
അബുദാബി: ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇത്തവണത്തെ ആദ്യത്തെ ഹാട്രിക്കിന് അയര്‍ലാന്‍ഡ് താരം കേര്‍ട്ടിസ് കാംപെര്‍ അവകാശിയായി. നെതര്‍ലാന്‍ഡ്‌സിനെതിരായ ലോകകപ്പ് യോഗ്യതാ മല്‍സസരത്തിലായിരുന്നു താരം ചരിത്രം കുറിച്ചത്. ഹാട്രിക്കിലും കാംപെര്‍ നിര്‍ത്തിയില്ല. തുടര്‍ച്ചയായി നാലു ബോളുകളിലും വിക്കറ്റെടുത്താണ് താരം വിസ്മയിപ്പിച്ചത്.
ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം നാലു ബോളുകളില്‍ നാലു വിക്കറ്റെടുത്തത്. നേരത്തേ ഒരാള്‍ മാത്രമേ ടി20 ലോകകപ്പില്‍ ഹാട്രിക്ക് കുറിച്ചിട്ടുള്ളൂ. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീയാണിത്. 2007ലെ പ്രഥമ ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. ടി20 ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ നേരത്തേ രണ്ടു പേര്‍ മാത്രമേ തുടരെ നാലു ബോളുകളില്‍ വിക്കറ്റ് കൊയ്തിട്ടുള്ളൂ. ഒന്ന് ശ്രീലങ്കയുടെ മുന്‍ ഇതിഹാസ പേസര്‍ ലസിത് മലിങ്കയാണെങ്കില്‍ മറ്റൊരാള്‍ അഫ്ഗാനിസ്താന്റെ മുന്‍ സ്പിന്‍ സെന്‍സേഷനായ റാഷിദ് ഖാനാണ്. 2019ല്‍ ന്യൂലിലാന്‍ഡിനെതിരേയും ഇതേ വര്‍ഷം അയര്‍ലാന്‍ഡിനെതിരേയുമാണ് ഇരുവരും ഹാട്രിക്കടക്കം നാലു വിക്കറ്റുകള്‍ കൊയ്തത്.
നെതര്‍ലാന്‍ഡ്‌സിനെതിരായ ക്വാളിഫയറില്‍ 10ാം ഓവറിലായിരുന്നു കാംപെറിന്റെ മാജിക്കല്‍ പ്രകടനം. രണ്ടു വിക്കറ്റിന് 50 റണ്‍സെന്ന മോശമല്ലാത്ത സ്ഥിതിയിലായിരുന്നു അപ്പോള്‍ നെതര്‍ലാന്‍ഡ്‌സ്. കാംപെറിന്റെ ആദ്യ ബോള്‍ വൈഡ്. രണ്ടാമത്തെ ബോളില്‍ റണ്ണൊന്നുമില്ല. മൂന്നാമത്തെ ബോൡ കോളിന്‍ അക്കെര്‍മാനെ അദ്ദേഹം വിക്കറ്റ് കീപ്പര്‍ നീല്‍ റോക്കിന്റെ കൈകളിലത്തിച്ചു. ഡിആര്‍എസിനൊടുവിലായിരുന്നു അംപയര്‍ ഔട്ട് വിളിച്ചത്. തൊട്ടടുത്ത ബോളില്‍ ഡച്ച് ടീമിന്റെ സൂപ്പര്‍ താരങ്ങളിലൊരാളായ റയാന്‍ ടെന്‍ ഡുഷാറ്റെയെ കാംബെര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. ഗോള്‍ഡന്‍ ഡെക്കായാണ് മുന്‍ ഐപിഎല്‍ താരം കൂടിയായ ഡുഷാറ്റെ ക്രീസ് വിട്ടത്.

അടുത്തതാതി ക്രീസിലെത്തിയ സ്‌കോട്ട് എഡ്വാര്‍ഡ്‌സിനെയും വിക്കറ്റിനു മുന്നില്‍ കുരുക്കി കാപെര്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കി. തൊട്ടടുത്ത ബോളില്‍ റോള്‍ഫ് വാന്‍ഡര്‍ മെര്‍വിനെ ബൗള്‍ഡാക്കി കാംപെര്‍ തന്റെ നാലാം വിക്കറ്റും കൈയ്യുകയായിരുന്നു. ഈ ഓവര്‍ കഴിഞ്ഞതോടെ രണ്ടിന് 50 റണ്‍സെന്ന നിലയില്‍ നിന്നും നെതര്‍ലാന്‍ഡ്‌സ് ആറിന് 52 റണ്‍സിലേക്കു കൂപ്പുകുത്തുകയും ചെയ്തു.