തുടരെ പരാജയം, കോലിയുടെ പ്രശ്‌നം ചൂണ്ടിക്കാട്ടി വിവിഎസ് ലക്ഷ്മണ്‍
ന്യൂസിലാന്‍ഡ് മണ്ണില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ത്യ. ട്വന്റി-20 പരമ്പരയില്‍ കാട്ടിയ വീറൊന്നും ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ ടീം പുറത്തെടുത്തില്ല. വെല്ലിങ്ടണിലെയും ക്രൈസ്റ്റ്ചര്‍ച്ചിലെയും തോല്‍വികള്‍ കോലിപ്പടയ്ക്ക് വലിയ ക്ഷീണം വരുത്തിയിട്ടുണ്ട്. നാട്ടില്‍ വെച്ച് റണ്‍സുകള്‍ വാരിക്കൂട്ടി കയ്യടി വാങ്ങിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ന്യൂസിലാന്‍ഡിലെ പിച്ചുകളില്‍ പതറിപ്പോയി. രണ്ടു ടെസ്റ്റിലും ഇന്ത്യയുടെ ബാറ്റിങ് നിര അമ്പെ പരാജയപ്പെട്ടു.

ക്രൈസ്റ്റ്ചര്‍ച്ചില്‍ ബൗളര്‍മാര്‍ ലീഡ് നേടിക്കൊടുത്തിട്ടും ആധിപത്യം കയ്യടക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. രണ്ടാം ദിനം അവസാന സെഷനില്‍ ആറു വിക്കറ്റുകളാണ് ടീം നഷ്ടപ്പെടുത്തിയത്. ഇതോടെ ഇന്ത്യയുടെ വിധിയും കുറിക്കപ്പെട്ടു. ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ആരും കേമന്‍മാരായിരുന്നില്ല. ക്രിക്കറ്റിലെ ആധുനിക ഇതിഹാസമെന്ന് വിശേഷപ്പിക്കപ്പെടുന്ന വിരാട് കോലി പോലും കിവീസ് പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി.

ചെറിയ സ്‌കോറില്‍ കോലിയുടെ തുടരെയുള്ള മടക്കം ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പരമ്പരയിലെ നാലു ഇന്നിങ്‌സുകളിലുമായി മൊത്തം 38 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ബാറ്റിങ് ശരാശരി 9.80. ക്രൈസ്റ്റ്ചര്‍ച്ചില്‍ ഒരേവിധമാണ് രണ്ടുതവണയും കോലി പുറത്തായത്. ആദ്യ ഇന്നിങ്‌സില്‍ ടിം സോത്തിയും രണ്ടാം ഇന്നിങ്‌സില്‍ കോളിന്‍ ഡി ഗ്രാന്‍ഡോമും ഇന്ത്യന്‍ നായകനെ ഒരേ മാതൃകയില്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി.

ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലിക്ക് പിഴയ്ക്കുന്നത് എവിടെയാണ്? ക്രിക്കറ്റ് പ്രേമികളുടെ പുതിയ ചോദ്യത്തിനുള്ള ഉത്തരം ഇന്ത്യന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍ പറയും. കോലിയുടെ ബാറ്റിങ് ശൈലിയില്‍ സംഭവിക്കുന്ന സാങ്കേതികപ്പിഴവാണ് പ്രശ്‌നം. 2014 -ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും സമാനമായ രീതിയിലായിരുന്നു കോലിയെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ തുടരെ പുറത്താക്കിയത്.

വിക്കറ്റിന് മുന്നില്‍ കുരുങ്ങുന്നതല്ല കോലിക്ക് സംഭവിക്കുന്ന പിഴവ്. മറിച്ച് പന്തിനെ എതിരിടുമ്പോള്‍ ബാറ്റു താഴേക്ക് എത്തുന്ന വിധമാണ് താരത്തിന് വിനയാവുന്നത്, ലക്ഷ്മണ്‍ വ്യക്തമാക്കി. മുന്‍പ് ഇംഗ്ലണ്ടിലും സ്വിങ്ങുള്ള പന്തുകളില്‍ കോലി വീണിരുന്നു. അന്നത്തെ പരമ്പരയില്‍ കോലിയുടെ ഈ ദൗര്‍ബല്യം ആന്‍ഡേഴ്‌സനാണ് ഏറെ മുതലെടുത്തത്.

പ്രതിരോധത്തില്‍ ഊന്നി പന്തിനെ കോലി അഭിമുഖീകരിക്കുമ്പോള്‍ ബാറ്റും പാഡും തമ്മില്‍ വലിയ വിടവ് കാണാം. അകന്ന കോണില്‍ നിന്നാണ് ബാറ്റു താഴേക്ക് വരുന്നത്. ബാറ്റും പാഡും തമ്മിലെ വിടവിന് കാരണവും ഇതുതന്നെ. പന്തു ഇന്‍സ്വിങ് ചെയ്തു സ്റ്റംപിലേക്ക് കയറുമ്പോള്‍ പ്രതിരോധിക്കാന്‍ കോലിക്ക് സമയം കിട്ടുന്നില്ല, വിവിഎസ് ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി.

പറഞ്ഞുവരുമ്പോള്‍ ടെസ്റ്റില്‍ മാത്രമല്ല, ഏകദിനത്തിലും ഇന്ത്യന്‍ നായകന്‍ നിറംമങ്ങി നില്‍ക്കുകയാണ്. ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയില്‍ താരത്തിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. മൂന്നു മത്സരങ്ങളിലുംകൂടി ആകെ 75 റണ്‍സ് മാത്രമേ ഇന്ത്യന്‍ നായകന് കുറിക്കാനായുള്ളൂ. നായകനായതിന് ശേഷം കോലിയുടെ ഏറ്റവും മോശം പ്രകടനമാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications