ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് അടുത്ത ഐസിസി ചാലഞ്ച് വരാനിരിക്കുന്നത് 2026ലാണ്. ടി20 ലോകകപ്പിലാണ് ഇന്ത്യ അടുത്തതായി മാറ്റുരയ്ക്കുക. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ കിരീടം കാത്തുസൂക്ഷിക്കുകയെന്ന വലിയ ദൗത്യവുമായിട്ടാണ് അങ്കത്തട്ടിലെത്തുക. പക്ഷെ അതു ഏറെ കടുപ്പം തന്നെയായിരിക്കും.
2024ലെ അവസാനത്തെ എഡിഷനില്‍ സൗത്താഫ്രിക്കയെ ത്രില്ലറില്‍ വീഴ്ത്തിയാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ടി20 ലോകകപ്പില്‍ മുത്തമിട്ടത്. പക്ഷെ അടുത്ത തവണ ടീമിന്റെ അമരത്ത് അദ്ദേഹം കാണില്ല. പകരം ഇന്ത്യയുടെ സ്വന്തം മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കപ്പെടുന്ന സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുക.
ഗൗതം ഗംഭീറിനു കീഴില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഐസിസി ടൂര്‍ണമെന്റ് കൂടിയാണ് അടുത്ത ടി20 ലോകകപ്പ്. ഈ വര്‍ഷം ഇന്ത്യയെ ചാംപ്യന്‍സ് ട്രോഫി വിജയത്തിലേക്കു നയിച്ച അദ്ദേഹം രണ്ടാമത്തെ ഐസിസി കിരീടവുമാവും ടി20 ലോകകപ്പില്‍ ലക്ഷ്യമിടുന്നത്.
സൂര്യയടക്കം ചില താരങ്ങള്‍ അടുത്ത ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമുറപ്പച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പുള്ളവരും സംശയത്തിന്റെ നിഴലിലുള്ളതുമായ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

സീറ്റുറപ്പിച്ചത് ആരെല്ലാം?
ടി20 ലോകകപ്പില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ ഇന്ത്യന്‍ താരങ്ങളിലേക്കു വന്നാല്‍ സ്ഥാനമുറപ്പിച്ച ആദ്യത്തെയാള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെയാണ്. പരിക്കുകള്‍ പോലെ അപ്രതീക്ഷിത വില്ലന്‍മാരൊന്നുമില്ലെങ്കില്‍ സ്‌കൈ തന്നെയാവും ടീമിനെ നയിക്കുക. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ അഗ്നിപരീക്ഷയും ഇതാവും.
ടൂര്‍ണമെന്റില്‍ ഇന്ത്യ ഫ്‌ളോപ്പായാല്‍ അതു സൂര്യയുടെ നായകസ്ഥാനം തന്നെ തെറിക്കാനിടയാക്കിയേക്കും. പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലായിരിക്കും ടീമില്‍ സ്ഥാനമുറപ്പുള്ള രണ്ടാമത്തെയാള്‍.
വൈസ് ക്യാപ്റ്റനും അദ്ദേഹം തന്നെയായിരിക്കും. അടുത്തിടെ ടി20യില്‍ ഇന്ത്യക്കായി ഗില്‍ അധികം കളിച്ചിട്ടില്ലെങ്കിലും ഈ ഫോര്‍മാറ്റിലും താന്‍ അപകരകാരിയാണെന്നു കഴിഞ്ഞ ഐപിഎല്ലില്‍ അദ്ദേഹം കാണിച്ചു തന്നിരുന്നു.
അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍, ഇടംകൈന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്, റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ്, മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയവരാണ് ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമുറപ്പുള്ള മറ്റു കളിക്കാര്‍. ഗൗതം ഗംഭീര്‍ കോച്ചായ ശേഷം ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറായി മാറിയിരിക്കുകയാണ് സഞ്ജു.
അവസാനമായി ഇന്ത്യ കളിച്ച മൂന്നു ടി20 പരമ്പരകളിലും ടീമിനായി ഓപ്പണ്‍ ചെയ്തത് അദ്ദേഹമായിരുന്നു. മൂന്നു സെഞ്ച്വറികളുമായി സഞ്ജു ഈ റോള്‍ ഭംഗിയാക്കുകയും ചെയ്തു. അതിനാല്‍ അസാധാരണമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ലോകകപ്പ് ടീമില്‍ അദ്ദേഹമുണ്ടാവുമെന്നുറപ്പാണ്.

ഇവരുടെ കാര്യം സംശയം
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പില്ലാത്ത കളിക്കാരെയെടുത്താല്‍ അവിടെ പലരെയും നമുക്കു കാണാം. ഓപ്പണിങ് റോളില്‍ ബാക്കപ്പായി മല്‍സരംഗത്തുള്ളയാള്‍ വെടിക്കെട്ട് ബാറ്ററായ അഭിഷേക് ശര്‍മയാണ്. മധ്യനിരയിലേക്കു മല്‍സരരംഗത്തുള്ള താരമാണ് ഓള്‍റൗണ്ടര്‍ തിലക് വര്‍മ.
സമീപകാലത്തു ടി20യില്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹമെങ്കിലും ലോകകപ്പ് സ്‌ക്വാഡില്‍ ഇപ്പോഴും സ്ഥാനമുറപ്പായിട്ടില്ല. ഫിനിഷര്‍ റിങ്കു സിങാണ് ലോകകപ്പില്‍ സ്ഥാനമുറപ്പില്ലാത്ത മറ്റൊരു താരം. കഴിഞ്ഞ ഐപിഎല്ലിലുള്‍പ്പെടെ സമീപകാലത്തൊന്നും അദ്ദേഹം ഫിനിഷിങില്‍ തിളങ്ങിയിട്ടില്ല.
വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ശിവം ദുബെയ്ക്കും ലോകകപ്പില്‍ സ്ഥാനമുറപ്പില്ല. ടൂര്‍ണമെന്റിന മുന്നോടിയായുള്ള പരമ്പരകളിലെ ഫോമായിരിക്കും അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കുക. സ്പിന്നര്‍ രവി ബിഷ്‌നോയിയുടെ ടി20 ലോകകപ്പ് ഭാവിയും തുലാസിലാണ്. പേസ് ജോടികളായ മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ എന്നിവരാണ് ഇന്ത്യന്‍ ടീമിലെ സ്ഥാനം സംശയത്തിലുള്ളവര്‍.