ടി20 ക്യാപ്റ്റന്‍സി ഒഴിയരുതെന്ന് സപ്തംബറില്‍ പറഞ്ഞിരുന്നു! കോലിയുടെ വാദങ്ങള്‍ തള്ളി ബിസിസിഐ
ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി വിവാദവുമായി ബന്ധപ്പെട്ട് വിരാട് കോലിയും ബിസിസിഐയും തമ്മിലുള്ള തര്‍ക്കം മുറുകുകയാണ്. ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുന്നതായി കോലി നേരത്തേ പ്രഖ്യാപിച്ചപ്പോള്‍ അതു പാടില്ലെന്നു അഭ്യര്‍ഥിച്ചിരുന്നതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ദിവസങ്ങള്‍ക്കു മുമ്പ് വെളിപ്പെടുത്തിയിരുന്നു. പക്ഷെ ഇതു അദ്ദേഹം തള്ളുകയായിരുന്നുവെന്നും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രണ്ടു ക്യാപ്റ്റന്‍മാര്‍ ശരിയാവില്ലെന്ന സെലക്ഷന്‍ കമ്മിറ്റിയുടെ അഭിപ്രായത്തെ തുടര്‍ന്നാണ് കോലിയെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയതെന്നുമായിരുന്നു ഗാംഗുലിയുടെ വിശദീകരണം. മാത്രമല്ല ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റുന്നതിനെക്കുറിച്ച് കോലിയെ നേരത്തേ തന്നെ അറിയിച്ചിരുന്നതായും ദാദ വ്യക്തമാക്കിയിരുന്നു.
പക്ഷെ ഗാംഗുലിയുടെ വാക്കുകള്‍ കഴിഞ്ഞ ദിവസം വിര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ കോലി തള്ളുകയായിരുന്നു. ടി20 ടീമിന്റെ നായകസ്ഥാനമൊഴിയണമെന്നു തന്നോടു ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നും വെറും ഒന്നര മണിക്കൂര്‍ മുമ്പാണ് ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റുന്നതായി തന്നെ അറിയിച്ചതെന്നും കോലി തുറന്നടിച്ചിരുന്നു. കോലിയുടെ ഈ വിശദീകരണത്തിനെതിരേ ബിസിസിഐ വീണ്ടും പ്രതികരിച്ചിരിക്കുകയാണ്.

കോലിയോടു ആവശ്യപ്പെട്ടിരുന്നു
വിരാട് കോലി അങ്ങനെ പറയരുത്, ഞങ്ങള്‍ അദ്ദേഹത്തെ കുടുക്കില്‍ നിര്‍ത്തിയിട്ടില്ല. വിരാടുമായി സപ്തംബറില്‍ ഞങ്ങള്‍ സംസാരിക്കുകയും ടി20 ക്യാപ്റ്റന്‍സി ഒഴിയരുതെന്നു ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ടി20 ക്യാപ്റ്റന്‌സി അദ്ദേഹം സ്വയം ഒഴിഞ്ഞ ശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രണ്ടു ക്യാപ്റ്റന്‍മാരെന്നത് ബുദ്ധിമുട്ടായിരുന്നു. സൗത്താഫ്രിക്കയിലേക്കുള്ള ടീം സെലക്ഷന്‍ യോഗത്തിന്റെ രാവിലെ തന്നെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ വിരാടിനെ വിളിക്കുകയും ഏകദിന ക്യാപ്റ്റന്‍സിയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നുവെന്നും ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ആരും എതിര്‍ത്തില്ലെന്നു കോലി
സൗരവ് ഗാംഗുലി നേരത്തേ പറഞ്ഞതില്‍ നിന്നും തീര്‍ത്തും വിരുദ്ധമായാണ് വിരാട് കോലി കഴിഞ്ഞ ദിവസം ടി20 ക്യാപ്റ്റന്‍സിയെക്കുറിച്ച് വിര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ വിശദീകരിച്ചത്.
ടി20 ക്യാപ്റ്റന്‍സി ഒഴിയുന്നതിനെക്കുറിച്ച് ബിസിസിഐയുമായിട്ടാണ് ഞാന്‍ ആദ്യം ആശയവിനിമയം നടത്തിയത്. എന്റെ കാഴ്ചപ്പാട് ഞാന്‍ അവരോടു പറയുകയും ചെയ്തു. ഈ തീരുമാനത്തിന്റെ കാരണങ്ങളും അവരെ അറിയിച്ചു. നല്ല രീതിയിലായിരുന്നു ബിസിസിഐ ഇതിനോടു പ്രതികരിച്ചത്. ആര്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. വളരെ പോസിറ്റീവായാണ് അവര്‍ പ്രതികരിച്ചത്. ടി20 ക്യാപ്റ്റന്‍സി ഒഴിയരുതെന്ന് ആരും എന്നോടു ആവശ്യപ്പെടുകയും ചെയ്തിരുന്നില്ലെന്നും കോലി വ്യക്തമാക്കിയിരുന്നു.

തുടരാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു
ടി20 ക്യാപ്റ്റന്‍സി ഒഴിയുന്നതായി അറിയിച്ച സമയത്തു തന്നെ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായി തുടരാന്‍ ആഗ്രഹിക്കുന്നതായും ഞാന്‍ ബിസിസിഐയോടു പറഞ്ഞിരുന്നു. ഈ സ്ഥാനത്തു ഞാന്‍ തുടരേണ്ടെന്നു ബിസിസിഐയോ, സെലക്ടര്‍മാരോ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഞാന്‍ ഒഴിയാന്‍ തയ്യാറുമായിരുന്നു. ഫോണിലൂടെയും ഇക്കാര്യം അവരെ അറിയിച്ചിരുന്നു. ബിസിസിഐയുമായുള്ള എന്റെ ആശയവിനിമയം ക്ലിയറാണ്. ബിസിസിഐയും സെലക്ടര്‍മാരും ഒരു തീരുമാനമെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ അതില്‍ ഓക്കെയാണെന്നും അവരോടു പറഞ്ഞിരുന്നതായും കോലി വിശദീകരിച്ചിരുന്നു.

അറിയിച്ചത് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രം
ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റുന്നതായി നേരത്തേ അറിയിക്കുകയോ, ഇക്കാര്യം ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്നു വിരാട് കോലി വ്യക്തമാക്കിയിരുന്നു. സൗത്താഫ്രിക്കയ്ക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിനു ഒന്നര മണിക്കൂര്‍ മുമ്പാണ് സെലക്ടര്‍മാര്‍ എന്നെ വിളിക്കുകയും ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നു മാറ്റുകയാണെന്നും അറിയിച്ചത്. ഓക്കെ, ഫൈന്‍ എന്നു ഞാന്‍ പറയുകയും ചെയ്തു. അതിനു മുമ്പ് ഏകദിന ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് ഒരു ആശയവിനിമയവും നടന്നിട്ടില്ലെന്നും കോലി തുറന്നു പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications