അത് ഇന്ന് സംഭവിച്ചിരുന്നെങ്കില്‍... ഗാംഗുലി കോലിയുടെ കഴുത്തിന് പിടിച്ചേനെ!! പറഞ്ഞത് വിനോദ് റായ്

ദില്ലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ കോച്ചും ഇതിഹാസ സ്പിന്നറുമായ അനില്‍ കുംബ്ലെയും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സുപ്രീം കോടതി നിയമിച്ച ഭരണസമിതി മേധാവി തലവന്‍ വിനോദ് റായ്. സൗരവ് ഗാംഗുലി ബിസിസിഐയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റതിനു പിന്നാലെ റായിയുള്‍പ്പെട്ട ഭരണസമിതിയുടെ കാലാവധി അവസാനിച്ചിരുന്നു.
കോലിയുമായുള്ള തര്‍ക്കത്തിന്റെ പേരിലാണ് കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം രാജിവയ്ക്കുന്നത്. കുംബ്ലെയെ കോച്ച് സ്ഥാനത്തു നിലനിര്‍ത്താന്‍ കഴിവിന്റെ പരമാവധി താന്‍ ശ്രമിച്ചിരുന്നതായും എന്നാല്‍ കോലി വഴങ്ങാന്‍ തയ്യാറായിരുന്നില്ലെന്നും റായ് അറിയിച്ചു. റായിയുള്‍പ്പെട്ട ഭരണസമിതിയുടെ 33 മാസത്തെ ഭരണത്തിനാണ് ബുധനാഴ്ച അന്ത്യമായത്. സ്ഥാനമൊഴിയവെയാണ് തന്റെ കാലത്തെ വിവാദമായ കോലി-കുംബ്ലെ തര്‍ക്കത്തെക്കുറിച്ച് അദ്ദേഹം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

കരാര്‍ നീട്ടാന്‍ കഴിയില്ലായിരുന്നു
ഇന്ത്യക്കു കുംബ്ലെയേക്കാള്‍ മികച്ചൊരു കോച്ചിനെ ലഭിക്കില്ലെന്നു റായ് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ കരാറില്‍ അത് ദീര്‍ഘിപ്പിക്കാമെന്ന ഉപാധി ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ കരാര്‍ താന്‍ നീട്ടുമായിരുന്നു.
താന്‍ ഏറെ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന വ്യക്തിയാണ് കുംബ്ലെ. പക്ഷെ കരാര്‍ നീട്ടാമെന്ന ഉപാധി ഇല്ലാത്തതിനാല്‍ തനിക്കു ഇതില്‍ തീരുമാനമെടുക്കാനും സാധിച്ചില്ലെന്നും റായ് വിശദമാക്കി.

സച്ചിനുമായി സംസാരിച്ചു
2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കിടെയാണ് കുംബ്ലെ- കോലി തര്‍ക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആദ്യമായി പുറത്തുവന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരുള്‍പ്പെട്ട ഉപദേശക സമിതിയാണ് അന്നു കോച്ചിനെ തിരഞ്ഞെടുത്തിരുന്നത്. കോലിയും കുംബ്ലെയും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച അറിഞ്ഞ ശേഷം ഈ വിഷയത്തില്‍ ഇടപടെണമെന്ന് ഉപദേശക സമിതിയോട് ആവശ്യപ്പെട്ടിരുന്നതായി റായ് വ്യക്തമാക്കി.
കോലിയെ അന്നു താന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. കോലിയുമായി അന്ന് അത്ര അടുപ്പമില്ലായിരുന്നു. കോലിയും കുംബ്ലെയും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് സച്ചിനോടും സംസാരിച്ചിരുന്നു. കുംബ്ലെ തുടരുന്നത് അംഗീകരിക്കാന്‍ കോലിക്കു താല്‍പ്പര്യമില്ലായിരുന്നു. അതുകൊണ്ടു തന്നെ നിങ്ങള്‍ അദ്ദേഹത്തോടു സംസാരിക്കണമെന്നും ആവശ്യപ്പെട്ടതായി റായ് കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴാണ് സംഭവിച്ചതെങ്കില്‍...
കോലിയും കുംബ്ലെയും തമ്മില്‍ ഇപ്പോഴാണ് ഇത്തരത്തിലൊരു തര്‍ക്കം ഉണ്ടായിരുന്നതെങ്കില്‍ പുതിയ ബിസിസിഐ പ്രസിഡന്റായ ഗാംഗുലി കുംബ്ലെയെ വിശ്വസിക്കുമായിരുന്നെന്നും കോലിയുടെ കഴുത്തിന് പിടിക്കുമായിരുന്നുവെന്നും റായ് ചൂണ്ടിക്കാട്ടി.
കുംബ്ലെയെ ഗാംഗുലി പിന്തുണച്ചാലും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുമായിരുന്നു. അന്നു കോച്ച് സ്ഥാനം സ്വയം രാജിവച്ച് പിന്‍മാറിയ കുംബ്ലെയുടെ തീരുമാനത്തെ താന്‍ അംഗീകരിക്കുന്നതായും റായ് വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications