ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്താന് ഒരു ജയം പോലുമില്ല- കാരണം ചൂണ്ടിക്കാട്ടി വഖാര്‍
ലോക ക്രിക്കറ്റിലെ ക്ലാസിക്കുകളുടെ ക്ലാസിക്കെന്നാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യ- പാക് ത്രില്ലര്‍ പോലെ ലോകം ഉറ്റുനോക്കുന്ന മറ്റൊരു മല്‍സരം ഇല്ലെന്നു തന്നെ പറയാം. ഫോര്‍മാറ്റോ, പരമ്പരയോ ഏതായാലും മല്‍സരം ഇന്ത്യയും പാകിസ്താനും തമ്മിലാണെങ്കില്‍ അത് മറ്റൊരു ലെവലിലേക്കുയരും.
ലോകകപ്പിലാണ് ഇന്ത്യ- പാക് മല്‍സരമെങ്കില്‍ ഏറ്റവുമാദ്യം ടിക്കറ്റുകള്‍ വിറ്റു തീരുക ഈ കളിക്കായിരിക്കും. ഏകദിന ലോകകപ്പില്‍ ഏഴു തവണ ഇന്ത്യയുമായി ഏറ്റുമുട്ടിയെങ്കിലും ഒന്നില്‍പ്പോലും ജയിക്കാന്‍ പാകിസ്താനായിട്ടില്ല. ഏകദിന ലോകകപ്പില്‍ ഏഴു തവണ കൊമ്പുകോര്‍ത്തപ്പോഴും ജയം ഇന്ത്യക്കായിരുന്നു. ലോകപ്പില്‍ എന്തുകൊണ്ടാണ് ഇന്ത്യക്കെതിരേ പാകിസ്താന് ജയിക്കാന്‍ കഴിയാത്തത് എന്നതിനെക്കുറിച്ചു സംസാരിക്കുകയാണ് മുന്‍ പേസ് ഇതിഹാസം വഖാര്‍ യൂനിസ്.

ഇന്ത്യ മെച്ചപ്പെട്ട പ്രകടനം നടത്തി
ലോകകപ്പിലെ കഴിഞ്ഞ മല്‍സരങ്ങളിലൊന്നും ഇന്ത്യയെ കീഴടക്കാന്‍ പാകിസ്താനു കഴിഞ്ഞിട്ടില്ല. മറ്റു ഫോര്‍മാറ്റുകളിലെല്ലാം ഞങ്ങള്‍ നല്ല പ്രകടനം നടത്തി, ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തി, പക്ഷെ ഏകദിന ലോകകപ്പിലേക്ക് വന്നാല്‍ എല്ലാം മാറി മറിയും.
ഇന്ത്യക്കാണ് ലോകകപ്പില്‍ എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കെതിരേ ആധിപത്യം. അത് അവര്‍ അര്‍ഹിക്കുകയും ചെയ്യുന്നു. ഞങ്ങളേക്കാള്‍ നല്ല ക്രിക്കറ്റാണ് ഇന്ത്യ കാഴ്ചവച്ചിട്ടുള്ളതെന്നാണ് തനിക്കു തോന്നിയിട്ടുള്ളതെന്നും വഖാര്‍ വ്യക്തമാക്കി. ട്വിറ്ററില്‍ ഗ്ലോഫാന്‍സ് ഒഫീഷ്യല്‍സ് പേജില്‍ ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ജയിക്കേണ്ടിയിരുന്ന മല്‍സരം പോലും തോറ്റു
ലോകകപ്പില്‍ ഇന്ത്യക്കെതിരേ ജയിക്കാമായിരുന്ന ചില മല്‍സരങ്ങള്‍ പോലും പാകിസ്താന്‍ തോറ്റിട്ടുണ്ടെന്നു വഖാര്‍ അഭിപ്രായപ്പെട്ടു. 2003ല്‍ പ്രിട്ടോറിയയിലും ബെംഗളൂരുവിലും നടന്ന മല്‍സരങ്ങള്‍ ഓര്‍മയുണ്ട്.
ഇവയില്‍ ചിലതില്‍ താന്‍ കളിക്കുകയും ചെയ്തിരുന്നു. വളരെ പോസിറ്റീവായിട്ടാണ് ലോകകപ്പില്‍ ഇന്ത്യ തങ്ങള്‍ക്കെതിരേ കളിക്കാറുള്ളത്. മികച്ച ടീം കൂടിയായിരുന്നു ഇന്ത്യയുടേത്. അവര്‍ വളരെ സ്മാര്‍ട്ടായി മെച്ചപ്പെട്ട ക്രിക്കറ്റ് കളിക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങള്‍ ഇന്ത്യയെപ്പോലെ സ്മാര്‍ട്ടായി കളിച്ചില്ലെന്നും വഖാര്‍ പറയുന്നു.

ഒരു കാരണം മാത്രം പറയാനാവില്ല
2011, 1996 വര്‍ഷങ്ങളിലെ ലോകകപ്പുകള്‍ നോക്കൂ. അതിലൊക്കെ ഞങ്ങള്‍ ഇന്ത്യയെ തോല്‍പ്പിക്കേണ്ടതായിരുന്നു. പക്ഷെ സാധിച്ചില്ല. കൈയെത്തുംദൂരത്താണ് ഞങ്ങള്‍ വിജയം വലിച്ചെറിഞ്ഞത്. എന്തുകൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്നു ചൂണ്ടിക്കാട്ടുക ബുദ്ധിമുട്ടാണ്.
ഒരുപക്ഷെ ലോകകപ്പില്‍ കളിക്കുന്നതിന്റെ സമ്മര്‍ദ്ദമായിരിക്കാം അതിനു കാരണം. ഒരുപാട് തവണ ഇത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കെതിരേ ജയിക്കാനാവുന്നില്ലെന്ന മാനസിക സമ്മര്‍ദ്ദത്തോടെയാണ് പാകിസ്താന്‍ കളിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. പക്ഷെ തോല്‍വിക്കു ഒരു കാരണം മാത്രം ചൂണ്ടിക്കാട്ടുക വളരെ ബുദ്ധിമുട്ടാണെന്നും വഖാര്‍ വിശദമാക്കി.

ഇന്ത്യ- പാക് മല്‍സരങ്ങള്‍
ഐസിസി ടൂര്‍ണമെന്റുകളിലെല്ലാം പാകിസ്താനെതിരേ ഇന്ത്യക്കു മികച്ച റെക്കോര്‍ഡാണുള്ളത്. ചാംപ്യന്‍സ് ട്രോഫിയില്‍ മാത്രമാണ് പാകിസ്താന് നേരിയ മുന്‍തൂക്കം. ഏകദിന ലോകകപ്പില്‍ ഇതുവരെ നടന്ന ഏഴു മല്‍സരങ്ങളും ഇന്ത്യ ജയിച്ചപ്പോള്‍ ടി20 ലോകകപ്പിലെ അഞ്ചു മല്‍സരങ്ങളില്‍ നാലിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചു. ഒന്നു ടൈ ആവുകയായിരുന്നു. എന്നാല്‍ ചാംപ്യന്‍സ് ട്രോഫിയിലെ അഞ്ചു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ പാകിസ്താനായിരുന്നു ജയം. ഇന്ത്യ ഒന്നില്‍ വെന്നിക്കൊടി പാറിച്ചു.
2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരേ നേടിയ ജയമാണ് ഐസിസി ടൂര്‍ണമെന്റുകളില്‍ അവരുടെ ഏറ്റവും മികച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications