കോലി മെസ്സിയെപ്പോലെ! രണ്ടു പേര്‍ക്കും അതിനായിട്ടില്ല- ചെയ്യേണ്ടത് എന്തെന്നു രാജ പറയുന്നു
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളും ഇന്ത്യന്‍ നായകനുമായ വിരാട് കോലിയെയും അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെയും താരതമ്യം ചെയ്തിരിക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ റമീസ് രാജ. ദേശീയ ടീമുകള്‍ക്കൊപ്പം രണ്ടു പേര്‍ക്കും പ്രധാന കിരീടവിജയങ്ങളൊന്നുമില്ലെന്നും ഇതു അവസാനിപ്പിക്കാന്‍ എന്തു ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെതിരേ കളിക്കാനിരിക്കെയാണ് രാജയുടെ ഈ അഭിപ്രായപ്രകടനം. ഈ മാസം 18നാണ് സതാംപ്റ്റണില്‍ വച്ച് ഇന്ത്യയും കിവീസും ലോക കിരീടത്തിനു വേണ്ടി കൊമ്പുകോര്‍ക്കുന്നത്.

സ്ഥിരതയല്ല പ്രധാനം
ലോകകപ്പുള്‍പ്പെടെയുള്ള വലിയ വേദികളില്‍ നിര്‍ണായക മല്‍സരങ്ങളില്‍ സ്ഥിരതയേക്കാള്‍ പ്രധാനം ഒരു താരത്തിന്റെ സ്വഭാവാണെന്നു രാജ അഭിപ്രായപ്പെട്ടു. മനസ്സാന്നിധ്യത്തോടെ ലഭിച്ച അവസരം ഏറ്റവും നന്നായി മുതലെടുക്കുകയും ചെയ്യുന്നതാണ് ഒരു താരത്തെ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നതെന്നും അദ്ദേഹം വിലയിരുത്തി.
കോലി നായകനായ ശേഷം 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലിലും 2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലും ഇന്ത്യ തോല്‍ക്കുകയായിരുന്നു. പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയായിരുന്നു ഇത്.

റിച്ചാര്‍ഡ്‌സിനെ നോക്കൂ
വിവിയന്‍ റിച്ചാര്‍ഡ്‌സിനെ നോക്കൂ. വലിയ വേദികളില്‍ എല്ലായ്‌പ്പോഴും നന്നായി പെര്‍ഫോം ചെയ്തിരുന്ന താരമായിരുന്നു അദ്ദേഹം. സെഞ്ച്വറി നേട്ടത്തോടെ ഇന്ത്യയെ കിരീടത്തിലേക്കു നയിക്കാനുള്ള മികച്ച അവസരമാണ് ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കോലിക്കു ലഭിച്ചിരിക്കുന്നത്. ഇതിനകം ഇതിഹാസങ്ങളുടെ നിരയില്‍ കോലി ഇടം നേടിക്കഴിഞ്ഞു. ഇനി ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിക്കാനായാല്‍ അതു അദ്ദേഹത്തിന്റെ കരിയറിലെ പൊന്‍തൂവല്‍ തന്നെയായിരിക്കും.
എക്കാലത്തെയും വലിയ ഇതിഹാസങ്ങള്‍ക്കൊപ്പമെത്താന്‍ കോലിക്കു ലഭിച്ച വേദിയാണിത്. ഇന്ത്യയെ ജേതാക്കളാക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. സാഹചര്യത്തിനു അനുസരിച്ച് തന്റെ കഴിവിനെ കൈകാര്യം ചെയ്യുക മാത്രമാണ് കോലി ചെയ്യേണ്ടതെന്നും രാജ ഉപദേശിക്കുന്നു.

കോലിയും മെസ്സിയും
ഫുട്‌ബോളില്‍ മെസ്സിയെപ്പോലെയാണ് ക്രിക്കറ്റില്‍ കോലി. എല്ലാം നേടിയിട്ടും ഒരു പ്രധാനപ്പെട്ട കിരീടമില്ലെന്നത് കരിയറിലെ പോരായ്മയാണെന്നു രാജ പറയുന്നു. നോക്കൗട്ട് മല്‍സരങ്ങളില്‍ ഇറങ്ങുമ്പോള്‍ ശാന്തനായി, സമ്മര്‍ദ്ദമില്ലാതെ കളിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഐസിസിയുടെ നോക്കൗട്ട് മല്‍സരങ്ങളില്‍ കോലി നിരാശപ്പെടുത്തിയിട്ടുണ്ട്.
മെസ്സിയെപ്പോലെ ചില വലിയ കളിക്കാര്‍ അര്‍ജന്റീനയ്‌ക്കൊപ്പം ഇനിയുമൊരു പ്രധാന കിരീടം നേടിയിട്ടില്ല. ലോകകപ്പ് ഫൈനല്‍ പോലെയുള്ള വലിയ വേദികളില്‍ പെര്‍ഫോം ചെയ്യുമ്പോഴാണ് ഒരു കളിക്കാരന്റെ കഴിവ് തെളിയിക്കപ്പെടുന്നതെന്നും രാജ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications