കോലിയെ എങ്ങനെ പിടിച്ചുകെട്ടി? ഇതായിരുന്നു തന്ത്രം... വെളിപ്പെടുത്തി കിവീസ് പേസര്‍ ബോള്‍ട്ട്
ക്രൈസ്റ്റ്ചര്‍ച്ച്: നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ മോശം പ്രകടനമായിരുന്നു ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ സമ്പൂര്‍ണ പരാജയത്തിനു കാരണം. ബാറ്റ് ചെയ്ത നാല് ഇന്നിങ്‌സുകളിലും അദ്ദേഹത്തിന് 20 റണ്‍സ് പോലും തികയ്ക്കാന്‍ സാധിച്ചിരുന്നില്ല. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം കോലിയുടെ ഏറ്റവും ദയനീയ ബാറ്റിങ് പ്രകടനം കൂടിയായിരുന്നു ഈ പര്യടനത്തിലേത്.
ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കൂടിയായ കോലിയെ എങ്ങനെയാണ് തങ്ങള്‍ പിടിച്ചുകെട്ടിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്.

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് കോലിയെന്നതില്‍ സംശയമില്ലെന്നു ബോള്‍ട്ട് പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചു ഏറ്റവും വലിയ താരമായിരുന്നു കോലി. അതുകൊണ്ടു തന്നെ അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കാനാണ് തങ്ങള്‍ ശ്രമിച്ചത്. ബൗണ്ടറി നേടാന്‍ കഴിയുന്ന ബോളുകള്‍ വിട്ടുകൊടുക്കാതെ കോലിയെ പരമാവധി സമ്മര്‍ദ്ദത്തിലാക്കുകയെന്നതായിരുന്നു തന്ത്രം. അതു വിജയിക്കുകയും ചെയ്തതായി ബോള്‍ട്ട് വിശദമാക്കി.

നിരന്തരമുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കോലി ചില പിഴവുകള്‍ വരുത്തി വിക്കറ്റ് സമ്മാനിച്ചത് തങ്ങളുടെ ഭാഗ്യമാണെന്നു ബോള്‍ട്ട് പറഞ്ഞു. രണ്ടാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും അദ്ദേഹത്തെ എല്‍ബിഡബ്ല്യു കെണിയില്‍ കുരുക്കാന്‍ സാധിച്ചു. അധികനേരം ക്രീസില്‍ തുടരാന്‍ അനുവദിക്കാതെ കോലിയെ മടക്കാന്‍ കഴിഞ്ഞത് ടീമിനു സന്തോഷം നല്‍കിയതായും ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.

നാട്ടിലെ വേഗം കുറഞ്ഞ പിച്ചില്‍ കളിച്ച ശേഷം ഇവിടെയെത്തിയതിനാല്‍ ന്യൂസിലാന്‍ഡിലെ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ സാധിക്കാതിരുന്നതാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ മോശം പ്രകടനത്തിനു കാരണമെന്നു ബോള്‍ട്ട് ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ തങ്ങള്‍ ബൗള്‍ ചെയ്യുമ്പോള്‍ ഇങ്ങനെ തന്നെയാണ്. തങ്ങളെ സംബന്ധിച്ച് തികച്ചും അപരിചിതമായ സാഹചര്യങ്ങളാണ് അവിടുത്തേതെന്നും പേസര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications