Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്ന് ധോണി, കുംബ്ലെ- ഇന്ത്യയും രണ്ടു നായകരിലേക്ക്! വ്യത്യസ്ത ക്യാപ്റ്റന്‍മാരുള്ള മറ്റു ടീമുകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് വലിയൊരു ഇടവേളയ്ക്കു ശേഷം രണ്ടു ക്യാപ്റ്റന്‍മാരെന്ന രീതിയിലേക്കു മാറാനൊരുങ്ങുകയാണെന്നു റിപ്പോര്‍ട്ടുകള്‍. നിലവിലെ നായകന്‍ വിരാട് കോലി അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം നിശ്ചിത ഓവര്‍ ടീം നായകസ്ഥാനമൊഴിഞ്ഞേക്കുമെന്നും പകരം രോഹിത് ശര്‍മ ചുമതലയേറ്റെടുക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം. ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് കോലി നിശ്ചിത ഓവര്‍ ടീമിന്റെ നായകസ്ഥാനമൊഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റില്‍ മാത്രം ടീമിനെ നയിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

2017 മുതല്‍ ഇന്ത്യയെ മൂന്നു ഫോര്‍മാറ്റുകളിലും നയിച്ചുകൊണ്ടിരിക്കുന്നത് കോലിയാണ്. 2014ല്‍ തന്നെ അദ്ദേഹം ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേക്കു വന്നിരുന്നു. ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിനെ തുടര്‍ന്നായിരുന്നു. 17ല്‍ അദ്ദേഹം നിശ്ചിത ഓവര്‍ ടീമിന്റെ ക്യാപ്റ്റന്‍സിയും കോലിക്കു വിട്ടുനല്‍കുകയായിരുന്നു.

 ധോണിയും കുംബ്ലെയും

ധോണിയും കുംബ്ലെയും

വ്യത്യസ്ത ഫോര്‍മാറ്റുകള്‍ക്കു രണ്ടു ക്യാപ്റ്റന്‍മാരെന്നത് ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതുമയുള്ള കാര്യമല്ല. നേരത്തേയും ഇതു സംഭവിച്ചിട്ടുണ്ട്. എംഎസ് ധോണി ഏകദിനം, ടി20 എന്നിവയിലും അനില്‍ കുംബ്ലെ ടെസ്റ്റിലും മുമ്പ് ടീമിനെ നയിച്ചിരുന്നു. 2007ലെ ടി20 ലോകകപ്പ് വിജയത്തിനു ശേഷം ധോണി ഇന്ത്യയുടെ ടി20, ഏകദിന ടീമുകളുടെ സ്ഥിരം ക്യാപ്റ്റന്‍സിയേറ്റെടുക്കുമ്പോള്‍ കുംബ്ലെയ്ക്കു കീഴിലായിരുന്നു ടെസ്റ്റില്‍ ളിച്ചിരുന്നത്. കുംബ്ലെ വിരമിക്കുന്നതു വരെ ഇതു തുടര്‍ന്നു. അതിനു ശേഷമാണ് ധോണി ടെസ്റ്റിലും നായകസ്ഥാനമേറ്റെടുത്തത്.
പിന്നീട് ധോണി ടെസ്റ്റില്‍ നിന്നും വിരമിച്ച ശേഷം കോലി ക്യാപ്റ്റനായി വന്നു. 2015ലായിരുന്നു ഇത്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ധോണി 2017 വരെ നായകസ്ഥാനത്തു തുടര്‍ന്നു. ഈ കാലയളവില്‍ ടെസ്റ്റില്‍ കോലി തന്നെയായിരുന്നു നായകന്‍. 17ലാണ് മൂന്നു ഫോര്‍മാറ്റുകളുടെയും ചുമതല കോലിക്കു ലഭിച്ചത്. ഇപ്പോള്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ വീണ്ടും രണ്ടു നായകരെന്ന പോളിസിയിലേക്കു മാറാന്‍ പോവുകയാണ്.

 രോഹിത്തിന്റെ ക്യാപ്റ്റന്‍സി

രോഹിത്തിന്റെ ക്യാപ്റ്റന്‍സി

കോലിയെ ടെസ്റ്റ് ടീമിന്റെയും രോഹിത്തിനെ നിശ്ചിത ഓവര്‍ ടീമിന്റെയും സ്ഥിരം ക്യാപ്റ്റനാക്കണമെന്നത് നേരത്തേ തന്നെ പലരും ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യമാണ്. ചില മുന്‍ താരങ്ങളും ഒരു വിഭാഗം ക്രിക്കറ്റ് പ്രേമികളും ഇതിനെ അനുകൂലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു വിഭാഗം കോലി തന്നെ ക്യാപ്റ്റനായ തുടരണമെന്ന അഭിപ്രായമുള്ളവരാണ്.
ക്യാപ്റ്റനെന്ന നിലയില്‍ തന്റെ മിടുക്ക് പല തവണ തെളിയിച്ചുള്ള താരം കൂടിയാണ് രോഹിത്. കോലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം അദ്ദേഹം തിളങ്ങിയിരുന്നു. ഏഷ്യാ കപ്പ്, നിദാഹാസ് ട്രോഫി എന്നിവ അദ്ദേഹം ടീമിനു നേടിത്തരികയും ചെയ്തിരുന്നു.
കൂടാതെ കോലിയെ അപേക്ഷിച്ച് ഐപിഎല്ലിലും ക്യാപ്റ്റനെന്ന നിലയില്‍ ഗംഭീര റെക്കോര്‍ഡാണ് രോഹിത്തിന്റേത്. മുംബൈ ഇന്ത്യന്‍സിനെ അദ്ദേഹം അഞ്ചുതവണ കിരീടത്തിലേക്കു നയിച്ചിട്ടുണ്ട്. കോലിക്കു കീഴിലാവട്ടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇനിയും കപ്പടിച്ചിട്ടില്ല.

ലോക ക്രിക്കറ്റില്‍ പുതുമയല്ല

ലോക ക്രിക്കറ്റില്‍ പുതുമയല്ല

രണ്ടു വ്യത്യസ്ത ക്യാപ്റ്റന്‍മാരെന്നത് ലോക ക്രിക്കറ്റില്‍ അത്ര പുതുമയുള്ള കാര്യമല്ല. പല രാജ്യങ്ങളും നേരത്തേ പരീക്ഷിച്ചിട്ടുള്ള, ഇപ്പോഴും പിന്തുടരുന്ന രീതിയാണിത്. ഓസ്‌ട്രേലിയയെ നേരത്തേ ടെസ്റ്റില്‍ സ്റ്റീവ് വോയും ഏകദിനത്തില്‍ മാര്‍ക്ക് ടെയ്‌ലറും നയിക്കുന്നത് നമ്മള്‍ കണ്ടതാണ്. സൗത്താഫ്രിക്കയെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ എബി ഡിവില്ലിയേഴ്‌സ്, ഫഫ് ഡുപ്ലെസി എന്നിവരും നയിച്ചിരുന്നു.
നിലവിലെ സാഹചര്യമെടുത്താല്‍ ലോക ക്രിക്കറ്റിലെ 10 മുന്‍നിര ടീമുകളില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഒരേ ക്യാപ്റ്റനുള്ള മൂന്നു രാജ്യങ്ങളിലൊന്ന് കൂടിയാണ് ഇന്ത്യ. പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവരാണ് മറ്റുള്ളവര്‍. പാക് ടീമിനെ ബാബര്‍ ആസവും കിവീസിനെ കെയ്ന്‍ വില്ല്യംസണുമാണ് നയിച്ചു കൊണ്ടിരിക്കുന്നത്.

വ്യത്യസ്ത ക്യാപ്റ്റന്‍മാരുള്ള ടീമുകള്‍

വ്യത്യസ്ത ക്യാപ്റ്റന്‍മാരുള്ള ടീമുകള്‍

നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വരികയാണെങ്കില്‍ ആറു മുന്‍നിര ടീമുകള്‍ക്കു ഒന്നിലേറെ ക്യാപ്റ്റന്‍മാരുണ്ട്. മൂന്നു ക്യാപ്റ്റന്‍മാര്‍ വരെയുള്ള ടീം പോലുമുണ്ടെന്നതാണ് കൗതുകകരം. ബംഗ്ലാദേശിനാണ് മൂന്നു വ്യത്യസ്ത നായകന്‍മാരുള്ളത്. ടെസ്റ്റില്‍ മൊമിനുല്‍ ഹഖും ഏകദിനത്തില്‍ തമീം ഇഖ്ബാലും ടി20യില്‍ മഹമ്മുദുള്ളയുമാണ് ബംഗ്ലാദേശ് ടീമിനെ നയിക്കുന്നത്.
ഇംഗ്ലണ്ട് (ടെസ്റ്റില്‍ ജോ റൂട്ട്, ടി20യിലും ഏകദിനത്തിലും ഒയ്ന്‍ മോര്‍ഗന്‍), ഓസ്‌ട്രേലിയ (ടെസ്റ്റില്‍ ടിം പെയ്ന്‍, ഏകദിനത്തിലും ടി20യിലും ആരോണ്‍ ഫിഞ്ച്), സൗത്താഫ്രിക്ക (ടെസ്റ്റില്‍ ഡീന്‍ എല്‍ഗര്‍, ഏകദിനത്തിലും ടി20യിലും ടെംബ ബവുമ), ശ്രീലങ്ക (ടെസ്റ്റില്‍ ദിമുത് കരുണരത്‌നെ, ഏകദിനത്തിലും ടി20യിലും ദസുന്‍ ഷനക) എന്നിവരാണ് വ്യത്യസ്ത ക്യാപ്റ്റന്‍മാരുള്ള മറ്റു ടീമുകള്‍.

Story first published: Monday, September 13, 2021, 13:23 [IST]
Other articles published on Sep 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+