മുംബൈ: ടി20 ലോകകപ്പ് ഗ്രൂപ്പുഘട്ടം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പില്‍ എത്തിയത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ചിരവൈരികളായ പാകിസ്താനും ഇന്ത്യയും തമ്മില്‍ ഗ്രൂപ്പുഘട്ടത്തില്‍ത്തന്നെ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മികച്ചൊരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഇന്ത്യയും പാകിസ്താനും ലോകകപ്പില്‍ നേരിട്ടപ്പോഴെല്ലാം ജയം ഇന്ത്യക്കായിരുന്നു.
ബാബര്‍ അസാമിന്റെ കീഴിലിറങ്ങുന്ന പാകിസ്താന്‍ നിരക്ക് ഈ ചരിത്രം തിരുത്താനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിരാട് കോലി നയിക്കുന്ന ശക്തമായ ഇന്ത്യന്‍ നിര ഇത്തവണത്തെ ലോകകപ്പിലെ ഫേവറേറ്റുകളാണ്. ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഇന്ത്യയാണ് ഫേവറേറ്റുകളെങ്കിലും രണ്ട് വെല്ലുവിളികള്‍ ഇന്ത്യ മറികടക്കേണ്ടതായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത.
'നിലവിലെ പാകിസ്താന്‍ ടീമിന്റെ പ്രകടനവും ഫോമുമെല്ലാം വിലയിരുത്തുമ്പോള്‍ ഇന്ത്യക്കാണ് അല്‍പ്പം മുന്‍തൂക്കമെന്ന് പറയാം. മറ്റൊരു പ്രധാന കാര്യം യുഎഇയില്‍ ഐപിഎല്‍ കളിച്ച് നേരിട്ടാണ് ഇന്ത്യന്‍ ടീം ലോകകപ്പിനിറങ്ങുന്നത്. ഇത് ഇന്ത്യക്ക് ഗുണവും ദോഷവുമാണ്. യുഎഇയില്‍ കളിച്ചുള്ള പരിചയം ഗുണം ചെയ്യുമ്പോള്‍ എതിരാളികളായാണ് ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ ടീമെന്ന നിലയില്‍ കളിക്കാനുള്ള അവസരം ഐപിഎല്ലിനില്ല. ലോകകപ്പിന് മുമ്പുള്ള ആദ്യ കടമ്പ ടീമെന്ന നിലയില്‍ ഒത്തിണക്കം കൊണ്ടുവരികയാണ്'-ദീപ് ദാസ്ഗുപ്ത പറഞ്ഞു.

ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം ഓരോരോ ഐപിഎല്‍ ടീമുകളിലാണുള്ളത്. രോഹിത് മുംബൈയുടെ നായകനാവുമ്പോള്‍ കോലി ആര്‍സിബിയേയും കെഎല്‍ രാഹുല്‍ പഞ്ചാബിന്റെ നായകനാണ്. ശ്രേയസ് അയ്യര്‍ ഡല്‍ഹിയെ നയിക്കുമ്പോള്‍ റിഷഭ് പന്തും ഇതേ ടീമിലാണ് ഉള്‍പ്പെടുന്നത്. മുംബൈ ഇന്ത്യന്‍സില്‍ ഉള്‍പ്പെടുന്ന സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ജസ്പ്രീത് ബുംറ,ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ടി20 ലോകകപ്പ് ടീമിലേക്ക് സജീവ പരിഗണനയിലുള്ളവരാണ്.
'രണ്ടാമതായി ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളി തുടര്‍ച്ചയായ മത്സരങ്ങളാണ്. ഇംഗ്ലണ്ടില്‍ അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യ ഐപിഎല്‍ രണ്ടാം പാദം കളിക്കാന്‍ പോകും. ഇതിന് ശേഷം രണ്ട് ദിവസത്തെ ഇടവേളയാണ് ടി20 ലോകകപ്പിനുള്ളത്. തുടര്‍ച്ചയായി മത്സരം കളിക്കുന്നത് താരങ്ങളെ ബാധിച്ചേക്കും'-ദീപ് ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ താരങ്ങളെ പരിക്കേല്‍ക്കാതെ ടി20 ലോകകപ്പിലേക്ക് എത്തിക്കുകയെന്നതാണ് പ്രധാന പ്രശ്‌നം. ഇംഗ്ലണ്ടില്‍ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയാണ് കളിക്കുന്നത്. വേഗ പിച്ചില്‍ പരിക്കേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്. ഐപിഎല്ലിനിടെയും പരിക്കേല്‍ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.