അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ സ്‌ക്വാഡ് എങ്ങനെ ആയിരിക്കണണമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. സമാപിച്ച ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ചില അണ്‍ക്യാപ്ഡ് താരങ്ങളെ ടീമില്‍ കാണാനായേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് അടുത്ത ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്.
നിലവിലെ ചാംപ്യന്മാരായ ഇന്ത്യന്‍ ടീം ലോക കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടയാണ് സൂര്യകുമാര്‍ യാദവിനു കീഴില്‍ ടൂര്‍ണമെന്റില്‍ ഇറങ്ങുക. കഴിഞ്ഞ വര്‍ഷം നടന്ന അവസാന എഡിഷനില്‍ സൗത്താഫ്രിക്കയെ ത്രില്ലിങ് ഫൈനലില്‍ വീഴ്ത്തിയാണ് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ വിശ്വവിജയികളായത്.

3 അണ്‍ക്യാപ്ഡ് താരങ്ങള്‍
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു മൂന്നു അണ്‍ക്യാപ്ഡ് യുവതാരങ്ങള്‍ ഇപ്പോള്‍ മല്‍സരംഗത്തുണ്ടെന്നാണ് റോബിന്‍ ഉത്തപ്പയുടെ നിരീക്ഷണം. അവര്‍ ആരൊക്കെയാണന്നു അദ്ദേഹം വിശദീരിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ ഐപിഎല്ലിലെ വണ്ടര്‍കിഡെന്നു വിശേഷിപ്പിക്കപ്പെടുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയെ ടീമില്‍ കാണാനേക്കുമെന്നു ഉത്തപ്പ പറയുന്നു.
കൂടാതെ പഞ്ചാബ് കിങ്‌സിന്റെ വെടിക്കെട്ട് ഓപ്പണര്‍മാരായ പ്രഭ്‌സിമ്രന്‍ സിങ്, പ്രിയാന്‍ഷ്ആര്യ തുടങ്ങിയവരെയും ടീമില്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകകപ്പിലെ ഏറ്റവും ബെസ്റ്റ് ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ ഇനി വരാനിരിക്കുന്ന ടി20 മല്‍സരങ്ങളിലൂടെ ഇന്ത്യ ശ്രമിക്കണമെന്നും ഉത്തപ്പ നിര്‍ദേശിക്കുന്നു.
പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രന്‍ സിങ്, വൈഭവ് സൂര്യവംശി എന്നിവരെല്ലാം തീര്‍ച്ചയായും അടുത്ത ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു മല്‍സരരംഗത്തുണ്ടാവും. ഏറ്റവും മികച്ച 15 പേരെ കണ്ടെത്തുന്നതിനു വേണ്ടി ഇനിയുള്ള ടി20കള്‍ നന്നായി ഉപയോഗിക്കേണ്ടത് ആവശ്യമാണ്. ഇന്ത്യക്കു ഇതിനകം തന്നെ ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരുണ്ട്. ടെസ്റ്റ് താരങ്ങളായ ഇവരെല്ലാം ടി20യിലും തിളങ്ങാന്‍ സാധിക്കുന്നവരാണെന്നും ഉത്തപ്പ വ്യക്തമാക്കി,
നിരവധി താരങ്ങളാണ് ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനു വേണ്ടി പോരടിക്കുന്നത്. വൈസ് ക്യാപ്റ്റന്‍ കൂടിയായ ഗില്ലും ജയ്‌സ്വാളുമായിരിക്കിം ടീമിന്റെ ഓപ്പണിങ് ജോടികളെന്നു ഏറെക്കുറെ ഉറപ്പാണ്.
റെഡ് ബോള്‍ മല്‍സരങ്ങളുടെ തിരക്കുകള്‍ കാരണം അവസാനത്തെ മൂന്നു ടി20 പരമ്പകളിലും ഇവര്‍ക്ക് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ വിശ്രമം നല്‍കിയിരുന്നു. പകരം സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് ടീമിനായി ഓപ്പണിങില്‍ ഇറങ്ങിയത്. മൂന്നു പരമ്പരളിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ ഈ സഖ്യം കാഴ്ചവയ്ക്കുകയും ചെയ്തു.

സഞ്ജു അകത്തോ, പുറത്തോ?
ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമെല്ലാം ഇന്ത്യന്‍ ടി20 ടീമിന്റെ ഓപ്പണിങ് റോളിലേക്കു മടങ്ങിവരാനിരിക്കുകയാണെങ്കിലും സഞ്ജു സാംസണിന്റെ സ്ഥാനം ഭദ്രമാണെന്നാണ് റോബിന്‍ ഉ്ത്തപ്പയുടെ അഭിപ്രായം. സഞ്ജു സാംസണിനെ ലോകകപ്പ് സ്‌ക്വാഡില്‍ നമുക്കു തീര്‍ച്ചയായും കാണാം. ആരൊക്കെയാവും ടീമിലെത്തുകയെന്നു കണ്ടെത്തുക വെല്ലുവിളി തന്നെയാണ്.
ഫിറ്റ്‌നസ് ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുവഹിക്കും. ലോകകപ്പിനു പോവുമ്പോള്‍ പൂര്‍ണമായും ഫിറ്റായിട്ടുള്ള ഒരു സ്‌ക്വാഡിനെ ആയിരിക്കും നിങ്ങളാഗ്രഹിക്കുക. സെലക്ടര്‍മാരും ടീം മാനേജ്‌മെന്റുമെല്ലാം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും ഇതു തന്നെ ആയിരിക്കുമെന്നു തനിക്കുറപ്പുണ്ടെന്നും ഉത്തപ്പ വ്യക്തമാക്കി.