ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്മാരുടെ നിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമായിട്ടുള്ള സിഎസ്‌കെ അഞ്ച് കിരീടങ്ങളാണ് അലമാരയിലെത്തിച്ചത്. അവസാന ഐപിഎല്ലിലും കിരീടം സിഎസ്‌കെയ്ക്കായിരുന്നു. എംഎസ് ധോണിയെന്ന നായകനുകീഴിലാണ് സിഎസ്‌കെയുടെ ചരിത്ര കുതിപ്പ്. അടുത്ത സീസണിലും സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണിയുണ്ടാവുമെന്ന സൂചന നല്‍കിയാണ് അവസാന സീസണില്‍ നിന്ന് അദ്ദേഹം മടങ്ങിയത്.
സിഎസ്‌കെയ്‌ക്കൊപ്പം അവസാന സീസണില്‍ തിളങ്ങിയതോടെ ശിവം ദുബെയ്ക്ക് ദേശീയ ടീമിലേക്ക് മടങ്ങിവരവ് ലഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സിഎസ്‌കെയുടെ ഓള്‍ടൈം ബെസ്റ്റ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് ദുബെ. മുരളി വിജയ്, ഫഫ് ഡുപ്ലെസിസ്, റുതുരാജ് ഗെയ്ക്‌വാദ് എന്നിവരെയൊന്നും ഉള്‍പ്പെടുത്താതെയാണ് ദുബെ ബെസ്റ്റ് 11 തിരഞ്ഞെടുത്തിരിക്കുന്നത്. ആരൊക്കെയാണ് ദുബെയുടെ പ്ലേയിങ് 11 ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പരിശോധിക്കാം.
ഓപ്പണര്‍മാരായി മാത്യു ഹെയ്ഡനും മൈക്ക് ഹസിയുമാണുള്ളത്. രണ്ട് പേരും സിഎസ്‌കെയ്ക്കായി ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുള്ളവരാണ്. രണ്ട് ഓപ്പണര്‍മാരും ഇടം കൈയന്‍മാരാണെന്നതാണ് കൗതുകം. ഫഫ് ഡുപ്ലെസിസും റുതുരാജ് ഗെയ്ക് വാദും ഓപ്പണിങ്ങില്‍ തിളങ്ങുന്നവരാണെങ്കിലും ദുബെ പരിഗണിച്ചില്ല. ഹെയ്ഡന്‍ തല്ലിത്തകര്‍ക്കുന്ന ഓപ്പണറായിരുന്നെങ്കില്‍ ഹസി ക്ലാസിക് ബാറ്റ്‌സ്മാനായിരുന്നു. മൂന്നാം നമ്പറില്‍ സുരേഷ് റെയ്‌നക്കാണ് അവസരം.
എംഎസ് ധോണി കഴിഞ്ഞാല്‍ സിഎസ്‌കെയില്‍ ഏറ്റവും ആരാധക പിന്തുണയുള്ളത് റെയ്‌നക്കാണ്. ധോണി തലയാണെങ്കില്‍ ചിന്ന തലയെന്നാണ് സിഎസ്‌കെ ആരാധകര്‍ റെയ്‌നയെ വിശേഷിപ്പിച്ചിരുന്നത്. മൂന്നാം നമ്പറില്‍ ഗംഭീര റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് റെയ്‌ന. ഇന്ത്യക്കായി മധ്യനിരയിലും ഫിനിഷര്‍ റോളിലും നിരവധി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള താരമാണ് റെയ്‌ന.

നാലാം നമ്പറില്‍ അമ്പാട്ടി റായിഡുവിനാണ് അവസരം നല്‍കിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനൊപ്പം വളര്‍ന്ന റായിഡു 2018ലാണ് സിഎസ്‌കെയിലേക്കെത്തുന്നത്. മുംബൈയില്‍ ആവര്‍ത്തിച്ച അതേ മികവ് സിഎസ്‌കെ ജേഴ്‌സിയിലും അദ്ദേഹം കാട്ടിയിരുന്നു. അവസാന സീസണോടെയാണ് റായിഡു വിരമിക്കല്‍ പ്രഖ്യാപിച്ചത്. എംഎസ് ധോണിയാണ് അഞ്ചാം നമ്പറില്‍. ടീമിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ധോണിയാണ്.
ഫിനിഷര്‍ റോളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് ധോണി. ഐപിഎല്ലിലെ ഏറ്റവും മികച്ച നായകനെന്ന വിശേഷണവും ധോണിക്ക് നല്‍കാം. സിഎസ്‌കെയ്‌ക്കൊപ്പം നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള താരമായ ധോണി അടുത്ത സീസണിലും സിഎസ്‌കെയില്‍ തുടരുമെന്നാണ് വിവരം. ആറാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജക്കാണ് സ്ഥാനം. സിഎസ്‌കെയുടെ നായകസ്ഥാനത്തേക്കടക്കം എത്തിയിട്ടുള്ള ജഡേജ സിഎസ്‌കെയിലെ നിര്‍ണ്ണായക താരമായി ഇപ്പോഴും തുടരുന്നു.
ഏഴാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായി ആല്‍ബി മോര്‍ക്കലാണുള്ളത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായ ആല്‍ബി മോര്‍ക്കല്‍ സിഎസ്‌കെ ജേഴ്‌സിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിട്ടുള്ളവനാണ്. എട്ടാം നമ്പറില്‍ ശിവം ദുബെ സ്വന്തം പേരാണ് നിര്‍ദേശിച്ചിരിക്കുന്നത്. അവസാന സീസണിലെ ഐപിഎല്ലില്‍ സിഎസ്‌കെയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ ദുബെ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ളവനാണ് ദുബെ.
പ്രത്യേകിച്ച് സ്പിന്നര്‍മാര്‍ക്കെതിരേ കടന്നാക്രമിക്കാന്‍ ദുബെക്ക് കഴിവുണ്ട്. ഒമ്പതാം നമ്പറില്‍ ഡ്വെയ്ന്‍ ബ്രാവോയാണുള്ളത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ബ്രാവോ. ഡെത്തോവറുകളില്‍ സ്ലോ ബോളുകളിലൂടെ വിസ്മയിപ്പിക്കുന്ന ബ്രാവോ നിരവധി തവണ അത്ഭുത ജയങ്ങള്‍ സിഎസ്‌കെയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. 10ാം നമ്പറില്‍ ഹര്‍ഭജന്‍ സിങ്ങാണുള്ളത്. ഏറെക്കാലം മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായി തുടര്‍ന്ന താരമാണ് ഹര്‍ഭജന്‍.
പിന്നീടാണ് മുംബൈ ഇന്ത്യന്‍സ് വിട്ട് സിഎസ്‌കെയിലേക്കെത്തിയത്. 11ാമനായി ലക്ഷ്മിപതി ബാലാജിയാണുള്ളത്. തമിഴ്‌നാടുകാരനായ താരം സിഎസ്‌കെയ്ക്കായി കളിക്കുകയും പിന്നീട് ഏറെക്കാലം സിഎസ്‌കെയുടെ ബൗളിങ് പരിശീലകനായി പ്രവര്‍ത്തിക്കുകയും ചെയ്തു.
സിഎസ്‌കെ 11- മൈക്കല്‍ ഹസി, മാത്യു ഹെയ്ഡന്‍, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, എംഎസ് ധോണി (c), രവീന്ദ്ര ജഡേജ, ആല്‍ബി മോര്‍ക്കല്‍, ശിവം ദുബെ, ഡ്വെയ്ന്‍ ബ്രാവോ, ഹര്‍ഭജന്‍ സിങ്, എല്‍ ബാലാജി.