മുംബൈ: സൗത്ത് ആഫ്രിക്കയിലെ ഏകദിന പരമ്പരയുടെ ബലത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് റാങ്കിംഗില്‍ മുന്നേറ്റം. എബി ഡി വില്ലിയേഴ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം റാങ്കില്‍ തിരിച്ചെത്തി. റേറ്റിംഗില്‍ 900 പോയിന്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് വിരാട് കോഹ്‌ലി. നിലവില്‍ വിരാടിന് 909 പോയിന്റും, രണ്ടാം സ്ഥാനത്തുള്ള ഡി വില്ലിയേഴ്‌സിന് 844 പോയിന്റുമാണുള്ളത്.
ഈ പേര് ഓര്‍ത്തുവച്ചോ... ഐപിഎല്ലിനെ ഇളക്കിമറിക്കാന്‍ ഇവരെത്തുന്നു, ആരാവും അടുത്ത കണ്ടെത്തല്‍
1991-ല്‍ ഓസ്‌ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സിന് ശേഷം ഏറ്റവും ഉയര്‍ന്ന പോയിന്റ് നേടുന്ന താരമാണ് വിരാട് കോഹ്‌ലി. 918 പോയിന്റായിരുന്നു ജോണ്‍സിനുണ്ടായിരുന്നത്. 2015-ലാണ് ഡി വില്ലിയേഴ്‌സ് ഏകദിനങ്ങളില്‍ 902 പോയിന്റും, ടെസ്റ്റില്‍ 935 പോയിന്റും തികച്ചത്. ആറ് മത്സരങ്ങളുടെ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയ ശേഷമാണ് റാങ്കില്‍ കോഹ്‌ലിയുടെ മുന്നേറ്റം. എക്കാലത്തെയും മികച്ച പോയിന്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് 935 പോയിന്റുമായി മുന്നിലുണ്ട്.

ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ പേസ് താരം ജസ്പ്രീത് ബുംമ്രയും ഒന്നാം സ്ഥാനത്തെത്തി. സൗത്ത് ആഫ്രിക്കയിലെ മികച്ച പ്രകടനത്തോടെ രണ്ട് സ്ഥാനങ്ങള്‍ കൂടി ഉയര്‍ന്നാണ് ബുംമ്ര ഒന്നാം സ്ഥാനത്ത് എത്തിയത്. 787 പോയിന്റുകളാണ് താരത്തിനുള്ളത്. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനും പോയിന്റില്‍ ബുംമ്രക്കൊപ്പമുണ്ട്. ഏകദിന പരമ്പരയില്‍ 16 വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലാണ് നേട്ടമുണ്ടാക്കിയ മറ്റൊരു താരം. ഈ പ്രകടനത്തോടെ ആദ്യ പത്തില്‍ കടന്ന ചാഹല്‍ ഇപ്പോള്‍ എട്ടാം റാങ്കിലാണ്. 17 വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് 15-ാം സ്ഥാനത്തും എത്തി.
സൗത്ത് ആഫ്രിക്കന്‍ മണ്ണിലെ വിജയത്തോടെ ഇന്ത്യന്‍ ടീം ഏകദിന റാങ്കിംഗിലും ഒന്നാമതെത്തി. ടെസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ടി20യില്‍ മൂന്നാം സ്ഥാനത്താണ്. ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ എബി ഡി വില്ലേഴ്‌സ്, ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ്മ എന്നിവരാണ് വിരാടിന് പിന്നില്‍. ശിഖര്‍ ധവാന്‍ 10-ാം സ്ഥാനത്തുണ്ട്.