റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരിലൊരാളാണ് വെറ്ററന്‍ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍. ബൗളിങിനൊപ്പം ബാറ്റിങിലും ഈ ഫോര്‍മാറ്റില്‍ അദ്ദേഹമുണ്ടാക്കുന്ന ഇംപാക്ട് വളരെ വലുതാണെന്നു കാണാം. പ്രത്യേകിച്ചും ഏഷ്യന്‍ പിച്ചുകളില്‍ ബാറ്റിങിലും മികച്ച ഇന്നിിങ്‌സുകള്‍ കളിക്കാന്‍ അശ്വിനു സാധിക്കാറുണ്ട്.
അദ്ദേഹത്തിന്റെ ബാറ്റിങ് മികവ് കൊണ്ടു ഇന്ത്യ ജയിച്ചിട്ടുള്ള പല ടെസ്റ്റുകളും നമുക്കു ചൂണ്ടിക്കാണിക്കാനും സാധിക്കും. എന്നാല്‍ ഇപ്പോള്‍ കരിയറിന്റെ ക്ലൈമാക്‌സിലേക്കു അടുക്കുകയാണ് 38 കാരനായ അശ്വിന്‍. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ അടുത്ത സൈക്കിളില്‍ അദ്ദേഹം ടീമിലുണ്ടാവുമോയന്ന കാര്യവും സംശയത്തിലാണ്.
അശ്വിനെപ്പോലെ ബാറ്റിങിലും ബൗളിങിലും ഒരുപോലെ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന ഒരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറെ ഇന്ത്യക്കു ആവശ്യമാണ്. അശ്വിന്റെ പിന്‍ഗാമിയായി ഇന്ത്യക്കു ടെസ്റ്റില്‍ വളര്‍ത്തിയെടുക്കാവുന്ന മൂന്നു പേര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

വാഷിങ്ടണ്‍ സുന്ദര്‍
ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍ ആര്‍ അശ്വിന്റെ നാട്ടുകാരന്‍ കൂടിയായ യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ്. ഇടംകൈയന്‍ ബാറ്ററും വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള സ്പിന്നറും കൂടിയാണ് അദ്ദേഹം. ന്യൂസിലാന്‍ഡുമായുള്ള അവസാന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ മറ്റു ബൗളര്‍മാര്‍ പതറിയപ്പോഴും വാഷിങ്ടണിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അശ്വിന്റെ പകരക്കാരന്റെ റോളിലേക്കു നിലവില ഫേവറിറ്റും അദ്ദേഹം തന്നെയാണെന്നു കാണാം. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനായി ഓപ്പണറായി പോലും കളിച്ചിട്ടുള്ള താരമാണ് വാഷിങ്ടണ്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ബാറ്റിങിന്റെ കാര്യത്തില്‍ സംശയവുമില്ല.
അവസാനത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ഫിഫ്റ്റിയടക്കം നേടി വാഷിങ്ടണ്‍ ബാറ്റിങില്‍ തിളങ്ങിയിരുന്നു. ബാറ്റിങില്‍ ആവശ്യമെങ്കില്‍ ഏതു റോളിലേക്കും പ്രൊമോട്ട് ചെയ്യാന്‍ സാധിക്കുമെന്നതും അദ്ദേഹത്തിന്റെ സ്‌പെഷ്യലാക്കി മാറ്റുന്നു. ഇടയ്ക്കു പരിക്കുകള്‍ വേട്ടയാടാറുണ്ടെന്നതു മാത്രമാണ് വാഷിങ്ടണിന്റെ ഏക പ്രശ്‌നം. ഫിറ്റ്‌നസില്‍ കൂടി ശ്രദ്ധിക്കുകയാണെങ്കില്‍ ദീര്‍ഘകാലം ടീം ഇന്ത്യക്കു വേണ്ടി കളിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.
തനുഷ് കോട്ടിയാന്‍
മുംബൈയില്‍ നിന്നുള്ള യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ തനുഷ് കോട്ടിയാനാണ് ആര്‍ അശിന്റെ പകരക്കാരനാവാന്‍ സാധിക്കുന്ന രണ്ടാമത്തെയാള്‍. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരമാണ് അദ്ദേഹം. മുംബൈയ്ക്കായി ബാറ്റും ബോളും കൊണ്ട് പല തകര്‍പ്പന്‍ പ്രകടനങ്ങളും താരം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇന്ത്യന്‍ ടീമിലേക്കു തനുഷിന് ഇനിയും വിളിയെത്തിയിട്ടില്ല.

അശ്വിനെപ്പോലെ വലംകൈയന്‍ ഓഫ് സ്പിന്നറും കൂടിയാണ് അദ്ദേഹം. 26 കാരനായ താരം മുംബൈയ്ക്കായി 33 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളിലാണ് കളിച്ചത്. ഇവയില്‍ നിന്നും 3.31 ഇക്കോണമി റേറ്റില്‍ 101 വിക്കറ്റുകളും നേടിയിട്ടുണ്ട്. മൂന്നു അഞ്ചു വിക്കറ്റ് നേട്ടവും അഞ്ചു നാലു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടും. ബാറ്റിങിലേക്കു വന്നാല്‍ 41.21 ശരാശരിയില്‍ 1525 റണ്‍സും തനുഷ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും 13 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
റിയാന്‍ പരാഗ്
യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെ താരം. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണിനു കീഴില്‍ കൂടുതല്‍ മെച്ചപ്പെട്ട താരമായി മാറിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍സിന്റെ ടോപ്‌സ്‌കോററും കൂടിയായിരുന്നു പരാഗ്.
വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റെന്നാണ് താരത്തെ ആരാധകര്‍ വിളിക്കാറുള്ളതെങ്കിലും റെഡ് ബോളിലും കസറാനുള്ള ശേഷി പരാഗിനുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അസമിനായി 32 മല്‍സരങ്ങളില്‍ താരം കളിച്ചു കഴിഞ്ഞു.
ഇവയില്‍ നിന്നും 36.29 ശരാശരിയില്‍ 1991 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. മൂന്നു സെഞ്ച്വറിയും 13 ഫിഫ്റ്റിയുമടക്കമാണിത്. ബൗളറെന്ന നിലയില്‍ 3.8 ഇക്കോണമി റേറ്റില്‍ 51 വിക്കറ്റുകളും വീഴ്ത്തി. ഒരു അഞ്ചു വിക്കറ്റ് നേട്ടമടക്കമാണിത്.