
വെസ്റ്റ് ഇന്‍ഡീസിനെതിരായ തൊട്ടുമുമ്പത്തെ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിനു മുമ്പാണ് വിരാട് കോലിക്കും റിഷഭ് പന്തിനും ഇന്ത്യ വിശ്രമം നല്‍കിയത്. ഇതേ തുടര്‍ന്നു മൂന്നാം ടി20യില്‍ മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യരായിരുന്നു ബാറ്റ് ചെയ്തത്. 16 ബോളില്‍ 25 റണ്‍സ് താരം നേടുകയും ചെയ്തു. പിന്നാലെ ലങ്കയ്‌ക്കെതിരേ മൂന്നു ടി20കളിലും ഇത് പൊസിഷനില്‍ തന്നെ ശ്രേയസിനെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു.

അടുത്ത ടി20 പരമ്പരയില്‍ കോലി തീര്‍ച്ചയായും ടീമില്‍ തിരിച്ചെത്തും. ഇതോടെ മൂന്നാം നമ്പര്‍ അദ്ദേഹത്തിനു ലഭിക്കും. നാലാം നമ്പറില്‍ റിഷഭ് പന്തായിരിക്കും കളിക്കുക. അഞ്ചാം നമ്പര്‍ സൂര്യകുമാര്‍ യാദവ് തന്നെ നിലനിര്‍ത്തും. വിന്‍ഡീസിനെതിരേ പ്ലെയര്‍ ഓഫ് ദി സീരീസായിരുന്നു അദ്ദേഹം. അപ്പോള്‍ ശ്രേയസിനു ഏതു പൊസിഷന്‍ നല്‍കുമെന്നതാണ് ചോദ്യം.

ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രശ്‌നം തന്നെയായിരിക്കും ഇതെന്നു സുനില്‍ ഗവാസ്‌കര്‍ നിരീക്ഷിച്ചു. വിരാട് കോലിയെ മൂന്നാംനമ്പറില്‍ നിന്നും തീര്‍ച്ചയായും മാറ്റാന്‍ കഴിയില്ല. അക്കാര്യത്തില്‍ ഒരു ചോദ്യവുമില്ല. അപ്പോള്‍ ശ്രേയസ് അയ്യരെപ്പോലെയൊരാളെ നാല്, അഞ്ച് പൊസിഷനുകളില്‍ കളിപ്പിക്കേണ്ടി വരും.
പക്ഷെ സൂര്യകുമാര്‍ ഉജ്ജ്വലമായാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ ഉറപ്പായും ടീമിലുള്‍പ്പെടുത്തും. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് സൂര്യയും ശ്രേയസുമുള്ളത് വലിയൊരു പ്ലസ് തന്നെയായിരിക്കും. ശ്രേയസ്, സൂര്യ എന്നിവരിലൊരാള്‍ക്കു മാത്രമേ പ്ലെയിങ് ഇലവനില്‍ സ്ഥാനമുണ്ടാവുകയുള്ളൂവെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

ശക്തമായ ബാറ്റിങ് ലൈനപ്പുള്ളതിനാല്‍ തന്നെ ബാറ്റ് ചെയ്യുന്ന ബൗളര്‍മാര്‍ക്കു പകരം സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെ തന്നെ ടീമിലുള്‍പ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കണമെന്നു സുനില്‍ ഗവാസ്‌കര്‍ നിര്‍ദേശിച്ചു. ബൗളിങില്‍ ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് ഓപ്ഷനുകളുണ്ട്. ഇതു ബാറ്റ് ചെയ്യുന്ന ബൗളര്‍മാര്‍ക്കു പകരം യഥാര്‍ഥ ബൗളര്‍മാരെ കളിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്യും.

മുഹമ്മദ് സിറാജ് അല്ലെങ്കില്‍ ആവേശ് ഖാന്‍ എന്നിവരെപ്പോലുള്ളവരെ ഇറക്കാം. ഇവര്‍ ബാറ്റിങില്‍ പേരുകേട്ടവരല്ല. ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍ എന്നിവരെപ്പോലെ ബാറ്റിങുമറിയുന്നവര്‍ക്കു കൂടുതല്‍ പരിഗണന നല്‍കേണ്ടി വരില്ല. ഇതു ബൗളിങിന്റെ മൂര്‍ച്ച കൂട്ടുമെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയും തൂത്തുവാരിയതോടെ ഇന്ത്യന്‍ ടീം അടുത്തതായി ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുകയാണ്. ലങ്കയുമായി രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. അതിനു ശേഷം ഇന്ത്യന്‍ താരങ്ങള്‍ രണ്ടു മാസത്തിലേറെ നീളുന്ന ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിക്കും.
ഐപിഎല്ലിനു ശേഷം ജൂണിലാണ് ഇന്ത്യയുടെ അടുത്ത ടി20 പരമ്പരയുള്ളത്. അഞ്ചു ടി20കളിലാണ് ഇന്ത്യയും സൗത്താഫ്രിക്കയും ഏറ്റുമുട്ടുക. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ടെസ്റ്റ്, ഏകദിന പരമ്പരകളിലേറ്റ തോല്‍വിക്കു കണക്കു ചോദിക്കുകയാവും ടി20യില്‍ ഇന്ത്യയുടെ ലക്ഷ്യം.


Click it and Unblock the Notifications