ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് യുവരാജ് സിങ്. വെടിക്കെട്ട് ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിച്ചിരുന്ന യുവിയെ ഇന്ത്യയുടെ ലോകകപ്പ് ഹീറോയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ അലമാരയിലെത്തിച്ചതിന് പിന്നില്‍ യുവിയുടെ ഓള്‍റൗണ്ട് മികവായിരുന്നു. 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ യുവി നടത്തിയ വെടിക്കെട്ട് ക്രിക്കറ്റ് ലോകം മറക്കാത്തതാണ്.
12 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി ലോക റെക്കോഡിട്ട യുവരാജ് സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തി. ഇന്ത്യന്‍ താരങ്ങളില്‍ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയ ഏക താരമാണ് യുവരാജ്. ബ്രോഡ് അന്ന് യുവതാരമായിരുന്നെങ്കിലും മികച്ച ലൈനും ലെങ്തുമുള്ള ബൗളറായിരുന്നു. എന്നാല്‍ യുവരാജിന്റെ ബാറ്റിങ് ചൂടിന് മുന്നില്‍ ആ യുവ ബൗളര്‍ക്ക് ഉത്തരമില്ലായിരുന്നു. എന്നാല്‍ ബ്രോഡിനെ കണ്ണീരിലാഴ്ത്തി യുവി വെടിക്കെട്ട് നടത്താന്‍ കാരണം ആന്‍ഡ്രൂ ഫ്‌ളിന്റോഫാണ്.
ആന്‍ഡ്രൂ ഫ്‌ളിന്റോഫ് യുവിയെ പ്രകോപിപ്പിച്ചതിന്റെ ദേഷ്യമാണ് തൊട്ടടുത്ത ഓവറില്‍ ബ്രോഡിനോട് തീര്‍ത്തത്. അന്ന് യുവരാജിനെ പ്രകോപിപ്പിച്ചതില്‍ ഇന്നും ഫ്‌ളിന്റോഫ് നിരാശപ്പെടുന്നുണ്ടാവും. കാരണം മത്സരഫലത്തെയാണ് ഇത് മാറ്റിമറിച്ചത്. ഫ്‌ളിന്റോഫ് യുവരാജിനോട് എന്തോ പറയുന്നതും പിന്നാലെ യുവി പ്രകോപിതനാകുന്നതും എല്ലാവരും കണ്ടതാണ്. എന്നാല്‍ എന്താണ് ഫ്‌ളിന്റോഫ് തന്നോട് പറഞ്ഞതെന്ന് ഒരിക്കല്‍ യുവരാജ് വെളിപ്പെടുത്തിയിരുന്നു.
അത് എന്താണെന്ന് ഓര്‍മയുണ്ടോ?. പരിശോധിക്കാം. 'ഫ്‌ളിന്റോഫ് നല്ല രണ്ട് പന്തുകള്‍ എറിഞ്ഞു. ഒരു യോര്‍ക്കര്‍ എറിഞ്ഞപ്പോള്‍ ഞാനത് ബൗണ്ടറി നേടി. ഇതിന് പിന്നാലെ ഇതൊരു മോശം ഷോട്ടാണെന്നും എന്ത് തരം ഷോട്ടാണിതെന്നുമെല്ലാം ചോദിച്ചു. നിന്റെ കഴുത്ത് ഞാന്‍ കണ്ടിക്കാന്‍ പോവുകയാണെന്ന് പറഞ്ഞു. നിങ്ങള്‍ എന്റെ കൈയിലെ ഈ ബാറ്റ് കണ്ടോ. ഇതുകൊണ്ട് ഞാന്‍ എവിടെയാണ് അടിക്കുന്നത് നിനക്കറിയാമോ എന്നാണ് ഞാന്‍ ഫ്‌ളിന്റോഫിനോട് ചോദിച്ചത്' യുവരാജ് വെളിപ്പെടുത്തി.

ഈ സംസാരമാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് യുവരാജ് പറയുന്നത്. 'ആ സംസാരം എന്നെ വളരെ പ്രകോപിതനാക്കി. ബ്രോഡിന്റെ ആറ് പന്തുകളും ഞാന്‍ സിക്‌സര്‍ പറത്തി. അതിന് ശേഷം ഞാന്‍ ദിമിത്രി മസ്‌കരാനസിനേയും ഫ്‌ളിന്റോഫിനേയും മാറി മാറി നോക്കി. ഏകദിന പരമ്പരയില്‍ മസ്‌കരാനസ് എനിക്കെതിരേ അഞ്ച് സിക്‌സുകള്‍ പറത്തിയിരുന്നു. അതുകൊണ്ടുതന്നെ ആദ്യം ഞാന്‍ നോക്കിയത് അവനെയാണ്. ഇപ്പോഴും ഞാന്‍ ഓര്‍ത്തിരിക്കുന്ന മത്സരമായിരുന്നു ഇത്' യുവരാജ് പറഞ്ഞു.
ഈ മത്സരത്തിന് ശേഷം ഫ്‌ളിന്റോഫ് യുവിയോട് ക്ഷമ ചോദിക്കുകയും പരസ്പരം കൈകൊടുത്ത് പിരിയുകയും ചെയ്തിരുന്നു. എന്തായാലും ഫ്‌ളിന്റോഫിന്റെ പ്രകോപനം ഇന്ത്യക്ക് ഗുണകരമായി മാറിയെന്നതാണ് വസ്തുത. അഞ്ചാമനായി ക്രീസിലെത്തിയ യുവരാജ് 16 പന്തില്‍ 58 റണ്‍സുമായാണ് പുറത്തായത്. 3 ഫോറും 7 സിക്‌സും ഉള്‍പ്പെടെയാണ് യുവി കത്തിക്കയറിയത്. ഗൗതം ഗംഭീര്‍ 41 പന്തില്‍ 58 റണ്‍സും വീരേന്ദര്‍ സെവാഗ് 52 പന്തില്‍ 68 റണ്‍സും നേടിയിരുന്നു.
പിന്നാലെ യുവിയുടെ വെടിക്കെട്ട് കൂടിയായപ്പോള്‍ നാല് വിക്കറ്റിന് 218 എന്ന മികച്ച ടോട്ടലിലേക്ക് ഇന്ത്യയെത്തി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ശക്തമായ പോരാട്ടം കാഴ്ചവെച്ചു. 6 വിക്കറ്റിന് 200 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 18 റണ്‍സിന് ജയിക്കുകയും യുവരാജ് സിങ് കളിയിലെ താരമാവുകയും ചെയ്തു. യുവരാജിന്റെ ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ചിലപ്പോള്‍ ഈ മത്സരം തോറ്റേനെ. അതുകൊണ്ടുതന്നെ ഫ്‌ളിന്റോഫിന്റെ പ്രകോപനം ഇന്ത്യക്ക് അനുഗ്രഹമായിയെന്ന് തന്നെ പറയാം.