
ചഹിലിന് പകരം കുല്‍ദീപ്
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനായി കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനം നടത്തിയ റിസ്റ്റ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന് പക്ഷെ ഏകദിന പരമ്പരയില്‍ തിളങ്ങാനായിട്ടില്ല. ഒട്ടേറെ റണ്‍സ് വഴങ്ങിയ ചഹലിന് ഒരിക്കല്‍പ്പോലും ഓസീസ് ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും കഴിഞ്ഞിട്ടില്ല.
ചഹലിനു പകരം മറ്റൊരു റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ പരീക്ഷിക്കണം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭൂരിഭാഗം മല്‍സരങ്ങളിലും ടീമിന് പുറത്തായിരുന്നെങ്കിലും കുല്‍ദീപ് ഇന്ത്യന്‍ ജഴ്‌സിയില്‍ തിളങ്ങിയേക്കും. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ കുല്‍ദീപ് മികച്ച പ്രകടനം നടത്തിയിരുന്നു.

സെയ്‌നിക്കു പകരം നടരാജന്‍/ താക്കൂര്‍
റോയല്‍ ചാലഞ്ചേഴ്‌സിന്റെ മറ്റൊരു താരവും യുവ പേസറുമായ നവദീപ് സെയ്‌നിയും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ വന്‍ ഫ്‌ളോപ്പായി മാറി. കളിയില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ സെയ്‌നിക്കു ഇതുവരെ കഴിഞ്ഞിട്ടില്ല. വളരെ അനായാസമാണ് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ അദ്ദേഹത്തിനെതിരേ റണ്‍സ് വാരിക്കൂട്ടുന്നത്.
സെയ്‌നിക്കു പകരം ശര്‍ദ്ദുല്‍ താക്കൂറിനെയോ പുതുമുഖം ടി നടരാജനെയോ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്. യോര്‍ക്കറുകള്‍ എറിയുന്നതില്‍ മിടുക്കനായ നടരാജനെ ഇന്ത്യ കളിപ്പിക്കാനാണ് കൂടുതല്‍ സാധ്യത. ഡെത്ത് ഓവറുകളിലും മികച്ച ബൗളിങ് കാഴ്ചവയ്ക്കാന്‍ തമിഴ്‌നാട്ടുകാരനായ പേസര്‍ക്കു കഴിയും. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം ഡെത്ത് ഓവറുകളില്‍ നടരാജനും ചേരുന്നതോടെ അത് ഇന്ത്യന്‍ ബൗളിങിന് കൂടുതല്‍ മൂര്‍ച്ചയേകും.

മായങ്കിനു പകരം ശുഭ്മാന്‍ ഗില്‍
ഓപ്പണര്‍ മായങ്ക് അഗര്‍വാളിനു പകരം യുവ താരം ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യക്കു മൂന്നാം ഏകദിനത്തില്‍ കളിപ്പിക്കാവുന്നതാണ്. കഴിഞ്ഞ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി മായങ്ക് തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചിരുന്നു. ഇതാണ് ഓസീസിനെതിരേ അദ്ദേഹത്തിന് ഇന്ത്യയുടെ ഇലവനില്‍ ഇടം നേടിക്കൊടുത്തത്.
ഏകദിന പരമ്പരയില്‍ രണ്ടു മല്‍സസരങ്ങളിലും മായങ്കിനു മികച്ച തുടക്കമായിരുന്നു ലഭിച്ചത്. പക്ഷെ ഇവ വലിയ ഇന്നിങ്‌സുകളാക്കി മാറ്റാന്‍ അദ്ദേഹത്തിനായില്ല. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി മോശമല്ലാത്ത പ്രകടനമാണ് 21 കാരനായ ഗില്‍ കാഴ്ചവച്ചത്. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുന്ന മായങ്കിന്റെ ശൈലിയില്‍ നിന്നും വ്യത്യസ്തമായ ശൈലിയാണ് ഗില്ലിന്റേത്. പതിയെ തുടങ്ങി ഇന്നിങ്‌സ് പടുത്തുയര്‍ത്തുന്ന ഗില്ലിന് കൂടുതല്‍ അനുയോജ്യമായ ഫോര്‍മാറ്റ് കൂടിയാണ് ഏകദിനം. അതുകൊണ്ടു തന്നെ വലിയ ഇന്നിങ്‌സ് കളിച്ച് ടീമിനെ മികച്ച സ്‌കോറിലെത്തിക്കാന്‍ ഗില്ലിന്റെ സാന്നിധ്യം സഹായിക്കും.


Click it and Unblock the Notifications











