ഈ വര്‍ഷം ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍ ആര്? തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

ഈ വര്‍ഷത്തെ ഇതുവരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. മൂന്നു ഫോര്‍മാറ്റുകളിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍ ആരാണെന്നു ചോപ്ര ചൂണ്ടിക്കാട്ടിയത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു രാജ്യത്തിനു വേണ്ടി ബാറ്റിങില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയ താരങ്ങളെ അദ്ദേഹം തിരഞ്ഞെടുത്തത്.
ഒരുപാട് പേരുടെ പ്രകടനം താന്‍ വിലയിരുത്തിയ ശേഷമാണ് ഇന്ത്യയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ബാറ്ററെ ചോപ്ര കണ്ടെത്തിയത്. ഈ വര്‍ഷം ഇനി ഒരു മല്‍സരം മാത്രമാണ് ഇന്ത്യക്കു ശേഷിക്കുന്നത്. സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരമാണിത്. ഈ മാസം 26 മുതലാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.

രോഹിത് മികച്ച ടെസ്റ്റ് ബാറ്റര്‍
ഒരുപാട് താരങ്ങളുടെ പേരുകള്‍ എന്റെ മനസ്സിലേക്കു വന്നിരുന്നു. അക്കൂട്ടത്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുമുണ്ടായിരുന്നു. കാരണം പല ഫോര്‍മാറ്റുകളിലും അദ്ദേഹം ഒരുപാട് റണ്‍സ് നേടിയിരുന്നു. ഈ വര്‍ഷമാദ്യം നടന്ന ഗാബ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ വീഴ്ത്താന്‍ ഇന്ത്യയെ സഹായിച്ചത് റിഷഭിന്റെ മികച്ച ഇന്നിങ്‌സായിരുന്നു. പക്ഷെ ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ടെസ്റ്റ് ബാറ്ററായി ഞാന്‍ തിരഞ്ഞെടുക്കുന്നത് രോഹിത് ശര്‍മയെയായിരിക്കും. മല്‍സരവിധി തീരുമാനിച്ച പല നിര്‍ണാക ഇന്നിങ്‌സുകളും അദ്ദേഹം കളിച്ചിട്ടുണ്ടെന്നും ചോപ്ര വിലയിരുത്തി.

വ്യത്യസ്ത സാഹചര്യങ്ങളില്‍ തിളങ്ങി
വ്യത്യസ്ത സാഹചര്യങ്ങളില്‍ ബാറ്ററെന്ന നിലയില്‍ രോഹിത് ശര്‍മയ്ക്കു ടെസ്റ്റില്‍ തിളങ്ങാന്‍ സാധിച്ചതായി ചോപ്ര അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ സാഹചര്യങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. എന്നിട്ടും അദ്ദേഹം ഒരുപാട് റണ്‍സ് രോഹിത് നേടി. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഗംഭീര ബാറ്റിങായിരുന്നു അദ്ദേഹത്തിന്റേത്. ഈ ടെസ്റ്റില്‍ രോഹിത് ഒരു വശത്തും മറുവശത്ത് ഇംഗ്ലണ്ട് ടീമുമായിരുന്നു. അത്രയും മികവുറ്റ ഇന്നിങ്‌സായിരുന്നു അന്നു അദ്ദേഹം കളിച്ചത്. തുടര്‍ന്ന് രോഹിത് ഇംഗ്ലണ്ടിലേക്കു തിരിച്ചു. അവിടെയും വീറുറ്റ പ്രകടനത്തിലൂടെ അദ്ദേഹം പിടിച്ചുനിന്നു. വ്യതസ്ത ശൈലിയിലുള്ള രോഹിത്തിന്റെ ബാറ്റിങായിരുന്നു നമ്മള്‍ അവിടെ കണ്ടതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റിനെ രോഹിത് ഇഷ്ടപ്പെടാന്‍ തുടങ്ങി
ക്ഷമ കരുത്താക്കി മാറ്റിയാണ് രോഹിത് ശര്‍മ ടെസ്റ്റിലും മികച്ച ഇന്നിങ്‌സുകള്‍ കളിച്ചതെന്നു ചോപ്ര പറയുന്നു. രോഹിത്തിന്റെ ടെസ്റ്റ് കരിയര്‍ അവസാനിച്ച ശേഷം നമ്മള്‍ അദ്ദേഹത്തിന്റെ പ്രകടനങ്ങളിലേക്കു തിരിഞ്ഞു നോക്കുകയാണെങ്കില്‍ 2021നെ ഒരുപാട് നമ്മള്‍ ഇഷ്ടപ്പെടുമെന്നുറപ്പാണ്. ഇതു വളരെ സുപ്രധാനമായ വര്‍ഷമായിരുന്നു. ഈ വര്‍ഷം രോഹിത് ടെസ്റ്റ് ക്രിക്കറ്റിനെ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുകയാണ്. പ്രതിരോധിക്കാനും ബോള്‍ ലീവ് ചെയ്യാനുമെല്ലാം അദ്ദേഹം ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. രോഹിത് ഇവ വളരെയധികം ആസ്വദിക്കുന്നതായും ചോപ്ര വിശദമാക്കി.
ഈ വര്‍ഷം ടെസ്റ്റില്‍ രണ്ടു സെഞ്ച്വറികളും നാലു ഫിഫ്റ്റികളും രോഹിത് നേടിയിട്ടുണ്ട്. ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ നേടിയ 167 റണ്‍സും ഇംഗ്ലണ്ടിനെതിരേ തന്നെ ഓവലില്‍ നേടിയ 127 റണ്‍സുമാണ് ഏറ്റവും മികച്ച ഇന്നിങ്‌സുകള്‍.

ടി20യിലും രോഹിത് തന്നെ
ടെസ്റ്റില്‍ മാത്രമല്ല ടി20 ഫോര്‍മാറ്റിലും ഇന്ത്യയുടെ ഈ വര്‍ഷത്തെ മികച്ച ബാറ്റര്‍ രോഹിത്താണെന്നു ചോപ്ര പറഞ്ഞു. ടി20 ഫോര്‍മാറ്റെടുത്താല്‍ നിങ്ങള്‍ കെഎല്‍ രാഹുലിനെക്കുറിച്ചായിരിക്കും ചിന്തിക്കുന്നത്. പക്ഷെ അദ്ദേഹം ഒരുപാട് റണ്‍സൊന്നും നേടിയിട്ടില്ല. വിരാട് കോലിയും അത്രയധികം റണ്‍സ് ടി20യില്‍ നേടിയിട്ടില്ല. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരുടെ പേരുകളും നിങ്ങള്‍ പരിഗണിച്ചേക്കാം. പക്ഷെ എന്റെ അഭിപ്രായത്തില്‍ ഇവരേക്കാളെല്ലാം മുകളില്‍ രോഹിത്താണ്.
ഈ വര്‍ഷം ടി20യില്‍ രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റും വര്‍ധിച്ചിട്ടുണ്ട്. മാത്രമല്ല ശരാശരിയും മെച്ചപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ ടി20 ടീമിന്റെ ക്യാപ്റ്റനായും രോഹിത് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് ടി20 ബാറ്റര്‍ രോഹിത്താണ്. ഈ വര്‍ഷം അദ്ദേഹത്തിന്റേതാണെന്നും ചോപ്ര വിശദീകരിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications