ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു വേണ്ടി ഒരിക്കല്‍ കുറച്ചു സമയം വിക്കറ്റ് കീപ്പറാവേണ്ടി വന്നപ്പോഴുള്ള അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. 2015ല്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏകദിന മല്‍സരത്തിനിടെയായിരുന്നു ഇത്. അന്നു ടീമിനെ നയിച്ചതും വിക്കറ്റ് കാത്തതുമെല്ലാം എംഎസ് ധോണിയായിരുന്നു. കോലിക്കു വൈസ് ക്യാപ്റ്റന്റെ റോളായിരുന്നു.

കളിക്കിടെ അത്യാവശ്യമായി ടോയ്‌ലറ്റില്‍ പോവേണ്ടി വന്നതോടെയാണ് ധോണിക്കു ഗ്രൗണ്ട് വിടേണ്ടി വന്നത്. ഇതേ തുടര്‍ന്നു നായകസ്ഥാനത്തോടൊപ്പം വിക്കറ്റ് കീപ്പറുടെ ജോലിയും അദ്ദേഹം കൈമാറുകയായിരുന്നു. ഈ സമയത്ത് വിക്കറ്റ് കീപ്പര്‍ക്കു പകരം മറ്റൊരു വിക്കറ്റ് കീപ്പറെ ഇറക്കാന്‍ അനുമതിയില്ലായിരുന്നു. ടീമിലെ ഏതെങ്കിലുമൊരു താരത്തിനു വിക്കറ്റ് കീപ്പിങ് നല്‍കി പകരം ഔട്ട് ഫീല്‍ഡില്‍ പകരം ഒരാളെ ഇറക്കാന്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഇതേ തുടര്‍ന്നായിരുന്നു കോലിക്കു ധോണി വിക്കറ്റ് കീപ്പിങും കുറച്ചു സമയത്തേക്കു നല്‍കിയത്. കോലിക്കു പകരം ഫീല്‍ഡിങിന് ഒരു പകരക്കാരനെ ഇന്ത്യ പരീക്ഷിക്കുകയും ചെയ്തു.
ടീമംഗം മായങ്ക് അഗര്‍വാളുമായി സംസാരിക്കവെയാണ് വിക്കറ്റ് കീപ്പിങിലെ തന്റെ അനുഭവത്തെക്കുറിച്ച് കോലി വെളിപ്പെടുത്തിയത്. ഇതെങ്ങനെ സംഭവിച്ചുവെന്നു മഹി ഭായിയോടു തന്നെ ചോദിക്കണം. കുറച്ചു ഓവറുകള്‍ വിക്കറ്റ് കീപ്പ് ചെയ്യാമോയെന്നു അദ്ദേഹം എന്നോടു ചോദിക്കുകയായിരുന്നു. അപ്പോഴാണ് വിക്കറ്റ് കീപ്പിങിനൊപ്പം ക്യാപ്റ്റന്‍സി കൂടി ഏറ്റെടുക്കേണ്ടി വരുന്നത് എത്ര ബുദ്ധിമുട്ടേറിയ കാര്യമാണെന്നു എനിക്കു മനസ്സിലായത്. കാരണം, ഓരോ ബോളിലും ശ്രദ്ധ പതിക്കുന്നതിനൊപ്പം ഫീല്‍ഡിലും ഇടയ്ക്കു ക്രമീകരണങ്ങള്‍ നടത്തേണ്ടി വരുമെന്നും. ബുദ്ധിമുട്ടേറിയ കാര്യമാണ് ഇതെങ്കിലും അന്നു രസമായിരുന്നുവെന്നും കോലി വിശദീകരിച്ചു.

ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 44 ഓവറിലായിരുന്നു ധോണിക്കു ഗ്രൗണ്ടില്‍ നിന്നും ബ്രേക്ക് ആവശ്യമായി വന്നത്. പേസര്‍ ഉമേഷ് യാദവിന്റെ ഓവറില്‍ കോലിയായിരുന്നു വിക്കറ്റ് കാത്തത്. സ്റ്റംപിന് വളരെ പിറകിലേക്കു നിന്നായിരുന്നു കോലി വിക്കറ്റ് കാത്തത്. ഉമേഷിന്റെ അന്നത്തെ തീപ്പൊരി ബൗളിങ് വിക്കറ്റ് കീപ്പ് ചെയ്യുമ്പോള്‍ തന്നെ ഭയപ്പെടുത്തിയതായി കോലി വെളിപ്പെടുത്തി. ഒരോവര്‍ മാത്രമേ കോലിക്കു വിക്കറ്റ് കാക്കേണ്ടി വന്നുള്ളൂ. 45ാം ഓവറില്‍ ധോണി ഗ്രൗണ്ടിലേക്കു തിരികെ വന്നതോടെ കോലിക്കു ആശ്വാസമാവുകയും ചെയ്തു.