ഐപിഎല്ലില്‍ ക്ലിക്കായിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിന്റെ പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ് യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്. അടുത്തിടെ സമാപിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനായിരുന്നു അസം ക്യാപ്റ്റന്‍ കൂടിയായ പരാഗ്. 500നു മുകളില്‍ റണ്‍സാണ് താരം വാരിക്കൂട്ടിയത്. കൂടാതെ 11 വിക്കറ്റുകളുമായി ബൗളിങിലും മിന്നിച്ചിരുന്നു.
ലോകകപ്പിനു ശേഷം ഈ മാസം അവസാനത്തോടെ ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ പരാഗിനെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കില്‍ ദീര്‍ഘകാലം ഇന്ത്യക്കു വേണ്ടി കളിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. പ്രായവും പരാഗിനു അനുകൂല ഘടകമാണ്. ഇന്ത്യയുടെ ടി20 ടീമില്‍ അദ്ദേഹം സ്ഥാനം ഉറപ്പിക്കുകയാണെങ്കില്‍ ചില താരങ്ങളുടെ അവസരത്തെയാണ് അതു ബാധിക്കുക.

പരാഗ് വന്നാല്‍ ടി20 ടീമില്‍ അവസരം കുറയാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം. പരാഗിന്റെ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണാണ് ഈ ലിസ്റ്റിലെ ഒരാള്‍. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയുമാണ് കളിക്കുക. അഞ്ചാം നമ്പറിലേക്കായി ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് എന്നിവരുമെല്ലാം രംഗത്തുണ്ട്.
സമീപകാലത്തു ടി20യില്‍ ഫിനിഷറുടെ റോളിലാണ് സഞ്ജു പരീക്ഷിക്കപ്പെട്ടിരുന്നത്. പരാഗും ഇതേ റോളിലേക്കാണ് ഇപ്പോള്‍ വരാന്‍ പോവുന്നത്. ബാറ്റിങിനൊപ്പം ഓഫ് സ്പിന്നറായി ബൗളിങിലും താരത്തെ ടീമിനു ഉപയോഗിക്കാം. ടീമിനു ഇതു കൂടുതല്‍ ബാലന്‍സും നല്‍കും. ഈ കാരണത്താല്‍ തന്നെ പരാഗിനായിരിക്കും സഞ്ജുവിനേക്കാള്‍ പരിഗണനയും ലഭിക്കുക.
ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് പരാഗിന്റെ വരവ് കാരണം പണി കിട്ടാന്‍ സാധ്യതയുള്ള രണ്ടാമത്തെയാള്‍. മൂന്നു ഫോര്‍മാറ്റുകളിലും ഇതിനകം കളിച്ചു കഴിഞ്ഞെങ്കിലും സ്ഥിരത പുലര്‍ത്താന്‍ സാധിക്കാത്തതു കാരണം വാഷിങ്ടണ്‍ ടീമിനു അകത്തും പുറത്തുമായി തുടരുകയാണ്.
ബാറ്റിങില്‍ കാര്യമായ സംഭാവനകൾ നല്‍കാന്‍ താരത്തിനു കഴിയുന്നില്ല. ബൗളിങിലാവട്ടെ വേണ്ടത്ര വിക്കറ്റുകളും വീഴ്ത്തുന്നില്ല. ബാറ്റിങില്‍ തീര്‍ച്ചയായും വാഷിങ്ടണിനേക്കാള്‍ ഒരു പടി മുകളിലാണ് പരാഗ്. ഇനി അദ്ദേഹം ബൗളിങ് കൂടുതല്‍ മെച്ചപ്പെടുത്തുകയാണെങ്കില്‍ അതു വാഷിങ്ടണിനു കാര്യങ്ങള്‍ ദുഷ്‌കരമാക്കി മാറ്റും.

ഇടം കൈയന്‍ ബാറ്ററും ഫിനിഷറുമായ റിങ്കു സിങാണ് പരാഗ് കാരണം ഇന്ത്യയുടെ ടി20 ടീമില്‍ അവസരങ്ങള്‍ കുറയാനിടയുള്ള മൂന്നാമത്തെ താരം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള താരം ഈ വര്‍ഷമാണ് ഇന്ത്യക്കു വേണ്ടി ടി20 ക്രിക്കറ്റില്‍ അരങ്ങേറിയത്. ഏഷ്യാ കപ്പിനു മുമ്പ് നടന്ന അയര്‍ലാന്‍ഡ് പര്യടനത്തിലൂടെയായിരുന്നു ഇത്.
മോശമല്ലാത്ത പ്രകടനം നടത്തിയ റിങ്കു അതിനു ശേഷം ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുകയും ചെയ്തു. പക്ഷെ ബൗള്‍ ചെയ്യില്ലെന്നതു റിങ്കുവിന്റെ ഒരു പോരായ്മയാണ്. ഇവിടെയാണ് പരാഗിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്.
കൂടുതല്‍ ബൗളിങ് ഓപ്ഷനുള്ളത് ഏതു ടീമിനെ സംബന്ധിച്ചും മുതല്‍ക്കൂട്ടാണ്. അതുകൊണ്ടു തന്നെ റിങ്കുവിന്റെ സ്ഥാനം തട്ടിയെടുക്കാനുളള ശേഷിയും പരാഗിനുണ്ട്. ഭാവിയില്‍ റിങ്കുവിനെ പിന്നിലാക്കി പരാഗ് പ്ലെയിങ് ഇലവനില്‍ സ്ഥിരം സാന്നിധ്യമാവുമോയെന്നു കാത്തിരുന്നു തന്നെ കാണാം.