ടി20യില്‍ ക്യാപ്റ്റനായി രോഹിത്, ഏകദിനത്തില്‍ കോലി- ഇതു ഫ്‌ളോപ്പാവും! തുറന്നടിച്ച് ചോപ്ര
ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളെ രണ്ടു വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ നയിക്കുന്നത് പ്രതീക്ഷിച്ച ഫലം നല്‍കില്ലെന്നും ഇതു ഫ്‌ളോപ്പാവാനാണ് സാധ്യതയെന്നും മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ടി20 ലോകകപ്പിനു ശേഷം ടീമിന്റെ നായകസ്ഥാനമൊഴിയുമെന്ന് കഴിഞ്ഞ ദിവസം വിരാട് കോലി പ്രഖ്യാപിച്ചിരുന്നു. ഇതോടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ ഈ സ്ഥാനത്തേക്കു വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഏകദിനം, ടെസ്റ്റ് എന്നിവയില്‍ ക്യാപ്റ്റനായി തുടരുമെന്നാണ് കോലി വ്യക്തമാക്കിയിരിക്കുന്നത്.
ടി20, ഏകദിനം എന്നിവയില്‍ വ്യത്യാസമില്ലെന്നും അതിനാല്‍ തന്നെ രണ്ടു ക്യാപ്റ്റന്‍മാര്‍ ഇവരില്‍ നായകരായി വരുന്നത് തിരിച്ചടിയായി മാറാനാണ് സാധ്യതയെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ വിശദീകരിച്ചു.

ടെസ്റ്റും നിശ്ചിത ഓവറും
ടി20 ടീമിന്റെ നായകസ്ഥാനം മാത്രം വിരാട് കോലി ഒഴിഞ്ഞത് ശരിയായ തീരുമാനമാണെന്ന് തനിക്കു തോന്നുന്നില്ലെന്നു ചോപ്ര പറഞ്ഞു. റെഡ് ബോളും വൈറ്റ് ബോളും തമ്മിലാണ് ക്രിക്കറ്റില്‍ വേര്‍തിരിക്കാറുള്ളത്. ജോ റൂട്ടും ഒയ്ന്‍ മോര്‍ഗനും അതുപോലെ ആരോണ്‍ ഫിഞ്ചും ടിം പെയ്‌നും- സാധാരണയായി വൈറ്റ് ബോള്‍, റെഡ് ബോള്‍ എന്നിവയിലാണ് വ്യത്യസ്ത ക്യാപ്റ്റന്‍മാരെ നമ്മള്‍ കാണാറുള്ളത്. ഇവയില്‍ വ്യത്യസ്ത നായകര്‍ വരുന്നതില്‍ കുഴപ്പില്ല. പക്ഷെ നിശ്ചിത ഓവറില്‍ തന്നെ രണ്ടു നായകരെന്നത് വിജയിക്കാന്‍ സാധ്യതയില്ലെന്നാണ് തനിക്കു തോന്നുന്നതെന്നും ചോപ്ര വിശദമാക്കി.

രണ്ടിലും ഒരേ സമീപനം
ടി20, ഏകദിനം എന്നിവയില്‍ ടീം സമാനമായിട്ടാണ് കളിക്കുന്നത്, ഒരുപാട് വ്യത്യാസങ്ങളൊന്നും ചൂണ്ടിക്കാണിക്കാനില്ല. ഒരേ ബ്രാന്‍ഡ് ക്രിക്കറ്റാണ് രണ്ടിലും കാണാന്‍ കഴിയുക. ടി20യില്‍ നിങ്ങള്‍ ചെയ്യുന്നതു തന്നെയായിരിക്കും ഏകദിനത്തിലും ആവര്‍ത്തിക്കുക, പക്ഷെ കുറച്ച് ദൈര്‍ഘ്യമുണ്ടായിരിക്കുമെന്ന് മാത്രമെന്നും ചോപ്ര നിരീക്ഷിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ മുമ്പൊരിക്കലും ഏകദിനം, ടി20 എന്നിവയില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാരുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ സെലക്ടര്‍മാരുടെ തീരുമാനം എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്

കോലിയുടെ ഏകദിന ക്യാപ്റ്റന്‍സി
കോലിയുടെ ഏകദിന ക്യാപ്റ്റന്‍സിക്കു അധികം ആയുസ്സുണ്ടാവില്ലെന്നാണ് തനിക്കു തോന്നുന്നതെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ടി20, ഏകദിന ഫോര്‍മാറ്റില്‍ ഏറെക്കുറെ ഒരേ താരങ്ങള്‍ തന്നെയാണ് കളിക്കുന്നത്. ഇന്ത്യന്‍ ടീമിനെ നോക്കുകയാണെങ്കില്‍ ഏഴു മുതല്‍ ഒമ്പത് പേര്‍ വരെ രണ്ടു ടീമിലും കളിക്കുന്നവരാണ്. ഒരുപാട് മാറ്റങ്ങള്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയില്ല. അതു മാത്രമല്ല ദീര്‍ഘകാല കാഴ്ചപ്പാടില്‍ കോലി ഏകദിന ക്യാപ്റ്റനായി തുടരുമെന്നു തനിക്കു തോന്നുന്നില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

രോഹിത്തിന് രണ്ടിലും ക്യാപ്റ്റന്‍സി നല്‍കണം
കോലിക്കു പകരം രോഹിത് ശര്‍മ ഇന്ത്യന്‍ ടി20 ടീമിന്റെ നായകനാവുമെന്ന് ഉറപ്പായിരിക്കെ അദ്ദേഹത്തെ ഏകദിനത്തിലും ക്യാപ്റ്റനാക്കണമെന്ന് ചോപ്ര ആവശ്യപ്പെട്ടു.
ഇനി ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ നായകനായി വരാന്‍ ഏറ്റവുമധികം സാധ്യത രോഹിത് ശര്‍മയ്ക്കാണ്. 2022ലെ ടി20 ലോകകപ്പ് കൂടാതെ 2023ലെ ഏകദിന ലോകകപ്പിലും അദ്ദേഹത്തിനു നായകസ്ഥാനം ലഭിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചേക്കാം. വഴികാണിക്കല്‍ മാത്രല്ല തുടര്‍ച്ച കൂടിയായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവുകയെന്നും ചോപ്ര പറഞ്ഞു.
രോഹിത് ടി20 ടീമിന്റെ നായകസ്ഥാനത്തേക്കു വരികയാണെങ്കില്‍ അദ്ദേഹത്തിന്റെ ആദ്യ പരമ്പര അടുത്ത വര്‍ഷമായിരിക്കും. കാരണം ടി20 ലോകകപ്പിനു ശേഷം ഇന്ത്യക്കു മറ്റു ടി20 മല്‍സരങ്ങളൊന്നും തന്നെയില്ല. 2022 ജനുവരിയില്‍ കരുത്തരായ സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലായിരിക്കും ഹിറ്റ്മാന്റെ സ്ഥിരം ക്യാപ്റ്റനായുള്ള അരങ്ങേറ്റം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications