ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ രഞ്ജി ട്രോഫിയില്‍ കളിക്കേണ്ടത് എത്ര മാത്രം പ്രധാനമാണെന്നുള്ള സൂചന നല്‍കിയാണ് ബിസിസിഐ പുതിയ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ ടീമിന്റെ ഭാഗമല്ലാത്തപ്പോള്‍ താരങ്ങള്‍ നിര്‍ബന്ധമായും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കണമെന്നും അല്ലാത്ത പക്ഷം കടുത്ത നടപടികളുണ്ടാവുമെന്നുമാണ് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് മനപ്പൂര്‍വ്വം രഞ്ജിയില്‍ നിന്നും മാറിനിന്ന മുന്‍നിര താരങ്ങളായ ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും പുതിയ കരാറില്‍ നിന്നും ബിസിസിഐ ഒഴിവാക്കിയിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെ നിസാരമായി കാണുന്ന പലര്‍ക്കുമുള്ള മുന്നറിയിപ്പ് കൂടിയാണ് ബിസിസിഐയുടെ ഈ തീരുമാനം.

എന്നാല്‍ നിലവില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിക്കഴിഞ്ഞ താരങ്ങളെയെടുത്താല്‍ എത്ര പേര്‍ രഞ്ജിയില്‍ കളിച്ചിട്ടുണ്ട്? അരങ്ങേറ്റത്തിനു ശേഷം ഭൂരിഭാഗം കളിക്കാരും രഞ്ജിയെ പൂര്‍ണമായി കൈയൊഴിഞ്ഞതായി കണക്കുകള്‍ കാണിക്കുന്നു. ചുരുക്കം ചില താരങ്ങള്‍ മാത്രമേ ടെസ്റ്റ് അരങ്ങേറ്റത്തിനു ശേഷവും രഞ്ജിയില്‍ കളിക്കാന്‍ തയ്യാറാവുന്നുള്ളൂയെന്നതാണ് യാഥാര്‍ഥ്യം.
നിലവില്‍ മല്‍സരരംഗത്തുള്ള ഇന്ത്യന്‍ താരങ്ങളെയെടുത്താല്‍ ടെസ്റ്റ് അരങ്ങേറ്റത്തിനു ശേഷം രഞ്ജിയില്‍ ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളത് സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണ്. കര്‍ണാടകയ്ക്കായി 12 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ അദ്ദേഹം കളിക്കാനിറങ്ങിയിട്ടുണ്ട്.
50 ടെസ്റ്റുകളില്‍ കളിച്ചിട്ടും രാഹുല്‍ ഇത്രയും രഞ്ജി മല്‍സരങ്ങിളില്‍ കളിക്കാന്‍ തയ്യാറായെന്നതാണ് പ്രശംസനീയമായ കാര്യം. അവസാനമായി അദ്ദേഹം രഞ്ജിയില്‍ ഇറങ്ങിയത് 2020 ഫെബ്രുവരി 29ന് നടന്ന ബംഗാളുമായുള്ള മല്‍സരത്തിലായിരുന്നു.
രാഹുലിനെ മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു ഇന്ത്യന്‍ താരത്തിന്റെയും രഞ്ജി മല്‍സരങ്ങളുടെ എണ്ണം രണ്ടക്കത്തിലെത്തിയിട്ടില്ല. വെറ്ററന്‍ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ് രഞ്ജിയില്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചവരില്‍ രണ്ടാംസ്ഥാനം പങ്കിടുന്നത്. ഒമ്പതു വീതം മല്‍സരങ്ങളില്‍ രണ്ടു പേരും കളിക്കാനിറങ്ങി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തമിഴ്‌നാടിന്റെ താരമാണ് അശ്വിനെങ്കില്‍ ജഡേജയുടെ ടീം സൗരാഷ്ട്രയുമാണ്. 2020ല്‍ റെയില്‍വേസിനെതിരേയാണ് അശ്വിനെ അവസാനമായി രഞ്ജിയില്‍ കണ്ടത്. ജഡേജയാവട്ടെ കഴിഞ്ഞ വര്‍ഷം തമിഴ്‌നാടിനെതിരേയും കളിച്ചിട്ടുണ്ട്.
സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ് രഞ്ജിയില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള മൂന്നാമത്തെ താരം. എട്ടു മല്‍സരങ്ങളിലാണ് അദ്ദേഹം മുംബൈയ്ക്കായി ഇറങ്ങിയത്. അവസാന മല്‍സരം ഈ മാസം 23നു ബറോഡയുമായിട്ടായിരുന്നു. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ലിസ്റ്റിലെ നാലാമന്‍. ടെസ്റ്റില്‍ അരങ്ങേറിയ ശേഷം അദ്ദേഹം രഞ്ജി ട്രോഫിയില്‍ അഞ്ചു മല്‍സരങ്ങളില്‍ ബംഗാളിനായി പന്തെറിഞ്ഞു. അവസാനത്തെ മല്‍സരം 2018ല്‍ കേരളത്തിനെതിരേയുമാണ്.

ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ രഞ്ജി ട്രോഫിയില്‍ മൂന്നു മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. തമിഴ്‌നാട് താരമായ അദ്ദേഹത്തിന്റെ അവസാനത്തെ മല്‍സരം കഴിഞ്ഞ മാസം ഗുജറാത്തുമായിട്ടാണ്. ഇന്ത്യയുടെ മറ്റൊരു താരവും ഒന്നില്‍ക്കൂടുതല്‍ രഞ്ജി മല്‍സരങ്ങള്‍ അരങ്ങേറ്റത്തിനു ശേഷം കളിച്ചിട്ടില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും ഓരോ മല്‍സരങ്ങളില്‍ വീതമാണ് കളിച്ചിട്ടുള്ളത്. രോഹിത്തിന്റെ അവസാന രഞ്ജി മല്‍സരം 2015ലും കോലിയുടേത് 2012ലുമാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, ശുഭ്മന്‍ ഗില്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ശ്രേയസ് അയ്യര്‍, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍ എന്നിവരെല്ലാം ഓരോ മല്‍സരങ്ങള്‍ വീതമാണ് രഞ്ജിയില്‍ കളിച്ചത്.
ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, മുഹമ്മദ് സിറാജ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കെഎസ് ഭരത്, യശസ്വി ജയ്‌സ്വാള്‍, രജത് പാട്ടിധാര്‍, ധ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍, ആകാശ് ദീപ് എന്നിവരാവട്ടെ ഒരു മല്‍സരം പോലും രഞ്ജിയില്‍ കളിച്ചിട്ടുമില്ല. ഇവരില്‍ അവസാനത്തെ നാലു പേരും ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറിയവരാണ്.