ദോഹ: അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ് വണ്ടര്‍ ബോയ് വൈഭവ് സൂര്യവംശി. റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ യുഎഇക്കെതിരായ മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടിയാണ് വൈഭവ് തീപ്പൊരി സെഞ്ച്വറി കുറിച്ചത്.
വെറും 42 ബോളില്‍ 15 സിക്‌സറും 11 ഫോറുമടക്കം വൈഭവ് വാരിക്കൂട്ടിയത് 144 റണ്‍സാണ്. സ്‌ട്രൈക്ക്‌റേറ്റാവട്ടെ 342.86. ഈ പ്രകടനത്തിലൂടെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കും വൈഭവിനെ വിളിക്കാനൊരുങ്ങുകയാണ് കോച്ച് ഗൗതം ഗംഭീര്‍. അടുത്ത വര്‍ഷം തന്നെ 14കാരനായ ബാറ്റിങ് വിസ്മയത്തെ സീനിയര്‍ ടീമില്‍ കാണാനായേക്കുമെന്നാണ് സൂചനകള്‍.

വൈഭവിന്റെ അരങ്ങേറ്റമുടന്‍
അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായിട്ടാണ് ഐസിസിയുടെ ടി20 ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയുമായി നടക്കാനിരിക്കുന്നത്. ഈ ടൂര്‍ണമെന്റിനു ശേഷം ഇന്ത്യന്‍ ടി20 ടീമിലേക്കു വൈഭവ് സൂര്യവംശിയെയും ഗൗതം ഗംഭീര്‍ വിളിക്കാനിടയുണ്ട്. കാരണം ഈ 14 കാരന്‍ വളരെ സ്‌പെഷ്യല്‍ പ്ലെയറാണെന്നു എല്ലാവര്‍ക്കും ബോധ്യമായിക്കഴിഞ്ഞു.
അതിനാല്‍ എത്രയും വേഗത്തില്‍ വൈഭവിനെ സീനിയര്‍ ടീമിലേക്കു കൊണ്ടു വന്ന് പരമാവധി അവസരങ്ങള്‍ നല്‍കി ഭാവി സൂപ്പര്‍ താരമായി വളര്‍ത്തിയെടുക്കാനാണ് ബിസിസിഐയുടെ പ്ലാന്‍. ടി20യില്‍ മാത്രമല്ല മൂന്നു ഫോര്‍മാറ്റുകളിലും ഭാവിയിലെ സ്ഥിരം സാന്നിധ്യമായി മാറാന്‍ സാധിക്കുന്നയാളാണ് വൈഭവ്.
നിലവിലെ ഇന്ത്യന്‍ ടി20 ടീം ഇപ്പോള്‍ തന്നെ പ്രതിഭാശാലികളായ യുവതാരങ്ങളാല്‍ സമ്പന്നമാണ്. അതുകൊണ്ടു തന്നെ ഇവര്‍ക്കിടയിലേക്കു വൈഭവിനെ കൂടി കൊണ്ടുവന്ന് പുതിയൊരു ലൈനപ്പ് സെറ്റാക്കുകയെന്നത് അത് എളുപ്പവുമാവില്ല. പക്ഷെ ഇപ്പോഴത്തെ ഫോമം പരിഗിക്കുമ്പോള്‍ വൈഭവിനെ അധികനാള്‍ മാറ്റി നിര്‍ത്താനും കഴിയില്ല. അങ്ങനെ ചെയ്താല്‍ നഷ്ടം ഇന്ത്യന്‍ ക്രിക്കറ്റിനു തന്നെയായിരിക്കും.
വൈഭവ് ടി20 ടീമിലേക്കു വരികയാണെങ്കില്‍ ചില താരങ്ങള്‍ക്കു എട്ടിന്റെ പണിയാവും കിട്ടാന്‍ പോവുന്നത്. പ്രധാനമായും മൂന്നു പേരാണ് സൂക്ഷിക്കേണ്ടത്. നിലവിലെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്‍. ഇപ്പോള്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ അഭിഷേക് ശര്‍മ, മറ്റൊരു യുവ അഗ്രസീവ് ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ എന്നിവരാണിത്.
ഇവരില്‍ ആര്‍ക്കു പകരം വൈഭവിനെ സ്ഥിരം ടി20 ഓപ്പണറാക്കുമെന്നതായിരിക്കും ഗംഭീറിനെ കുഴപ്പിക്കിന്ന ചോദ്യം. ഗില്‍ നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും ഭാവി നായകനുമാണെന്നതു ശരി തന്നെ. പക്ഷെ ടി20യില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം ഇപ്പോഴും സംശയാസ്പദമാണ്. ടി20യുടെ അഗ്രസീവ് രീതിയിലേക്കു പൂര്‍ണമായും മാറാന്‍ ഗില്ലിനു ഇനിയുമായിട്ടില്ല.

വരാനിരിക്കുന്ന ടി20 പരമ്പരയിലും അടുത്ത ടി20 ലോകകപ്പിലുമെല്ലാം അദ്ദേഹം ഈ രീതിയിലുള്ള തണുപ്പന്‍ സമീപനം തുടര്‍ന്നാല്‍ ഗംഭീര്‍ ചില കടുപ്പമേറിയ നടപടികള്‍ സ്വീകരിച്ചേക്കും. ഗില്ലിനെ ടി20 പ്ലാനുകളില്‍ നിന്നും മാറ്റി നിര്‍ത്തി അടുത്ത ടി20 ക്യാപ്റ്റന്‍സി ശ്രേയസ് അയ്യര്‍ക്കോ, തിലക് വര്‍മയ്‌ക്കോ നല്‍കിയേക്കും.
അഭിഷേക് ഇപ്പോള്‍ ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററായി വിലസുകയാണെങ്കിലും ടീമിലെ സ്ഥാനത്തിന്റെ കാര്യത്തില്‍ ഗ്യാരണ്ടിയൊന്നും പറയാന്‍ കഴിയില്ല. രണ്ടോ, മൂന്നോ പരമ്പരയില്‍ തുടരെ പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന്റെയും സ്ഥാനത്തിനു ഇളക്കം തട്ടിയേക്കുകയും പകരം വൈഭവ് വന്നേക്കുകയും ചെയ്യും.
എന്നാല്‍ ഗില്ലും അഭിഷേകും കാരണം ഇപ്പോള്‍ തന്നെ ടി20 ടീമില്‍ ചാന്‍സില്ലാതെ വലയുകയാണ് ജയ്‌സ്വാള്‍. ഇപ്പോള്‍ വൈഭവും ടീമിലേക്കു വരാനിരിക്കവെ അദ്ദേഹതിന്റെ പ്രതീക്ഷകള്‍ക്കു കൂടുതല്‍ മങ്ങലുമേറ്റിരിക്കുകയാണ്.
റെക്കോര്‍ഡുകളുടെ ചാകര
ഇന്ത്യന്‍ എ ടീമിനായുള്ള ഇടിവെട്ട് പ്രകടനത്തിലൂടെ റെക്കോര്‍ഡുകളുടെ ചാകര തന്നെയാണ് വൈഭവ് സൂര്യവംശി തീര്‍ത്തിരിക്കുന്നത്. വെറും 32 ബോളുകകൡലായിരുന്നു താരംം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഇതോട ഏറ്റവും വേഗമേറിയ ഇന്ത്യന്‍ സെഞ്ച്വറി വീരന്‍മാരുടെ ലിസ്റ്റില്‍ രണ്ടാം തവണയും വൈഭവ് തന്റെ പേര് ചേര്‍ത്തിരിക്കുകയാണ്. മറ്റൊരു താരത്തിനുമില്ലാത്ത നേട്ടമാണിത്. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥന്‍ റോയല്‍സിനായി കളിക്കവെയും 35 ബോളില്‍ താരം സെഞ്ച്വറിയുമായി ഞെട്ടിച്ചിരുന്നു.
വൈഭവിന്റെയും ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയുടെയും (32 ബോളില്‍ 83*) മികവില്‍ യുഎഇക്കെതിരേ 20 ഓവറില്‍ ഇന്ത്യ നാലു വിക്കറ്റിനു വാരിക്കൂട്ടിയത് 297 റണ്‍സാണ്. മറുപടിയില്‍ യുഎഇയെ ഏഴു വിക്കറ്റിനു 149ല്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ 148 റണ്‍സിന്റെ ഏകപക്ഷീയ ജയവും സ്വന്തമാക്കുകയായിരുന്നു. ഞായറാഴ്ച പാകിസ്താനെതിരേയാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം.