ആദ്യ ഓവര്‍ വീരുവിന്, പിന്നെ ഭാജി- ധോണിയുടെ ചൂതാട്ടം! കാരണം വീരു പറയുന്നു

ഇന്ത്യയും ചിരവൈരികളായ പാകിസ്താനും തമ്മിലുള്ള പോരാട്ടങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു എല്ലായ്‌പ്പോഴും വളരെ സ്‌പെഷ്യലാണ്. അതുകൊണ്ടു തന്നെ ഇരുവരും തമ്മിലുള്ള തീപ്പൊരി മല്‍സരങ്ങളില്‍ ഭൂരിഭാഗവും അവരുടെ മനസ്സില്‍ നിന്നു മാഞ്ഞുപോവാറുമില്ല. അത്തരമൊരു ത്രില്ലിങ് മാച്ചിനെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ഐസിസി ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലെ ഇന്ത്യ- പാക് മല്‍സരം കാണികളെ ത്രസിപ്പിക്കുന്നതായിരുന്നു. അന്നു ടൈയില്‍ കലാശിച്ച മല്‍സരത്തില്‍ ബൗള്‍ ഔട്ടിലൂടെയായിരുന്നു വിജയികളെ കണ്ടെത്തിയത്. സൂപ്പര്‍ ഓവറിനു പകരം ടൈയാവുന്ന മല്‍സരങ്ങളിലെ വിജയികളെ തീരുമാനിക്കാന്‍ അന്നു ബൗള്‍ ഔട്ടായിരുന്നു പരീക്ഷിച്ചിരുന്നത്.
ബൗള്‍ഔട്ടില്‍ 3-0ന് ഇന്ത്യ വിജയം കൊയ്യുകയായിരുന്നു. ഇന്ത്യക്കായി പന്തെറിഞ്ഞ മൂന്നു പേരും വിക്കറ്റില്‍ ബോള്‍ കൊള്ളിച്ചപ്പോള്‍ പാകിസ്താന്റെ മൂന്നു പേരും മിസ്സാക്കി. അന്നു ആര്‍പി സിങ്, ശ്രീശാന്ത്, അജിത് അഗാര്‍ക്കര്‍, ഇര്‍ഫാന്‍ പഠാന്‍ എന്നീ നാലു പേസര്‍മാര്‍ ടീമിലുണ്ടായിരുന്നു. ഹര്‍ഭജന്‍ സിങായിരുന്നു ഏക സ്പിന്‍ ബൗളര്‍.
പക്ഷെ നാലു പേസര്‍മാര്‍ക്കും ബൗള്‍ ഔട്ടില്‍ നായകന്‍ എംഎസ് ധോണി പന്ത് നല്‍കിയില്ല. പകരം വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്, റോബിന്‍ ഉത്തപ്പ എന്നിവര്‍ ബൗള്‍ ചെയ്യുകയായിരുന്നു. ഇതിന്റെ കാരണം എന്തായിരുന്നുവെന്ന് സെവാഗ് ഒരു ഷോയില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വിശദമായി അറിയാം.

നെറ്റ്‌സിലെ പ്രകടനം
നെറ്റ്‌സിലെ ബൗളിങ് പ്രകടനം വിലയിരുത്തിയാണ് അന്നു ഫാസ്റ്റ് ബൗളര്‍മാര്‍ക്കു ബൗള്‍ ഔട്ടില്‍ പന്ത് നല്‍കേണ്ടതെന്നു എംഎസ് ധോണി തീരുമാനിച്ചതെന്നു വീരേന്ദര്‍ സെവാഗ് പറയുന്നു. അന്നു ടീമിലുണ്ടായിരുന്ന ഇര്‍ഫാന്‍ പഠാനും ആര്‍പി സിങും പങ്കെടുത്ത ഷോയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ഇവര്‍ (പേസര്‍മാര്‍) ദൂരെ നിന്നും ഓടിയെത്തി സ്റ്റംപുകളിലേക്കു ബൗള്‍ ചെയ്യുമ്പോള്‍ പലപ്പോഴും അതു കൊള്ളാറില്ല. സ്വിങ് ചെയ്ത് പല ഭാഗത്തേക്കുമാണ് പോയിരുന്നത്. പക്ഷെ ഞാനടക്കമുള്ള സ്പിന്നര്‍ വളരെ അടുത്തു നിന്നും പന്തെറിഞ്ഞ് സ്റ്റംപുകളില്‍ കൊള്ളിക്കാറുമുണ്ടായിരുന്നുവെന്നും സെവാഗ് ചിരിയോടെ പറഞ്ഞപ്പോള്‍ അടുത്തിരുന്ന ഇര്‍ഫാനും ആര്‍പിയും പൊട്ടിച്ചിരിക്കുകയായിരുന്നു.
Also Read: കോലിയാവാന്‍ വന്നു, നിഴല്‍ പോലുമായില്ല! ഇവര്‍ എവിടെ?

സെവാഗ് ഒന്നാമനെന്നു ആര്‍പി
ഇന്ത്യന്‍ ടീമിന്റെ നെറ്റ് സെഷനു ശേഷം അന്നു ഞങ്ങള്‍ രസകരമായ ചില കളികളിലേര്‍പ്പിട്ടിരുന്നതായി ആര്‍പി സിങ് വ്യക്തമാക്കി. ഒരു വിക്കറ്റ് മാത്രം നിലനിര്‍ത്തി അതില്‍ കൂടുതല്‍ തവണ പന്ത് കൊള്ളിക്കുന്നത് ആരെന്ന ഗെയിമും ഞങ്ങള്‍ കളിക്കാറുണ്ടായിരുന്നു.
ഏറ്റവുമധികം തവണ വിക്കറ്റില്‍ പന്ത് കൊള്ളിച്ചിരുന്നത് വീരേന്ദര്‍ സെവാഗായിരുന്നു. 10ല്‍ 11ലും അദ്ദേഹം വിക്കറ്റ് വീഴ്ത്തിയിരുന്നതായി ആര്‍പി തമാശരൂപേണ പുകഴ്ത്തുകയും ചെയ്തു.
ഇതു കണക്കിലെടുത്താണ് പാകിസ്താനുമായുള്ള അന്നത്തെ ബൗള്‍ ഔട്ടില്‍ ആരൊക്കെ പന്തെറിയണമെന്ന പ്ലാന്‍ എംഎസ് ധോണി തയ്യാറാക്കിയതെന്നും ആര്‍പി കൂട്ടിച്ചേര്‍ത്തു.
Also Read: സ്‌റ്റോക്‌സ് ക്യാപ്റ്റന്‍, ഇന്ത്യയെ ടെസ്റ്റില്‍ തുരത്താന്‍ ഈ ലോക ഇലവനാവും! അറിയാം

ഒഴിവാക്കിയതിനെക്കുറിച്ച് ആര്‍പി
ബൗള്‍ ഔട്ടില്‍ എംഎസ് ധോണി തിരഞ്ഞെടുത്ത അഞ്ചു പേരില്‍ വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്, റോബിന്‍ ഉത്തപ്പ, ഇര്‍ഫാന്‍ പഠാന്‍ എന്നിവരെല്ലാമുണ്ടായിരുന്നു. പക്ഷെ തന്നെ അതില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് ധോണിയോടു താന്‍ ചോദിച്ചിരുന്നതായി ആര്‍പി സിങ് പറയുന്നു. നിന്റെ ബോള്‍ സ്വിങ് ചെയ്ത് പുറത്തേക്കു പോവും. അതുകൊണ്ടാണ് ബൗള്‍ ഔട്ടില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നായിരുന്നു എംഎസിന്റെ മറുപടി.
ഞാന്‍ സ്റ്റംപുകളില്‍ കൊള്ളിക്കാന്‍ ശ്രമിക്കുമെന്ന് ധോണിയോടു പറഞ്ഞുനോക്കിയെങ്കിലും അദ്ദേഹമത് കേട്ടില്ല. ഞാന്‍ അഞ്ചു പേരെ തീരുമാനിച്ചു കഴിഞ്ഞു. നീ എന്നെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കരുതെന്നു ധോണി പറഞ്ഞതായും ആര്‍പി സിങ് ചിരിയോടെ ഓര്‍ത്തെടുത്തു.
അന്നത്തെ ബൗള്‍ ഔട്ടില്‍ വീരേന്ദര്‍ സെവാഗാണ് ആദ്യ പന്തെറിഞ്ഞ് വിക്കറ്റില്‍ കൊള്ളിച്ചത്. തുടര്‍ന്ന് ഹര്‍ഭജന്‍ സിങ്, റോബിന്‍ ഉത്തപ്പ എന്നിവരുടെ ബോളകളും കൃത്യമായി വിക്കറ്റില്‍ കൊണ്ടു. എന്നാല്‍ പാകിസ്താന്റെ യാസിര്‍ അറാഫത്ത്, ഉമര്‍ ഗുല്‍, ഷാഹിദ് അഫ്രീഡി എന്നീ മൂന്നു പേരുടെയും പന്ത് വിക്കറ്റില്‍ കൊള്ളാതെ പുറത്തു പോവുകയും ചെയ്തതോടെ ഇന്ത്യ വിജയിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications