ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലെയും അവിഭാജ്യഘടകമാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളും ഫീല്‍ഡറും കൂടിയാണ് ജഡ്ഡു. എന്നാല്‍ കരിയറില്‍ വളരെ മോശം സമയത്തിലൂടെ തനിക്കു കടന്നു പോവേണ്ടി വന്നിട്ടുണ്ടെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ജഡേജ. 2017-18 കാലഘട്ടത്തില്‍ കരിയറില്‍ തനിക്കു നേരിട്ട വെല്ലുവിളികളെക്കുറിച്ചാണ് ജഡ്ഡു വെളിപ്പെടുത്തിയിരിക്കുന്നത്.
2017ലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ അദ്ദേഹത്തിനു സ്ഥാനം നഷ്ടമായിരുന്നു. മാത്രമല്ല വിദേശത്തു നടന്ന ടെസ്റ്റ് മല്‍സരങ്ങളില്‍ ജഡ്ഡുവിന് പ്ലെയിങ് ഇലവനില്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തില്ല. ഇന്ത്യയുടെ മുന്‍നിര സ്പിന്നര്‍ ആര്‍ അശ്വിനായതിനാല്‍ 18 മാസത്തോളം ജഡേജ ടീമിനു അകത്തും പുറത്തുമായി തുടരുകയായിരുന്നു.

അന്നത്തെ കാലം വളരെ വെല്ലുവിളിയുയര്‍ത്തുന്നതായിരുന്നുവെന്നും രാത്രികളില്‍ തനിക്കു ഉറക്കം പോലും ലഭിച്ചിരുന്നില്ലെന്നും ജഡേജ പറയുന്നു. സത്യസന്ധമായി പറയുകയാണെങ്കില്‍ അന്നത്തെ ഒന്നര വര്‍ഷക്കാലം എനിക്കു ഉറക്കം പോലുമുണ്ടായിരുന്നില്ല. പുലര്‍ച്ചെ 4-5 മണി വരെ ഉറക്കം കിട്ടാതെ കിടന്ന് എനിക്കോര്‍മയുണ്ട്. ഇനിയെന്ത് ചെയ്യും? എങ്ങനെ ടീമിലലേക്കു തിരിച്ചുവരും? എന്നെല്ലാം ആലോചിച്ചായിരുന്നു ഉറക്കം നഷ്ടപ്പെട്ടത്. കാണുമ്പോള്‍ രാത്രിയില്‍ ഞാന്‍ ഉറങ്ങുകയാണെനന്നു തോന്നുമെങ്കിലും സത്യത്തില്‍ താന്‍ ഉണര്‍ന്നു കിടക്കുകയായിരുന്നുവെന്നും ഒരു ദേശീയ മാധ്യമത്തോടു ജഡേജ വെളിപ്പെടുത്തി.
ഞാന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ വിദേശത്തായിരുന്നു കൂടുതല്‍ മല്‍സരങ്ങളും ഈ സമയത്ത് കളിച്ചത് എന്നതിനാല്‍ എനിക്കു കാര്യമായി അവസരങ്ങള്‍ ലഭിച്ചില്ല. ഏകദിനത്തിലും എനിക്കു ടീമില്‍ അവസരമില്ലായിരുന്നു, ആഭ്യന്തര ക്രിക്കറ്റിലും ഞാന്‍ കളിച്ചിരുന്നില്ല. ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്തിരുന്നെങ്കിലും കളിക്കാന്‍ അവസരം മാത്രം ലഭിച്ചില്ല. കഴിവ് തെളിയിക്കാനുള്ള ഒരു അവസരം പോലും എനിക്കു ലഭിച്ചില്ല. എങ്ങനെയാണ് ഇനി പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്താന്‍ കഴിയുകയെന്നതിനെക്കുറിച്ചു മാത്രമായിരുന്നു ആലോചിച്ചിരുന്നതെന്നും ജഡ്ഡു പറയുന്നു.

2018ലെ ഇംഗ്ലണ്ട് പര്യടനത്തോടെയാണ് ജഡേജയുടെ സമയം വീണ്ടും തെളിഞ്ഞത്. ആദ്യത്തെ നാലു മല്‍സരങ്ങളില്‍ ടീമിനു പുറത്തിരുന്നെങ്കിലും അഞ്ചാമത്തയും അവസാനത്തെയും ടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചു. ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ജഡേജ തന്റെ കഴിവ് പുറത്തെടുക്കുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ 86 റണ്‍സെടുത്ത അദ്ദേഹം ഏഴു വിക്കറ്റുകളും വീഴ്ത്തി. ടെസ്റ്റില്‍ ഇന്ത്യ തോറ്റെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ജഡേജയുടെ തിരിച്ചുവരവിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. പിന്നാലെ നിശ്ചിത ഓവര്‍ ടീമിലേക്കു തിരിച്ചുവന്ന ജഡേജ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ വീണ്ടും സ്ഥാനമുറപ്പിക്കുകയും ചെയ്യുകയായിരുന്നു.
ആ ടെസ്റ്റ് എന്നെ സംബന്ധിച്ച് എല്ലാം മാറ്റിമറിച്ച ഒരു മല്‍സരമായിരുന്നു. എന്റെ പ്രകടനം, ആത്മവിശ്വാസം എല്ലാം ഇതോടെ മാറുകയായിരുന്നു. ഏറ്റവും മികച്ച ബൗളിങ് ആക്രമണത്തിനെതിരേ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ നിങ്ങള്‍ സ്‌കോര്‍ ചെയ്യുമ്പോള്‍ അത് ആത്മവിശ്വാസത്തില്‍ വലിയ ഇംപാക്ടാണ് ഉണ്ടാക്കുകയെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.