അഹമ്മദാബാദ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കഷ്ടകാലം തുടരുകയാണ്. ടെസ്റ്റിലെ ശരാശരി പ്രകടനത്തിനു ടി20 പരമ്പരയില്‍ പ്രായശ്ചിത്തം ചെയ്യുകയെന്ന ലക്ഷ്യത്തോടെയിറങ്ങിയ അദ്ദേഹത്തിനു ആദ്യ കളിയില്‍ പിഴച്ചു. ഡെക്കായാണ് കോലി ക്രീസ് വിട്ടത്. ഇതോടെ കരിയറില്‍ ആദ്യമായി വലിയൊരു നാണക്കേടും അദ്ദേഹത്തിനു പേറേണ്ടി വന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായാണ് കോലി തുടര്‍ച്ചയായി രണ്ടു കളികളില്‍ പൂജ്യത്തിന് ഔട്ടായത്. നേരത്തേ ഇതേ ഗ്രൗണ്ടില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും അദ്ദേഹം അക്കൗണ്ട് തുറക്കാനാവാതെ മടങ്ങിയിരുന്നു. ആദ്യ ടി20യില്‍ അഞ്ചു ബോളുകളുടെ ആയുസ് മാത്രമേ കോലിക്കുണ്ടായുള്ളൂ. പവര്‍പ്ലേയില്‍ സ്പിന്നര്‍ ആദില്‍ റഷീദാണ് അദ്ദേഹത്തെ വീഴ്ത്തിയത്. മിഡ്ഓഫിലൂടെ വമ്പന്‍ ഷോട്ടിനു ശ്രമിച്ച കോലിക്കു ടൈമിങ് പാളിയപ്പോള്‍ ക്രിസ് ജോര്‍ഡന്‍ സിംപിള്‍ ക്യാച്ചിലൂടെ പുറത്താക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഇതിനു മുമ്പ് കോലി തുടര്‍ച്ചയായി രണ്ടിന്നിങ്‌സുകളില്‍ പൂജ്യത്തിന് പുറത്തായിട്ടില്ല. അവസാനത്തെ അഞ്ച് ഇന്നിങ്‌സുകളില്‍ 0, 62, 27, 0, 0 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍.
ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് കോലി ഡെക്കായി മടങ്ങിയത്. ഇതോടെ 2021ല്‍ ഏറ്റവുമധികം തവണ ഡെക്കായവരുടെ ലിസ്റ്റില്‍ അദ്ദേഹവും ഇടംപിടിച്ചു. ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ, ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസ്, ദക്ഷിണാഫ്രിക്കയുടെ ആന്റിച്ച് നോര്‍ക്കിയ എന്നിവരാണ് ഈ വര്‍ഷം മൂന്നു തവണ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പൂജ്യത്തിനു പുറത്തായ മറ്റു താരങ്ങള്‍.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് ഔട്ടായ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നാണക്കേടിന്റെ റെക്കോര്‍ഡും ഇപ്പോള്‍ കോലിയുടെ പേരിലായിരിക്കുകയാണ്. വിവിധ ഫോര്‍മാറ്റുകളിലായി 14 തവണയാണ് കോലി ഡെക്കായി ക്രീസ് വിട്ടത്. ഇംഗ്ലണ്ടിനെതിരായ ഈ ടി20ക്കു മുമ്പ് 13 ഡെക്കുകളുമായി സൗരവ് ഗാംഗുലിക്കൊപ്പമായിരുന്നു അദ്ദേഹം. എംഎസ് ധോണി (11 ഡെക്ക്), കപില്‍ ദേവ് (10), മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി (എട്ട്) എന്നിവരാണ് കൂടുതല്‍ ഡെക്കായിട്ടുള്ള മറ്റു ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍.
അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറിക്കു വേണ്ടിയുള്ള കോലിയുടെ കാത്തിരിപ്പ് നീളുകയാണ്. 2019 നവംബറില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലെ സെഞ്ച്വറിക്കു ശേഷം ഒരു ഫോര്‍മാറ്റിലും അദ്ദേഹത്തിനു മൂന്നക്കം കടക്കാനായിട്ടില്ല.