T20 World Cup: ഹാര്‍ദിക് തുടരും, ശര്‍ദ്ദുല്‍ വന്നേക്കും- ടീമിനെക്കുറിച്ച് നിര്‍ണായക സൂചനകളുമായി കോലി
ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരേ ഞായറാഴ്ച നടക്കാനിരിക്കുന്ന നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷനെക്കുറിച്ച് നിര്‍ണായക സൂചനകള്‍ നല്‍കിയിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. മല്‍സരത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഫോമില്ലായ്മയും കാരണം വലയുന്ന ഹാര്‍ദിക് പാണ്ഡ്യ ന്യൂസിലാന്‍ഡിനെതിരേയും ടീമില്‍ തുടരുമെന്നാണ് കോലിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന.
സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്കു കിവികളെ തോല്‍പ്പിച്ചേ തീരൂ. ആദ്യ മല്‍സരത്തില്‍ പാകിസ്താനോടു ഇന്ത്യ പത്തു വിക്കറ്റിന്റെ കനത്ത പരാജയമേറ്റു വാങ്ങിയിരുന്നു. ഇന്ത്യക്കു മാത്രമല്ല ന്യൂസിലാന്‍ഡിനും ഞായറാഴ്ചത്ത മല്‍സരം നിര്‍ണായകമാണ്. അവരും ആദ്യ കളിയില്‍ പാകിസ്താനോടു തോറ്റിരുന്നു.

ഹാര്‍ദിക് ഫിറ്റ്, പക്ഷെ ബൗള്‍ ചെയ്യില്ല
ഹാര്‍ദിക് പാണ്ഡ്യ ഫിറ്റ്‌നസ് വീണ്ടെടുത്തതായി കോലി വ്യക്തമാക്കി. പക്ഷെ ന്യൂസിലാന്‍ഡിനെതിരേ ഹാര്‍ദിക് ബൗള്‍ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ആറാം ബൗളര്‍ ആരാവുമെന്നത് വീണ്ടും ചോദ്യചിഹ്നമായിരിക്കുകയാണ്. പാകിസ്താനെതിരായ കളിയില്‍ ആറാം ബൗളറുടെ അഭാവം ഇന്ത്യന്‍ നിരയില്‍ പ്രകടമായിരുന്നു.
ആദ്യ കളിയില്‍ പുറക്കിരിക്കേണ്ടി വന്ന ശര്‍ദ്ദുല്‍ ടാക്കൂര്‍ ന്യൂസിലാന്‍ഡിനെതിരേ തിരിച്ചുവിളിക്കപ്പെട്ടേക്കും. ടീം പ്ലാനില്‍ ശര്‍ദ്ദുലുമുണ്ടെന്നു കോലി വ്യക്തമാക്കി. പക്ഷെ ഏതു റോളാരിയിക്കും നല്‍കുകയെന്നു ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഭുവനേശ്വര്‍ കുമാറിനായിരിക്കും സ്ഥാനം നഷ്ടമാവുക. പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന് തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും അവസരം ലഭിക്കാനിടയില്ല.

ഭുവിയുടെ പ്രകടനം
ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആരെയും പ്രത്യേകം എടുത്തു പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നു കോലി വ്യക്തമാക്കി. ഒരു ബൗളിങ് യൂനിറ്റെന്ന നിലയില്‍ പാകിസ്താനെതിരേ വിക്കറ്റ് വീഴ്ത്തുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ഒരു മല്‍സരത്തില്‍ സംഭവിക്കാവുന്ന കാര്യമാണിത്. എവിടെയാണ് പിഴവ് സംഭവിച്ചതെന്നു ഞങ്ങള്‍ പരിശോധിച്ചിരുന്നു. ഇക്കാര്യത്തില്‍ ഒഴിവുകഴിവുകള്‍ നല്‍കില്ലെന്നും കോലി വ്യക്തമാക്കി.

ആറാം ബൗളര്‍
ആറാം ബൗളര്‍ ബാക്കപ്പായി ഒരാള്‍ ടീമില്‍ വേണമെന്നത് പ്രധാനമാണ്. അത് ചിലപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കാം. ബൗള്‍ ചെയ്യാനുള്ള ഫിറ്റിനസിലേക്കു എത്തിയാല്‍ അവന്‍ ഞങ്ങള്‍ക്കു വേണ്ടി രണ്ടോവര്‍ ബൗള്‍ ചെയ്യും. പാകിസ്താനെതിരായ ആദ്യ കളിയില്‍ ആറാം ബൗളറായി എനിക്കും ബൗള്‍ ചെയ്യാമായിരുന്നു. പക്ഷെ അതിനു പറ്റിയ സാഹചര്യമായിരുന്നില്ല അന്നത്തേത്. ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡില്‍ എക്‌സ്ട്രാ റണ്‍സ് ഇല്ലായിരുന്നുവെന്നും കോലി പറഞ്ഞു.
ടോസ് വളരെ വലിയ ഘടകം തന്നെയാണ്. ഒരു ടീമെന്ന നിലയില്‍ സ്വയം ചാലഞ്ച് ചെയ്യാന്‍ മാത്രമേ ഞങ്ങള്‍ക്കു കഴിയൂ. അതായിരിക്കണം ഞങ്ങളുടെ മനോഭാവം, നന്നായി പെര്‍ഫോം ചെയ്യുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ആദ്യ മല്‍സരം കഴിഞ്ഞ് ഞങ്ങള്‍ക്ക് ഇത് വലിയ ഇടവേളയായിരുന്നു. ഗ്രൗണ്ടില്‍ തിരിച്ചെത്തി തെറ്റുകള്‍ തിരുത്താന്‍ വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും കോലി വിശദമാക്കി.

ഷമിക്കു പിന്തുണ
പാകിസ്താനെതിരായ മല്‍സരത്തിനു ശേഷം സൈബര്‍ ആക്രമണം നേരിട്ട ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കു കോലി പിന്തുണ നല്‍കി. മതത്തിന്റെ പേരില്‍ ഏതെങ്കിലുമൊരാളെ ആക്രമിക്കുന്നത് ദയനീയമാണ്. ഓരോരുത്തര്‍ക്കും തങ്ങളുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ മതം പവിത്രമാണ്, അതു ഒഴിവാക്കണം. ഞങ്ങള്‍ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് അവര്‍ക്കു ഒരു ധാരണയുമില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ബുംറയെക്കൂടാതെ പ്രധാന ബൗളറാണ് ഷമി. വിമര്‍ശിക്കുന്നവര്‍ക്കു വേണ്ടി സമയം കളയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളെല്ലാം ഷമിയോടൊപ്പം നില്‍ക്കുന്നതായും കോലി കൂട്ടിച്ചേര്‍ത്തു.

കോലി നല്‍കിയ സൂചനയില്‍ നിന്നുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications