വിശ്വ വിജയികള്‍ക്കു മുന്നില്‍ ലോക ഇലവനും രക്ഷയില്ല... സൂപ്പര്‍ ടീമിനെ തരിപ്പണമാക്കി വിന്‍ഡീസ്

ലണ്ടന്‍: ലോര്‍ഡ്‌സില്‍ നടന്ന ക്ലാസിക്ക് പോരാട്ടത്തില്‍ ലോക ഇലവനെതിരേ ട്വന്റി20 ലോക ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന് തകര്‍പ്പന്‍ ജയം. പാകിസ്താന്റെ സൂപ്പര്‍ താരം ഷാഹിദ് അഫ്രീഡി നയിച്ച ലോക ഇലവനെ വിന്‍ഡീസ് അക്ഷരാര്‍ഥത്തില്‍ മുക്കിക്കളയുകയായിരുന്നു. 72 റണ്‍സിന്റെ ആധികാരിക വിജയമാണ് വിന്‍ഡീസ് ആഘോഷിച്ചത്.
കരീബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റിനെ തുടര്‍ന്നു നാശനഷ്ടങ്ങള്‍ സംഭവിച്ച സ്റ്റേഡിയങ്ങളുടെ പുനര്‍നിര്‍മാണത്തിനു വേണ്ടിയുള്ള ധനശേഖരണാര്‍ഥമാണ് ഈ മല്‍സരം സംഘടിപ്പിച്ചിച്ചത്. ലോക ഇലവനില്‍ ഇന്ത്യയില്‍ നിന്നും ദിനേഷ് കാര്‍ത്തിക് മാത്രമാണ് കളിച്ചത്. പക്ഷെ റണ്ണൊന്നുമെടുക്കാനാവാതെ കാര്‍ത്തിക് പുറത്തായി.

വിന്‍ഡീസിന് മികച്ച സ്‌കോര്‍
ടോസ് ലഭിച്ച ലോക ഇലവന്‍ ക്യാപ്റ്റന്‍ അഫ്രീഡി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അഫ്രീഡിയുടെ ഈ തീരുമാനം തെറ്റായിപ്പോയെന്നു തെളിയിക്കുന്ന പ്രകടനമാണ് വിന്‍ഡീസ് പുറത്തെടുത്തത്.
നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിന്‍ഡീസ് 199 റണ്‍സ് അടിച്ചെടുത്തു. തന്റെ ഓപ്പണിങ് പങ്കാളിയായ ക്രിസ് ഗെയ്‌ലിനെ കാഴ്ചക്കാരനാക്കി തകര്‍ത്തടിച്ച എവിന്‍ ലൂയിസാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 26 പന്തില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറുമടക്കം ലൂയിസ് 58 റണ്‍സെടുത്തു. ഗെയ്‌ലിന് 18 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

തകര്‍ത്തടിച്ച് മധ്യനിര
മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ വെടിക്കെട്ട് പ്രകടനമാണ് വിന്‍ഡീസിന്റെസ് സ്‌കോര്‍ 200ന് തൊട്ടരികിലെത്തിച്ചത്. ദിനേഷ് രാംദിന്‍ (44*), മര്‍ലോണ്‍ സാമുവല്‍സ് (43), ആന്ദ്രെ റസ്സല്‍ (21*) എന്നിവരെല്ലാം തങ്ങളുടെ റോള്‍ ഭംഗിയാക്കി.
25 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രാംദിന്റെ ഇന്നിങ്‌സെങ്കില്‍ സാമുവല്‍സ് 22 പന്തില്‍ നാലു സിക്‌സറും രണ്ടു ബൗണ്ടറിയും പായിച്ചു. വെറും 10 പന്തിലാണ് മൂന്നു സിക്‌സറുള്‍പ്പെടെ റസ്സല്‍ 21 റണ്‍സെടുത്തത്.
ലോക ഇലവനു വേണ്ടി അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ രണ്ടു വിക്കറ്റെടുത്തു.

പൊരുതാന്‍ പോലുമാവാതെ ലോക ഇലവന്‍
മറുപടി ബാറ്റിങില്‍ പൊരുതാന്‍ പോലുമാവാതെയാണ് ലോക ഇലവന്‍ കീഴടങ്ങിയത്. മുഴുവന്‍ ഓവര്‍ ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ പോലും അവര്‍ക്കായില്ല. 16.4 ഓവറില്‍ 127 റണ്‍സിന് ലോക ഇലവന്‍ കൂടാരത്തില്‍ തിരിച്ചെത്തി.
ലങ്കന്‍ താരം തിസാര പെരേരയുടെ (61) ഇന്നിങ്‌സാണ് ലോക ഇലവന്റെ മാനംകാത്തത്. മറ്റുള്ളവരൊന്നും 15 റണ്‍സ് പോലും തികച്ചില്ല. പാക് താരം ശുഐബ് മാലിക്ക് (12), ക്യാപ്റ്റന്‍ അഫ്രീഡി (11), ന്യൂസിലന്‍ഡ് താരം മിച്ചെല്‍ മക്ലെനഗന്‍ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

എറിഞ്ഞിട്ട് ബൗളര്‍മാര്‍
ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ലോക ഇലവനെ നിഷ്പ്രഭരാക്കുന്നതായിരുന്നു വിന്‍ഡീസ് ഇലവന്റെ പ്രകടനം. മൂന്നു വിക്കറ്റെടുത്ത കെസ്രിക്ക് വില്ല്യംസാണ് വിന്‍ഡീസ് ബൗളര്‍മാരില്‍ മികച്ചുനിന്നത്.
റസ്സലും സാമുവല്‍ ബദ്രിയും രണ്ടു വിക്കറ്റ് വീതമെടുത്തു. മൂന്നോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ നാലു റണ്‍സ് മാത്രം വഴങ്ങിയാണ് ബദ്രി രണ്ടുവിക്കറ്റ് വീഴ്ത്തിയത്.
വിന്‍ഡീസിന്റെ ടോപ്‌സ്‌കോററായ ഓപ്പണര്‍ ലൂയിസാണ് മാന്‍ ഓഫ് ദി മാച്ച്.
മല്‍സരത്തിന്റെ ഹൈലൈറ്റ്‌സ് കാണാം
ലോക ഇലവനും വിന്‍ഡീസും തമ്മിലുള്ള മല്‍സരത്തിലെ പ്രധാന ദൃശ്യങ്ങള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications