ഇന്ത്യ x ഓസീസ്: കംഗാരുപ്പടയും റെഡി- ഒരു പുതുമുഖം, വെറ്ററന്‍ താരം തിരിച്ചെത്തി, ടീം പ്രഖ്യാപിച്ചു
മെല്‍ബണ്‍: ഇന്ത്യക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് പരമ്പരയിലുള്ളത്. അതിനു ശേഷമാണ് നാലു ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ടി20 ടീമുകളെ ഈയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീനാണ് ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ടീമിലെ ഏക പുതുമുഖം. വെറ്ററന്‍ ഓള്‍റൗണ്ടര്‍ മോയ്‌സസ് ഹെന്റിക്വസിനെ ഓസീസ് തിരിച്ചുവിളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുന്നതിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് ടീമില്‍ ഇല്ല.
മാര്‍ഷിനെക്കൂടാതെ നതാന്‍ ലിയോണ്‍, ജോഷ് ഫിലിപ്പെ, റിലേ മെറെഡിത്ത്, ആന്‍ഡ്രു ടൈ എന്നിവരെയും ഒഴിവാക്കി. ഇവരെല്ലാം ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയില്‍ ഓസീസ് ടീമിലുണ്ടായിരുന്നു. നവംബര്‍ 27 മുതല്‍ ഡിസംബര്‍ രണ്ടു വരെയാണ് ഏകദിന പരമ്പര നടക്കുന്നത്. ടി20 പരമ്പര ഡിസംബര്‍ നാലു മുതല്‍ എട്ടു വരെയാണ്. ഡിസംബര്‍ 17നാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.

ഇംഗ്ലണ്ടിനെതിരായ പ്രകടനം
കഴിഞ്ഞ യുകെ പര്യടനത്തില്‍ നിലവിലെ നമ്പര്‍ വണ്‍ ടീമും ലോക ചാംപ്യന്‍മാരുമായ ഇംഗ്ലണ്ടിനെ അവരുടെ മണ്ണില്‍ വച്ച് തോല്‍പ്പിക്കാനും ഐസിസിയുടെ ടി20 റാങ്കിങില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാനും സാധിച്ചു.
തങ്ങളുടെ എക്കാലത്തെയും വലിയ എതിരാളികളിലൊന്നായ ഇന്ത്യക്കെതിരായ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തെ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്ന് ഓസ്‌ട്രേലിയയുടെ ദേശീയ ടീം സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് വ്യക്തമാക്കി.

അരങ്ങേറ്റത്തില്‍ അഞ്ചു വിക്കറ്റ്
21 കാരനായ ഗ്രീന്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കു വേണ്ടി ഒമ്പത് ഏകദിന മല്‍സരങ്ങളും പെര്‍ത്ത് സ്‌കോച്ചേഴ്‌സിനു വേണ്ടി 13 ടി20കളും കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ പേരിലാണ് താരം ശ്രദ്ധിക്കപ്പെട്ടത്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഷെഫീല്‍ഡ് ഷീല്‍ഡ് സീസണില്‍ ഓള്‍റൗണ്ടര്‍ 197 റണ്‍സ് നേടിയിട്ടുണ്ട്. 17ാം വയസ്സില്‍ അരങ്ങേറ്റ മല്‍സരത്തില്‍ അഞ്ചു വിക്കറ്റുകളും ഗ്രീന്‍ വീഴ്ത്തിയിരുന്നു. പുറം വേദന കാരണം കുറച്ചു മാസങ്ങളായി ബൗള്‍ ചെയ്തിട്ടില്ലാത്ത ഗ്രീന്‍ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഈയാഴ്ച ബൗളിങ് പുനരാരംഭിക്കാനിരിക്കുകയാണ്.

ഹെന്റിക്വസിന്റെ മടങ്ങിവരവ്
മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹെന്റിക്വസ് ഓസീസ് ടീമില്‍ തിരിച്ചെത്തിയത്. 2017നു ശേഷം താരം ദേശീയ ടീമിനു വേണ്ടി ഇറങ്ങിയിട്ടില്ല. മിച്ചെല്‍ മാര്‍ഷിന്റെ പകരക്കാരനായാണ് ഹെന്റിക്വസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷമാദ്യം ബിഗ് ബാഷ് ടി20 ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സിനെ കിരീടത്തിലേക്കു നയിക്കുന്നതില്‍ താരം നിര്‍ണായക പങ്കു വഹിച്ചിരുന്നു. ടൂര്‍ണമെന്റില്‍ 150ന് അടുത്തായിരുന്നു ഹെന്റിക്വസിന്റെ സ്‌ട്രൈക്ക് റേറ്റ്.

ഓസ്‌ട്രേലിയയുടെ ടി20, ഏകദിന ടീം
ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, ആഷ്ടണ്‍ ഏഗര്‍, അലെക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, കാമറോണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, മോയ്‌സസ് ഹെന്റിക്വസ്, മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ഡാനിയേല്‍ സാംസ്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, സ്റ്റീവ് സ്മിത്ത്, മിച്ചെല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications