Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മോശം ഫോമിനു പിന്നില്‍... ശക്തമായി തിരിച്ചു വരുമോ? ആരാധകരുടെ ആശങ്കയ്ക്കു വിരാമമിട്ട് കോലി

വെല്ലിങ്ടണ്‍: ഇന്ത്യന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും കേമനുമായ വിരാട് കോലിയുടെ ഫോമിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ന്യൂസിലാന്‍ഡില്‍ പര്യടനത്തിനായി എത്തിയ ശേഷം കോലിക്കു കഷ്ടകാലമാണ്. ഇവിടെ കളിച്ച കഴിഞ്ഞ ഒമ്പത് ഇന്നിങ്‌സുകളില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമാണ് അദ്ദേഹത്തിനു നേടാന്‍ കഴിഞ്ഞത്.

വെല്ലിങ്ടണ്‍ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും കോലി ഫ്‌ളോപ്പായി മാറിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ രണ്ടു റണ്‍സിന് പുറത്തായ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 19 റണ്ണിനും ഔട്ടാവുകയായിരുന്നു. തന്റെ മോശം ഫോമിനെക്കുറിച്ച് ആദ്യ ടെസ്റ്റിനു ശേഷം മനസ്സ്തുറക്കുകയാണ് കോലി.

അലട്ടുന്നില്ലെന്ന് കോലി

ഫോമിനെക്കുറിച്ചുള്ള ചിന്ത തന്നെ അലട്ടുന്നില്ലെന്നു കോലി വ്യക്തമാക്കി. താന്‍ ഇപ്പോഴും മികച്ച രീതിയില്‍ തന്നെയാണ് ബാറ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാറ്റിങിനായി ക്രീസിലെത്തിയാല്‍ എല്ലായ്‌പ്പോഴും പ്ലാന്‍ ചെയ്യുന്നതു പോലെ സംഭവിക്കണമെന്നില്ല. ഫോമിനെക്കുറിച്ച് കൂടുതലായി ചിന്തിക്കാതിരിക്കുന്നതാണ് നല്ലതെന്നും 31 കാരനായ കോലി കൂട്ടിച്ചേര്‍ത്തു.

ഒരു കുഴപ്പവുമില്ല

തനിക്ക് ഇപ്പോള്‍ ഒരു കുഴപ്പവുമില്ലെന്നും നല്ല ബാറ്റിങാണ് കാഴ്ച വച്ചു കൊണ്ടിരിക്കുന്നതെന്നും കോലി പറഞ്ഞു. ചിലപ്പോള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്താലും ഇത് സ്‌കോര്‍ ബോര്‍ഡില്‍ കാണണമെന്നില്ല. കാര്യങ്ങള്‍ പ്രതീക്ഷിച്ചതു പോലെ നടന്നില്ലെങ്കില്‍ ചിലപ്പോഴൊക്കെ ഇതു സംഭവിക്കാവുന്നതാണ്.
തുടര്‍ച്ചയായി ഏറെ മല്‍സരങ്ങള്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ മൂന്നോ, നാലോ ഇന്നിങ്‌സുകളില്‍ ചിലപ്പോള്‍ വിചാരിച്ചതു പോലെ നടക്കണമെന്നില്ല. ഇതിനെക്കുറിച്ച് കൂടുതലായി ചിന്തിക്കുകയും അതില്‍ നിന്നു കരകയറാനും ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ അത് കൂടാന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നു കോലി വിശദമാക്കി.

പുറത്തുള്ളവരെക്കുറിച്ച് ചിന്തിക്കാറില്ല

പുറത്തുള്ളവരെപ്പോലെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ സ്വന്തം ഫോമിനെക്കുറിച്ച് തനിക്കും സംശയങ്ങള്‍ തോന്നിത്തുടങ്ങുമെന്നും കോലി പറഞ്ഞു.
പുറത്തുള്ളവര്‍ തന്റെ ഫോമിനെക്കുറിച്ചും ബാറ്റിങിനെക്കുറിച്ചുമെല്ലാം പലതും ചര്‍ച്ച ചെയ്യുന്നുണ്ടാവാം. എന്നാല്‍ താന്‍ അവരെപ്പോലെ ചിന്തിക്കാറില്ല. അങ്ങനെ ചെയ്താല്‍ താനും അവരില്‍ ഒരാളായി മാറും. അടിസ്ഥാനകാരകാര്യങ്ങള്‍ ശരിയാക്കി നിലനിര്‍ത്തുന്നതിനൊപ്പം പരിശീലനത്തില്‍ കഠിനാധ്വാനം ചെയ്യുകയുമാണ് ഏറ്റവും പ്രധാനമെന്നും കോലി വിശദമാക്കി.

എല്ലായ്‌പ്പോഴും സാധിക്കില്ല

എല്ലായ്‌പ്പോഴും ഗ്രൗണ്ടിലെത്തി താന്‍ മികച്ച പ്രകടനം നടത്തുമെന്ന് നിങ്ങള്‍ ചിന്തിക്കാന്‍ പാടില്ല. നന്നായി പെര്‍ഫോം ചെയ്യണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് താനും ഓരോ മല്‍സരത്തിനും ഇറങ്ങാറുള്ളത്. എന്നാല്‍ അതിനു കഴിഞ്ഞില്ലെങ്കില്‍ സ്വയം ശിക്ഷിക്കരുത്. സ്വന്തം പ്രകടനത്തെ എല്ലായ്‌പ്പോഴും അഭിമാനത്തോടെ കാണുകയാണ് ചെയ്യേണ്ടത്. താന്‍ ഇതുവരെ അങ്ങനെയാണ് ചെയ്തിട്ടുള്ളത്. അടുത്ത ടെസ്റ്റില്‍ മികച്ച സംഭാവന നല്‍കി ടീമിനെ ജയിപ്പിക്കാനാണ് ശ്രമമെന്നും കോലി കൂട്ടിച്ചേര്‍ത്തു.

Story first published: Monday, February 24, 2020, 13:12 [IST]
Other articles published on Feb 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+