ഐപിഎല്ലിന്റെ 17ാം സീസണിനു ഇനി ആഴ്ചകള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ അജിങ്ക്യ രഹാനെയുടെ ദയനീയ ഫോം നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ബാറ്റിങില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായി കൊണ്ടിരിക്കുകയാണ്. അതിനിടെ വലിയൊരു നാണക്കേടും അവസാന മല്‍സരത്തില്‍ രഹാനെയ്ക്കു നേരിട്ടു.
സീസണിലുടനീളം കളിച്ച ശേഷം താരം നേടിയ സ്‌കോര്‍ ഒരൊറ്റ ഇന്നിങ്‌സ് കൊണ്ട് ടീമംഗവും ഫാസ്റ്റ് ബൗളറുമായ തുഷാര്‍ ദേശ്പാണ്ഡെ മറികടക്കുകയായിരുന്നു. സിഎസ്‌കെയിലും രഹാനെയുടെ ടീമംഗമാണ് അദ്ദേഹം. രഹാനെയെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന രഞ്ജി സീസണായിരിക്കും ഇത്തവണത്തേത്. ഇതുവരെ കളിച്ച 10 ഇന്നിങ്‌സില്‍ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത് വെറും 115 റണ്‍സ് മാത്രമാണ്.

Screenshot
12.77 എന്ന ദയനീയ ശരാശരിയോടെയാണിത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 56 റണ്‍സുമാണ്. ഈ സീസണിലെ രഞ്ജിയില്‍ കുറഞ്ഞത് മൂന്നു ഇന്നിങ്‌സുകളെങ്കിലും കളിച്ചിട്ടുള്ള മുംബൈ താരങ്ങളില്‍ ഏറ്റവും മോശം ശരാശരിയുള്ളതും രഹാനെയ്ക്കാണ്. ഒരേയൊരു ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള ഒമ്പതു ഇന്നിങ്‌സുകളിലും 25 റണ്‍സ് പോലും തികയ്ക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.
0, 0, 16, 8, 9, 1, 56*, 22, 3, 0 എന്നിങ്ങനെയാണ് രഹാനെയുടെ സ്‌കോറുകള്‍. രഞ്ജിയില്‍ മുംബൈ സെമി ഫൈനലില്‍ കളിക്കാനിരിക്കെ ഈ മല്‍സരത്തില്‍ രഹാനെയ്ക്കു ടീമിലെ സ്ഥാനം നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രഹാനെയ്ക്കു പകരം ശ്രേയസ് അയ്യരായിരിക്കും സെമിയില്‍ മുംബൈ ടീമിനെ നയിച്ചേക്കുക.
കരിയറില്‍ ഇത്തരമൊരു വളരെ മോശം സമയത്തിലൂടെ കടന്നുപോകവെയാണ് രഞ്ജിയില്‍ ബറോഡയുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ തുഷാറിനു മുന്നില്‍പ്പോലും രഹാനെയ്ക്കു നാണംകെടേണ്ടിവന്നത്. മുംബൈയ്ക്കു വേണ്ടി 11ാം നമ്പറില്‍ ഇറങ്ങിയ തുഷാര്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു. 123 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതോടെ രഹാനെ 10 ഇന്നിങ്‌സുകളിലായി നേടിയ 115 റണ്‍സിനെ ഒരേയൊരു ഇന്നിങ്‌സ് കൊണ്ടു തന്നെ താരം ഓവര്‍ടേക്കും ചെയ്തു.
ടി20 ശൈലിയില്‍ തകര്‍ത്തുകളിച്ച തുഷാര്‍ വെറും 129 ബോളിലാണ് 123 റണ്‍സ് സ്‌കോര്‍ ചെയ്തത്. 10 ഫോറുകളും എട്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. തുഷാര്‍ മാത്രമല്ല പത്താം നമ്പറില്‍ ഇറങ്ങിയ മറ്റൊരു ബൗളറായ തനുഷ് കോട്ടിയാനും കളിയില്‍ അപരാജിത സെഞ്ച്വറി കുറിച്ചിരുന്നുവെന്നതാണ് മറ്റൊരു അദ്ഭുതം.

129 ബോളില്‍ പുറത്താവാതെ 120 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. 10 ഫോറും ഒരു സിക്‌സറുമടക്കമാണിത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ കഴിഞ്ഞ 78 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഒരു ടീമിലെ 10, 11 നമ്പറിലെ ബാറ്റര്‍മാര്‍ സെഞ്ച്വറി നേടിയിരിക്കുന്നത്.
അതേസമയം, രഞ്ജി ട്രോഫിയിലെ മോശം പ്രകടനം മറന്ന് ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം ശക്തമായ തിരിച്ചവരവ് നടത്താമെന്ന പ്രതീക്ഷയിലായിരിക്കും രഹാനെ. കഴിഞ്ഞ സീസണില്‍ അദ്ദേഹം മികച്ച ഫോമിലായിരുന്നു. സിഎസ്‌കെയെ അഞ്ചാം കിരീടത്തിലേക്കു നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കും വഹിച്ചിരുന്നു.
വളരെ അഗ്രസീവായ ബാറ്റിങിലൂടെ എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു സിഎസ്‌കെ കുപ്പായത്തില്‍ രഹാനെ കാഴ്ചവച്ചത്. 14 മല്‍സരങ്ങളില്‍ നിന്നും 172.49 സ്‌ട്രൈക്ക് റേറ്റില്‍ രണ്ടു ഫിഫ്റ്റികളടക്കം 326 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. വെറും 189 ബോളുകളില്‍ നിന്നായിരുന്നു ഇത്.