്യ-പാക് പോര് 24ന്
ഒക്ടോബര്‍ 24നാണ് വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്. ദുബായിലാണ് ലോകം ഉറ്റുനോക്കുന്ന ക്ലാസിക്ക്. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടിലാണ് ഇരുടീമുകളും ഉള്‍പ്പെട്ടിരിക്കുന്നത്. ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, യോഗ്യതാ റൗണ്ട് കടന്നെത്തുന്ന രണ്ടു ടീമുകള്‍ എന്നിവരും ഈ ഗ്രൂപ്പിലുണ്ട്. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ വിജയികളായ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരോടൊപ്പം യോഗ്യതാ റൗണ്ടിലെ രണ്ടു ടീമുകള്‍ കൂടിയുണ്ട്.

അവസാന മല്‍സരം 2019ല്‍
ഇന്ത്യയും പാകിസ്താനും അവസാനമായി ഒരു ഐസിസി ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടിയത് 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലായിരുന്നു. അന്നു 89 റണ്‍സിനു പാക് പടയെ വിരാട് കോലിയും സംഘവും കെട്ടുകെട്ടിക്കുകയായിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പിനായി പാകിസ്താന്റെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ശുഐബ് മാലിക്ക്, സര്‍ഫറാസ് അഹമ്മദ് എന്നിവരാണ് തഴയപ്പെട്ട പ്രമുഖ താരങ്ങള്‍. എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ബുധനാഴ്ച ടീമിനെ പുറത്തുവിടുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

പാകിസ്താന്റെ ടി20 ലോകകപ്പ് ടീം
ബാബര്‍ ആസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, ആസിഫ് അലി, അസം ഖാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഇമാദ് വസീം, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്നെയ്ന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം, ഷഹീന്‍ അഫ്രീഡി, സൊഹെയ്ബ് മഖ്സൂദ്.
റിസര്‍വ് കളിക്കാര്‍- ഷാനവാസ് ധനി, ഉസ്മാന്‍ ഖാദിര്‍, ഫഖര്‍ സമാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications